| Tuesday, 7th October 2025, 10:41 pm

ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മുഴുവന്‍ മരുന്നുകള്‍ക്കും സംസ്ഥാനത്ത് നിരോധനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എല്ലാ മരുന്നുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

റെഡ്‌നെസ്‌ക് കമ്പനിയുടെ മരുന്നുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് (ചൊവ്വ) മുതല്‍ സംസ്ഥാനത്ത് ഈ കമ്പനികളുടെ മരുന്നുകള്‍ വിതരണം ചെയ്യുകയോ വില്‍പന നടത്തുകയോ ചെയ്യരുതെന്നാണ് നിര്‍ദേശം.

ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ അറിയിച്ചു. കാഞ്ചിപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോള്‍ നടപടിയെടുക്കാന്‍ തുടങ്ങിയതോടെയാണ് കേരള ആരോഗ്യവകുപ്പും നിയന്ത്രണം കടുപ്പിക്കുന്നത്.

ഇതിനിടെയാണ് റെഡ്നെക്‌സ് നിര്‍മിച്ച റെസ്പിഫ്രഷ് ടിആര്‍ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ഗുജറാത്ത് ഡ്രഗ്സ് കണ്‍ട്രോള്‍ അറിയിച്ചത്. പിന്നാലെ ഈ കമ്പനിയുടെ മരുന്നുകളും സംസ്ഥാനത്ത് നിരോധിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചുമയ്ക്കുള്ള മരുന്നുകള്‍ നല്‍കരുതെന്ന് മന്ത്രി വീണ ജോര്‍ജിന്റെ ഉത്തരവുണ്ടായിരുന്നു.

മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ ഒമ്പത് കുട്ടികളുടെ മരണത്തിനിടയാക്കിയത് വിഷാംശം കലര്‍ന്ന കോള്‍ഡ്രിഫ് എന്ന മരുന്നാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംസ്ഥാന ആരോഗ്യവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കോള്‍ഡ്രിഫ് കഫ് സിറപ്പിന്റെ 170 ബോട്ടിലുകള്‍ കേരളത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സാണ് കോള്‍ഡ്രിഫ് സിറപ്പുകള്‍ നിര്‍മിക്കുന്നത്.

നിലവില്‍ ഈ കമ്പനിയുടെ എല്ലാ മരുന്നുകളും മധ്യപ്രദേശ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ മരിച്ച ഒമ്പത് കുട്ടികളും കോള്‍ഡ്രിഫ് സിറപ്പ് കഴിച്ചിരുന്നു.

ഈ സിറപ്പുകളില്‍ രാസവസ്തുവായ ഡൈഎത്തിലീന്‍ ഗ്ലൈക്കോണ്‍ (DEG) അടങ്ങിയിട്ടുണ്ടെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഒക്ടോബര്‍ നാലിന് മധ്യപ്രദേശ് സര്‍ക്കാരിന് തമിഴ്നാട് ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡയറക്ടര്‍ അയച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Content Highlight: All medicines of Sreesan Pharmaceuticals banned in the state

We use cookies to give you the best possible experience. Learn more