ന്യൂദല്‍ഹി: കൊമേഡിയന്‍ പ്രണിത് മോറിന്റെ ഷോയ്ക്കിടെ പുരുഷ മൃതദേഹത്തെ അവഹേളിച്ച എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയുടെ പരാമര്‍ശങ്ങളെ അപലപിച്ച് ഓള്‍ ഇന്ത്യ മെഡിക്കല്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍.
ഷോയ്ക്കിടെ പുരുഷ മൃതദേഹങ്ങളുടെ ജനനേന്ദ്രിയത്തിന്റെ വലിപ്പം താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് എം.ബി.ബി.എസ് വിദ്യാര്‍ത്ഥി സേജല്‍ പവാര്‍ നടത്തിയ പരാമര്‍ശം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇതോടെയാണ് മെഡിക്കല്‍ അസോസിയേഷന്‍ അപലപിച്ച് പ്രസ്താവനയിറക്കിയത്.
മൃതദേഹം ദാനം ചെയ്തവരെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ അന്തസിനെ ഇത് ഹനിക്കുന്നുവെന്നും അസോസിയേഷന്‍ പറഞ്ഞു.
ഇവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംഭവം വിവാദമായതോടെ സെജന്‍ പവാര്‍ മാപ്പ് പറഞ്ഞ് കൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തു.
എന്നാല്‍ താന്‍ അത്തരമൊരു പരാമര്‍ശം ഉദ്ദേശിച്ചിരുന്നില്ലെന്നും, മൃതദേഹം ദാനം ചെയ്തവരോട് തനിക്ക് വലിയ ബഹുമാനമാണുള്ളതെന്നും അവര്‍ വിശദീകരിച്ചു. താന്‍ ആദ്യമായാണ് ഇത്തരം ഒരു കോമഡി ഷോയില്‍ പങ്കെടുക്കുന്നതെന്നും, ഇതിന്റെ ഗൗരവം അറിഞ്ഞിരുന്നില്ലെന്നുമായിരുന്നും വിദ്യാര്‍ത്ഥിനി വീഡിയോയില്‍ പറയുന്നു.
സംഭവം വിവാദമായതോടെ വിദ്യാര്‍ത്ഥിനി പഠിക്കുന്ന കെ.ഇ.എം ഹോസ്പിറ്റല്‍ അധികൃതര്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. രണ്ട് അംഗങ്ങളുള്ള അന്വേഷണ സമിതിയെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആശുപത്രി ഡീന്‍ അറിയിച്ചു.
അതേ ഷോയില്‍ തന്നെ 370 രൂപയുടെ ബിരിയാണി നല്‍കിയതിന് പകരം ലൈംഗിക സൗകര്യങ്ങള്‍ ലഭിക്കുമെന്ന് മറ്റൊരു വ്യക്തി നടത്തിയ പരാമര്‍ശവും സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
Content Highlight: All India Medical Students Association condemns incident of desecration of dead bodies for study