കോഴിക്കോട്: എല്ലാ തെറ്റായ പ്രവണതകളും പാര്‍ട്ടി തിരുത്തുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വിപുലീകൃത യോഗത്തിന് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എല്ലാ തെറ്റായ പ്രവണതകളെയും തിരുത്തും. സി.പി.ഐ.എമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ ഭാഗമായി നില്‍ക്കുന്ന ഞങ്ങള്‍ക്കെല്ലാം പറ്റിയ തെറ്റുകള്‍ ഫലപ്രദമായി തിരുത്തിക്കൊണ്ട് സി.പി.ഐ.എമ്മിനെ മുന്നോട്ടേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുമെന്ന പ്രതിജ്ഞയാണ് ഈ യോഗത്തില്‍ ഞങ്ങള്‍ക്ക് പറയാനുള്ളത്,’ അദ്ദേഹം പറഞ്ഞു.
ഒരു തെറ്റും അമൂല്യ സമ്പത്തുപോലെ മൂടി വെക്കേണ്ട കാര്യമില്ല. അതെല്ലാം സമ്മതിച്ചുകൊണ്ട് ശരിയായ ദിശാ ബോധത്തോടെ പാര്‍ട്ടിയെ നയിക്കേണ്ട കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ജനങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുമെന്ന പ്രതീക്ഷ പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പാര്‍ട്ടിയുടെ ഭാഗമായി ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തിയ നൂറുകണക്കിന് മനുഷ്യരുടെ ഭൂതകാല അനുഭവങ്ങളില്‍ നിന്ന് ഈ പാര്‍ട്ടിയെ ഇന്ന് മുന്നോട്ടു നയിക്കാനുള്ള ഉശിരുള്ള ഒരു പ്രസ്ഥാനമായി സി.പി.ഐ.എമ്മിനെ ഉയര്‍ത്താന്‍ നിങ്ങളുടെ പിന്തുണയാണ് ഞാന്‍ ഈ സന്ദര്‍ഭത്തില്‍ ആവശ്യപ്പെടുന്നത്.
ഞങ്ങള്‍ വളരെ ഗൗരവപൂര്‍വം സംസ്ഥാന കമ്മിറ്റിയെ പറ്റിയും അതിന്റെ പ്രവര്‍ത്തനത്തെ പറ്റിയുമെല്ലാം പരിശോധിച്ചു.
ആ പരിശോധനയില്‍ ഞങ്ങള്‍ കണ്ടെത്തിയത് ഇടതുപക്ഷത്തിന് വലിയൊരു മഹാ ജനസഞ്ചയം കേരളത്തില്‍ ഉണ്ട്,’ അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ നിന്ന് പി.ജയരാജന്‍, തിരുവനന്തപുരത്ത് നിന്ന് വി.ശിവന്‍കുട്ടി, പാലക്കാട് നിന്ന് എം.ബി രാജേഷ് എന്നിവരാണ് സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചത്.
എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍, ടി.എം തോമസ് ഐസക് എന്നിവരെ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കി. ജോണ്‍ ബ്രിട്ടാസിനെ സെക്രട്ടേറിയറ്റില്‍ കേന്ദ്ര കമ്മിറ്റി ക്ഷണിതാവ് എന്ന നിലയില്‍ ഉള്‍പ്പെടുത്തി.
അതേസമയം സംസ്ഥാന കമ്മിറ്റിയില്‍ ഒന്‍പത് പേര്‍ ക്ഷണിതാക്കളായി ഇടം പിടിച്ചു. ഒ.എസ് അംബിക, പ്രഭാവര്‍മ്മ, സുബൈദ ഇസ്ഹാഖ്, എന്‍.സുകന്യ, എം വിജിന്‍, ജെയ്ക് സി തോമസ്, ആദര്‍ശ് എം സജി, പി.എസ് സഞ്ജീവ്, എം ശിവപ്രസാദ് എന്നിവരാണ് സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാക്കളായി ഇടംപിടിച്ചതെന്ന് റിപ്പോര്‍ട്ട്.
Content Highlights: All errors will be corrected; corrections will be made involving even top leaders: M.V. Govindan.