| Saturday, 2nd August 2025, 8:53 am

ഷേക് ഹാന്‍ഡ് സ്വീകരിക്കാതെ യേശുദാസ് തൊഴുതു; വല്ലായ്മയോടെ തള്ളിനീക്കിയ ആ ദിവസത്തെ കുറിച്ച് അലക്‌സ് പോള്‍

ഹണി ജേക്കബ്ബ്

ആദ്യ സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പര്‍ഹിറ്റുകള്‍. അതും സിനിമയിറങ്ങി രണ്ട് പതിറ്റാണ്ടിന് ശേഷവും റിപ്പീറ്റടിച്ച് സംഗീത പ്രേമികള്‍ കേള്‍ക്കുന്ന പാട്ടുകള്‍. ഒരു സംഗീത സംവിധായകന് അത്ര എളുപ്പം നേടിയെടുക്കാവുന്ന കാര്യങ്ങളല്ലത്. ചതിക്കാത്ത ചന്തു എന്ന ആദ്യ സിനിമയിലെ ഗാനത്തിലൂടെ മലയാളത്തിലെ ഹിറ്റ് മ്യൂസിക് ഡയറക്ടറായി മാറിയ അലക്‌സ് പോളിന് പറയാനുള്ള കഥ ഇങ്ങനെയായിരിക്കും.

ചതിക്കാത്ത ചന്തുവിലേക്ക് സംഗീത സംവിധായകനായി വിളിച്ചപ്പോള്‍ സംവിധായകരായ റാഫിയുടെയും മെക്കാര്‍ട്ടിന്റെയും വീട്ടില്‍ ചെന്ന് ‘ചെയ്ത് തരുന്ന ട്യൂണ്‍ ഏറ്റവും നല്ലതെന്ന് തോന്നിയാല്‍ മാത്രമേ സിനിമയിലെടുക്കാവു. അതിലും നന്നായി മറ്റൊരാള്‍ സംഗീതം ചെയ്യുമെന്ന് തോന്നിയാല്‍ ഒഴിവാക്കാന്‍ ഒട്ടും മടിക്കരുത്’ എന്ന് പറയാന്‍ ചങ്കുറ്റം കാണിച്ചാണ് അലക്‌സ് പോള്‍ ആദ്യ സിനിമയിലേക്ക് ഇന്‍ ആകുന്നത്.

ആ സിനിമ റിലീസായപ്പോള്‍ പലരും ‘ഇത്ര കാലം സംഗീത സംവിധാനം ചെയ്യാതിരുന്നത് എന്താണ്?’ എന്ന് ചോദിച്ചു. ആരും സിനിമക്ക് വേണ്ടി വിളിച്ചില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അലക്‌സ് പോളിന്റെ കരിയറിലെ മറ്റൊരു ഹിറ്റായിരുന്നു മായാവി. ചിത്രത്തിലെ ‘മുറ്റത്തെ മുല്ലേ ചൊല്ല്’ എന്ന പാട്ടിന് ശബ്ദമായത് ഗാനഗന്ധര്‍വന്‍ യേശുദാസാണ്. എന്നാല്‍ യേശുദാസുമായി ഒരു ഗായകന്‍ – സംഗീത സംവിധായകന്‍ എന്നതിനപ്പുറം ഒരു ബന്ധം കൂടിയുണ്ട് അലക്‌സ് പോളിന്.
‘അപ്പന്റെ ട്രൂപ്പിലൂടെയാണു ദാസേട്ടന്‍ ഗാനമേളയില്‍ ചുവടുറപ്പിച്ചത്’. യേശുദാസ് ഇന്നത്തെ ഗാനഗന്ധര്‍വന്‍ ആകുന്നത് അലക്‌സ് പോളിന്റെ അച്ഛന്റെ ട്രൂപ്പിലൂടെയാണ്.

‘എനിക്ക് വേണ്ടി ദാസേട്ടന്‍ ആദ്യമായി പാടാന്‍ വന്നത് മറക്കാനാകാത്ത ഓര്‍മയാണ്. മായാവിയിലെ ‘മുറ്റത്തെ മുല്ലേ ചൊല്ലു’ എന്ന പാട്ട് ചെയ്ത ട്യൂണില്‍ നിന്ന് ഒട്ടും മാറ്റം വരുത്തരുത് എന്ന ഷാഫിയുടെ അഭ്യര്‍ഥന മനസില്‍ വെച്ചാണ് റെക്കോഡിങ്ങിനായി വീട്ടില്‍ നിന്നിറങ്ങുന്നത്,’ അലക്‌സ് പോള്‍ പറഞ്ഞു.

ആദ്യമായി യേശുദാസിന്റെ ഒരു പാട്ട് റെക്കോഡ് ചെയ്യാന്‍ വേണ്ടി പോയപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഒരു ഡയലോഗ് പറഞ്ഞു, ‘പാടാന്‍ വരുന്നത് സംഗീതമാണ്. അതും മനസില്‍ വെക്കണം’ എന്ന്. അത് മനസില്‍ വെച്ച് സ്റ്റുഡിയോയില്‍ എത്തിയ അദ്ദേഹത്തിന് എന്നാല്‍ ഷേക് ഹാന്‍ഡ് നല്‍കാന്‍ കൈ നീട്ടിയത് അവഗണിച്ച് യേശുദാസ് തൊഴുതു. വല്ലായ്മയോട് താന്‍ റെക്കോഡിങ്ങിന് ഇരുന്നത്. എന്നാലും എന്തുകൊണ്ടായിരിക്കും തന്റെ കൈ യേശുദാസ് അവഗണിച്ചതെന്നാകും ആ മനസില്‍…

‘ഒരു സ്വരം പോലും അണുവിട മാറാതെ ദാസേട്ടന്‍ പാടി. കണ്‍സോളിലിരുന്ന് പാട്ട് കേട്ട ശേഷം അദ്ദേഹം ഷേക് ഹാന്‍ഡ് തന്നു, ആ കൈ വിടാതെ മിനിറ്റുകളോളം അപ്പനെ കുറിച്ചുള്ള ഓര്‍മകള്‍ പറഞ്ഞു,’ അലക്‌സ് പോള്‍ റെക്കോഡിങ്ങിന് ശേഷമുള്ള ഓര്‍മകള്‍ പങ്കുവെച്ചു.

Content Highlight: Alex Paul Talks  About  Yesudas

ഹണി ജേക്കബ്ബ്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം

We use cookies to give you the best possible experience. Learn more