| Thursday, 2nd April 2026, 8:44 am

വോട്ട് ചോദിക്കാന്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും അവകാശമുണ്ട്; പിഷാരടിയെ ബി.ജെ.പിക്കാര്‍ തടഞ്ഞതിനെതിരെ എന്‍.എം.ആര്‍. റസാഖ്

അനിത സി

പാലക്കാട്: വോട്ട് അഭ്യര്‍ത്ഥനയുമായി എത്തിയ പാലക്കാട് നിയാേജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമേശ് പിഷാരടിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തെ വിമര്‍ശിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എം.ആര്‍. റസാഖ്.

വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കുമുണ്ടെന്നും പാലക്കാട് ഇത്തരത്തിലൊരു സംഭവം പതിവില്ലാത്തതാണെന്നും പിഷാരടിയെ പിന്തുണച്ചുകൊണ്ട് അദ്ദേഹം പ്രതികരിച്ചു.

‘നമ്മള്‍ ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. പ്രത്യേകിച്ച് പാലക്കാടിന്റെ മണ്ണില്‍ ഇങ്ങനെയൊന്നും സംഭവിക്കാറില്ല. പാലക്കാട്ടുകാരുടെ മനസ് അങ്ങനെയുള്ളതല്ല. ഏത് പാര്‍ട്ടിയിലുള്ളവരാണെങ്കിലും ഇത്തരം കാര്യങ്ങള്‍ ചെയ്യാതിരിക്കണം.

ഒരു വ്യക്തി വന്ന് വോട്ട് ചോദിച്ചെന്ന് വെച്ച് ആരുടെയും ആദര്‍ശം മാറിപ്പോവുകയൊന്നുമില്ല. വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കുമുണ്ട്. അവര്‍ വോട്ട് ചോദിക്കട്ടെ,’ എന്‍.എം.ആര്‍ റസാഖ് പറഞ്ഞു. സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കുന്ന പ്രവൃത്തികള്‍ പാടില്ലെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കഴിഞ്ഞദിവസം വടക്കന്തറയില്‍ വോട്ട് ചോദിച്ചെത്തിയ രമേഷ് പിഷാരടിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ബി.ജെ.പി കൗണ്‍സിലര്‍ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് പിഷാരടിയെ തടഞ്ഞത്.

വോട്ട് ചോദിക്കാനുള്ള അവകാശം നിഷേധിച്ചത് ജനാധിപത്യ സംവിധാനത്തിനെതിരായ നടപടിയാണെന്ന് പിഷാരടി പ്രതികരിച്ചിരുന്നു. സഞ്ചാര സ്വാതന്ത്ര്യം ഉള്‍പ്പെടെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു.

വോട്ട് ചോദിക്കാനുള്ള ജനാധിപത്യപരമായ അവകാശമാണ് നിഷേധിച്ചത്. ഇത്തരം ഭീഷണികള്‍ ജനങ്ങള്‍ വിലയിരുത്തട്ടെ. നിയമനടപടിയുമായി പോകാന്‍ ഏതായാലും നിലവില്‍ ഉദ്ദേശിക്കുന്നില്ലെന്നും പിഷാരടി പറഞ്ഞിരുന്നു.

Content Highlight: All candidates have the right to ask for votes; NMR Razack against BJP workers blocking of Ramesh Pisharody

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more