| Thursday, 23rd April 2026, 12:27 pm

10ാം കിരീടം ചൂടി മെസിക്കൊപ്പം; ചരിത്രം സൃഷ്ടിച്ച് ബാഴ്‌സയുടെ രാജകുമാരി

Sudev A

2026 സ്പാനിഷ് ലീഗില്‍ കിരീടം ചൂടി ബാഴ്‌സലോണ വിമണ്‍സ് ടീം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എസ്പാനിയോളിനെ പരാജയപ്പെടുത്തിയാണ് കറ്റാലന്‍ പെണ്‍പട ചാമ്പ്യന്മാരായത്. മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സലോണയുടെ വിജയം. ബാഴ്‌സയുടെ തുടര്‍ച്ചയായ ഏഴാം ലീഗ് കിരീട നേട്ടമാണിത്.

മത്സരത്തില്‍ ബാഴ്സലോണയ്ക്ക് വേണ്ടി മാര്‍ട്ടിനെ ഇരട്ട ഗോള്‍ നേടി തിളങ്ങി. കാര്‍ല ജൂലിയ മാര്‍ട്ടിനസ്, കരോലിന്‍ ഗ്രഹാം ഹാന്‍സെന്‍ എന്നിവരാണ് ബാഴ്‌സയുടെ മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍. ലയ ബാലെസ്റ്റെയാണ് എസ്പാനിയോളിന്റെ ഏക ഗോള്‍ നേടിയത്. 26 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ 25 വിജയവുമായാണ് ബാഴ്‌സ കിരീടം കൈപ്പിടിയിലാക്കിയത്. ഒറ്റ മത്സരം പരാജയപ്പെട്ട ബാഴ്‌സ 75 പോയിന്റോടെയാണ് നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള റയലിന് 59 പോയിന്റാണുള്ളത്.

ഈ കിരീടത്തിനൊപ്പം ഒരു പുതിയ നാഴികക്കല്ലാണ് ബാഴ്‌സയുടെ ഇതിഹാസ താരമായ അലക്‌സിയ പുട്ടെല്ലസ് സ്വന്തമാക്കിയത്. ബാഴ്‌സയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടത്തിലേക്ക് സ്പാനിഷ് ഇതിഹാസം നടന്നുകയറിയത്. ബാഴ്‌സക്കൊപ്പമുള്ള പുട്ടെല്ലസിന്റെ പത്താം ലീഗ് കിരീടമാണിത്.

ഇതോടെ പത്ത് തവണ ബാഴ്‌സലോണക്ക് വേണ്ടി ലീഗ് കിരീടം നേടിയ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ റെക്കോഡിനൊപ്പവും പുട്ടെല്ലസ് എത്തിയിരിക്കുകയാണ്. 2012, 2013, 2014, 2019, 2019, 2020, 2021, 2022, 2023, 2024, 2025 എന്നീ വര്‍ഷങ്ങളിലാണ് പുട്ടെല്ലസ് ലീഗ് കിരീടം നേടിയത്. മെസി 2004, 2005, 2008, 2009, 2010, 2012, 2014, 2015, 2017, 2018 എന്നീ സീസണുകളിലും ബാഴ്‌സലോണക്കൊപ്പം ലീഗ് ജേതാവായി.

ബാഴ്‌സലോണക്കായി 232 ഗോളുകളാണ് പുട്ടെല്ലസ് നേടിയിട്ടുള്ളത്. ബാഴ്‌സലോണ വിമണ്‍സ് ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പുട്ടെല്ലസ്. 181 ഗോളുകള്‍ നേടിയിട്ടുള്ള ജെന്നി ഹെര്‍മോസോയെ മറികടന്നാണ് പുട്ടെല്ലസ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.

അതേസമയം ബാഴ്‌സലോണക്കായി നീണ്ട 17 വര്‍ഷക്കാലത്തെ അവിസ്മരണീയമായ ഫുട്‌ബോള്‍ യാത്രയാണ് മെസി നടത്തിയത്. ബാഴ്‌സലോണക്കായി 778 മത്സരങ്ങളില്‍ ബൂട്ട്‌കെട്ടിയ മെസി 672 ഗോളുകളാണ് അടിച്ചുകൂട്ടിയത്. മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന് വേണ്ടിയും താരം ബൂട്ടകെട്ടി. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്.

Content Highlight: Alexia Putellas Create huge record with Barcelona

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more