| Friday, 31st October 2014, 8:51 am

ബാറുകള്‍ സീല്‍ ചെയ്യുന്ന നടപടി പൂര്‍ത്തിയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ സീല്‍ ചെയ്യുന്ന നടപടി പൂര്‍ത്തിയായി. ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകളിലെ സ്റ്റോക്കെടുപ്പ് പൂര്‍ത്തിയാക്കി സീല്‍ ചെയ്തു. രാവിലെ ഏഴ് മണിയോടെയാണ് എക്‌സൈസ് അധികൃതര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകളുടെ പ്രവര്‍ത്തനം റദ്ദ് ചെയ്തുകൊണ്ടുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വിധി വന്നയുടനെ ബാറുടമകള്‍ കോടതിയില്‍ അടിയന്തിര ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഈ ഹര്‍ജി കോടതി തള്ളുകയാണ് ഉണ്ടായത്. അതേസമയം വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ബാറുടമകള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. 250 ബാറുകള്‍ ഇന്നലെ രാത്രി തന്നെ പൂട്ടിയിരുന്നു. 62 ബാറുകള്‍ മാത്രമാണ് ഇനി സംസ്ഥാനത്ത് ഉണ്ടാവുക.

22 ഫൈവ്സ്റ്റാര്‍ ബാറുകളും 32 ഫോര്‍ സ്റ്റാര്‍ ബാറുകളും എട്ട് ഹെറിറ്റേജ് ബാറുകളുമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുക. കഴിഞ്ഞ മാര്‍ച്ചിലാണ് 418 ബാറുകള്‍ അടച്ചിരുന്നത്. ഇതില്‍ ഒന്നിന് ഫോര്‍ സ്റ്റാര്‍ പദവിയുണ്ടായിരുന്നു. സീല്‍ ചെയ്ത ബാറുകളില്‍ മദ്യ ശേഖരം കുറവായിരുന്നു. അവശേഷിക്കുന്ന മദ്യം ബിവറേജസ് കോര്‍പ്പറേഷന് കൈമാറാനാണ് തീരുമാനം. ഇതിനായി അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം ഭാഗികമായി അംഗീകരിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി ഇന്നലെയാണ് വന്നത്. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നും ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ അടച്ചുപൂട്ടണമെന്നുമാണ് കോടതി നിര്‍ദേശിച്ചിരുന്നത്. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്‍കുന്നതായിരുന്നു സര്‍ക്കാറിന്റെ മദ്യനയം. ഇതിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി.

മദ്യനയം സമൂഹ നന്മയ്ക്ക് വേണ്ടിയാണെന്നും യു.ഡി.എഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു സമ്പൂര്‍ണ മദ്യനിരോധനമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഘട്ടം ഘട്ടമായുള്ള മദ്യനിരോധനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ട് നയത്തില്‍ കോടതി ഇടപെടേണ്ടതില്ലെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.

We use cookies to give you the best possible experience. Learn more