| Monday, 12th May 2025, 1:43 pm

രാജ്യത്തെ അടച്ചിട്ട 32 വിമാനത്താവളങ്ങളും ഉടന്‍ തുറക്കും: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ-പാക് വെടിനിര്‍ത്തലിന് ശേഷം രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ. പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തിനിടെ 32 വിമാനത്താവളങ്ങള്‍ അടച്ചിട്ടിരുന്നു.

32 വിമാനത്താവളങ്ങളിലേയും സിവില്‍ വിമാനപ്രവര്‍ത്തനങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഇന്‍ഡിഗോ അടക്കമുള്ള എയര്‍ലൈനുകള്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും അറിയിച്ചു.

ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനെതിരെ പ്രത്യാക്രമണം നടത്തിയിരുന്നു. ഇതോടെയാണ് വിമാനത്താവളങ്ങള്‍ അടച്ചിടുകയും പാകിസ്ഥാന്‍ വ്യോമപാത അടക്കുകയും ചെയ്തത്.

പിന്നാലെ ഇന്ത്യ-പാക് നയതന്ത്രമുള്‍പ്പെടെ തകരാറിലായിരുന്നു. ഷെല്ലാക്രമണങ്ങള്‍ക്കും വ്യോമാക്രമണത്തിനും പിന്നാലെ മെയ് 11നാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയത്. തുടര്‍ന്ന് ഇന്നലെ (ശനിയാഴ്ച) പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി പൂര്‍ണമായും തുറന്നിരുന്നു.

അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന നീണ്ട രാത്രി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചതെന്നാണ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പറയുന്നത്. അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഇരു രാജ്യങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും ട്രംപ് പ്രതികരിച്ചിരുന്നു. പിന്നാലെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള മൂന്നാം കക്ഷി ഇടപെടലിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാക്കളുള്‍പ്പെടെ രംഗത്തെത്തുകയും ചെയ്തിരുന്നു.

Content Highlight: All 32 closed airports in the country will be reduced soon: Airports Authority of India

We use cookies to give you the best possible experience. Learn more