ന്യൂദല്‍ഹി: എല്ലാ മദ്രസകളും സര്‍ക്കാര്‍ വിദ്യാഭ്യാസ ബോര്‍ഡില്‍ രജിസ്ടര്‍ ചെയ്യണമെന്നത് നിര്‍ബന്ധമാക്കിയ ഉത്തരാഖണ്ഡ് സര്‍ക്കാറിന്റെ ബില്ലിനെ അപലപിച്ച് ഇന്ത്യന്‍ പേഴ്‌സണല്‍ ലോ ബോര്‍ഡും പ്രമുഖ മുസ്‌ലിം സംഘടനകളും.
ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ വ്യക്തമായ ലംഘനമാണിതെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്ത് മതപരമായ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നാണ് മദ്രസകള്‍ എന്നും ഇതിന്റെ നടത്തിപ്പ് ഇന്ത്യന്‍ ഭരണഘടന മൗലികാവകാശങ്ങളായി അംഗീകരിച്ചതാണെന്നും ബോര്‍ഡ് ഓര്‍മിപ്പിച്ചു.
ജംഇയ്യത്തുല്‍ ഉലമ ഇ ഹിന്ദ്, ജമാഅത്തെ ഇ ഇസ്‌ലാമി ഹിന്ദ്, മജ്ലിസ് ഇത്തിഹാദ് ഇ മില്ലത്ത്, ജംഇയ്യത്തുല്‍ ഇ ഹദീസ് ഹിന്ദ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന സംഘടനകളുടെ തലവന്മാര്‍ ഒപ്പിട്ട പ്രസ്താവനയില്‍, ഏത് മതപരമായ ഉള്ളടക്കം പഠിപ്പിക്കാമെന്നും പഠിപ്പിക്കരുതെന്നും നിര്‍ണയിക്കാനും പാഠ്യപദ്ധതി നിര്‍ദ്ദേശിക്കാനുമുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന ബില്‍ ഒരു മതേതര രാഷ്ട്രത്തിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും പറഞ്ഞു.
ഭരണഘടന ഉറപ്പുനല്‍കുന്ന മദ്രസകളുടെ സ്വയം ഭരണാവകാശം സംരക്ഷിക്കേണ്ടത് മുഴുവന്‍ മുസ്‌ലിം സമുദായത്തിന്റെയും ഉത്തരവാദിത്തമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
മതസ്വാതന്ത്രം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 25ഉം 26ഉം മതന്യൂനപക്ഷങ്ങള്‍ക്ക് സ്വന്തമായി മത സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നിയന്ത്രിക്കാനുമുള്ള അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 30ഉം ഉദ്ധരിച്ച് കൊണ്ടായിരുന്നു പ്രസ്താവന. ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും സംഘടനകള്‍ വ്യക്തമാക്കി.
Content Highlight: All India Muslim Personal Law Board opposes Uttarakhand Madrasa Bill, says it is an encroachment on the freedom of religion guaranteed by the Constitution