| Thursday, 17th July 2025, 8:54 pm

തഗ് ലൈഫില്‍ അഭിനയിച്ചതിന് കൂട്ടുകാര്‍ കുറ്റപ്പെടുത്തുന്നു, എന്തിനാണ് ചെയ്തതെന്ന് ചോദിക്കുകയാണ്: അലി ഫസല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡിലെ മികച്ച നടന്മാരിലൊരാളാണ് അലി ഫസല്‍. ദി അദര്‍ എന്‍ഡ് ഓഫ് ലവ് എന്ന ചിത്രത്തിലൂടെയാണ് അലി സിനിമലോകത്തേക്കെത്തിയത്. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരത്തിന് ബ്രേക്ക് ത്രൂ ലഭിക്കുന്നത് മിര്‍സാപൂര്‍ എന്ന വെബ് സിരീസലൂടെയാണ്. ഗുഡ്ഡു എന്ന കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.

മണിരത്‌നം- കമല്‍ ഹാസന്‍ കോമ്പോയിലൊരുങ്ങിയ തഗ് ലൈഫിലൂടെ തമിഴിലും അലി ഫസല്‍ തന്റെ സാന്നിധ്യമറിയിച്ചു. ദീപക് യാദവ് എന്ന കഥാപാത്രത്തെയാണ് അലി തഗ് ലൈഫില്‍ അവതരിപ്പിച്ചത്. താരത്തിന്റെ കാലിബറിന് ചേരുന്ന വേഷമായിരുന്നില്ല തഗ് ലൈഫില്‍ ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ചെയ്യേണ്ടിയിരുന്നില്ലെന്ന് പലരും തന്നോട് അഭിപ്രായപ്പെട്ടെന്ന് പറയുകയാണ് അലി ഫസല്‍.

എന്തിനാണ് ഈ സിനിമ ചെയ്തതെന്ന് പലരും തന്നോട് പറഞ്ഞെന്നും താരം പറഞ്ഞു. എന്നാല്‍ ആ സിനിമ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും വലിയ വിമര്‍ശനങ്ങളാണ് കേള്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ സംബന്ധിച്ച് തഗ് ലൈഫ് എന്ന ചിത്രം അടഞ്ഞ അദ്ധ്യായമാണെന്നും അലി ഫസല്‍ പറയുന്നു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു താരം.

തഗ് ലൈഫ് എന്ന സിനിമ ചെയ്തതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് ഞാന്‍ കേട്ടുകൊണ്ടിരിക്കുന്നത്. എന്റെ ഏറ്റവുമടുത്ത കൂട്ടുകാരെല്ലാം എന്നെ കുറ്റപ്പെടുത്തുകയാണ്. എന്തിനാണ് ഞാന്‍ ഈ സിനിമ ചെയ്തതെന്നാണ് അവരെല്ലാം ചോദിക്കുന്നത്. മണി സാറിനോടും അദ്ദേഹത്തിന്റെ സിനിമകളിലെ ലോകത്തോടുമുള്ള ആരാധന കൊണ്ടാണ് ഞാന്‍ ആ സിനിമ ചെയ്തത്.

ഇതുവരെ ഞാന്‍ ആ സിനിമ കണ്ടിട്ടില്ല. ബോക്‌സ് ഓഫീസില്‍ വലിയ വിജയമായില്ലെന്നാണ് എന്റെ അറിവ്. എന്തിനാണ് ഈ സിനിമ ചെയ്തതെന്ന് ചോദിക്കുന്നവരോട് എനിക്ക് കുഴപ്പമൊന്നുമില്ല. തഗ് ലൈഫില്‍ അഭിനയിച്ചത് എന്നെ സംബന്ധിച്ച് മികച്ചൊരു അനുഭവമായിരുന്നു. മണി സാറും കമല്‍ സാറും വളരെ സ്‌നേഹത്തോടെയാണ് എന്നെ സ്വീകരിച്ചത്.

സിനിമയിലുള്ള സീനുകളെക്കുറിച്ചും ഇല്ലാത്ത സീനുകളെക്കുറിച്ചും എനിക്ക് ഇപ്പോള്‍ അറിയാം. മണി സാറിന്റേത് വലിയ കാഴ്ചപ്പാടുകളാണ്. അതിനെ ചോദ്യം ചെയ്യാന്‍ എനിക്ക് താത്പര്യമില്ല. ഷൂട്ടിനിടയിലൊക്കെ പല തവണ തിരുത്തിയെഴുതേണ്ടി വന്ന കഥയാണ് ഇത്. ഇനിയും മണി സാറിന്റെ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചാല്‍ ഞാനത് സ്വീകരിക്കും,’ അലി ഫസല്‍ പറഞ്ഞു.

Content Highlight: Ali Fazal saying his friends criticizing him for acted in Thug Life movie

We use cookies to give you the best possible experience. Learn more