‘അപ്പനിങ്ങനെ പണിയില്ലാതെ വീട്ടിലിരിക്കേണ്ട ആളല്ല.’ ആലപ്പുഴ ജിംഖാനയില്‍ നസ്ലെന്‍ അച്ഛനോടു പറയുന്ന ഡയലോഗാണ് ഇത്. സിനിമയില്‍ അച്ഛനായി അഭിനയിച്ചത് മറ്റാരുമല്ല സംഗീതസംവിധായകന്‍ അലക്‌സ് പോളായിരുന്നു.
ഒരു സമയത്ത് ഹിറ്റ് പാട്ടുകള്‍ മാത്രം മലയാള സിനിമക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് അലക്‌സ് പോള്‍. ചതിക്കാത്ത ചന്തുവിലൂടെ കരിയര്‍ തുടങ്ങിയ അദ്ദേഹം അധികം വൈകാതെ തന്നെ മലയാളത്തിലെ തിരക്കുള്ള സംഗീത സംവിധായകനായി. ഷാഫിയുടെ മിക്ക സിനിമകളിലും സംഗീതം ഒരുക്കിയത് അദ്ദേഹമായിരുന്നു. നടനും സംവിധായകനുമായ ലാലിന്റെ സഹോദരന്‍ കൂടിയാണ് അലക്‌സ് പോള്‍. ഇപ്പോള്‍ വനിതയുമായുള്ള അഭിമുഖത്തില്‍ ആലപ്പുഴ ജിംഖാനയിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
‘സംവിധായകന്‍ ഷാഫിക്ക് വേണ്ടി കുറേ സിനിമകളില്‍ സംഗീതം ചെയ്തിട്ടുണ്ട്. ഓരോ സിനിമയിലും ഷാഫി വേഷം കരുതിവെക്കും. അഭിനയിക്കാന്‍ ചെല്ലാതെയാകുമ്പോള്‍ വഴക്കിടും. നിര്‍ബന്ധം സഹിക്കാതെ ഒരിക്കല്‍ തട്ടിവിട്ടു, ‘അഭിനയിക്കാത്തതു വേറൊന്നും കൊണ്ടല്ല, ജ്യേഷ്ഠന്‍ (നടന്‍ ലാല്‍) ഔട്ടായാലോ. എന്ന വിചാരിച്ചിട്ടാണ്’ ആ കോമഡി ഏറ്റു.
ആലപ്പുഴ ജിംഖാനയ്ക്കു വേണ്ടി സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ വിളിച്ചപ്പോഴും താന്‍ ഒഴിവ് കഴിവുകള്‍ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പക്ഷേ, അവര്‍ സമ്മതിച്ചില്ല. ഇതുവരെ 55 സിനിമകള്‍ക്ക് സംഗീതം ചെയ്‌തെങ്കിലും ഈ സിനിമയ്ക്കു ശേഷമാണ് ആളുകള്‍ തിരിച്ചറിഞ്ഞതെന്നും അഭിനയം നന്നായി എന്ന് പറഞ്ഞു ചിലര്‍ അടുത്തു വന്നിരുന്നുവെന്നും അലക്‌സ് പോള്‍ പറഞ്ഞു.
‘ചേട്ടനും പറഞ്ഞു, ‘നീ കലക്കിയല്ലോ’ എന്ന്. പക്ഷേ അഭിനയം ഇഷ്ടപ്പെടാത്ത രണ്ടു പേരുണ്ട്. കുടുംബവും പിന്നെ, ഷാഫിയും. പപ്പ ഇതിലും നന്നായി അഭിനയിക്കുമെന്ന കമന്റോടെ വീട്ടിലെല്ലാവരും കുറ്റം പറഞ്ഞു. ‘എന്റെ സിനിമകളില്‍ വേഷം തന്നിട്ടും ചെയ്യാതെ ഇപ്പോള്‍ വേറേ സിനിമയില്‍ അഭിനയിച്ചില്ലേ.’ എന്നായിരുന്നു ഷാഫിയുടെ ചോദ്യം. അടുത്ത സിനിമയില്‍ ഉറപ്പായും അഭിനയിക്കാം എന്ന് വാക്കു കൊടുത്തെങ്കിലും അതിനുനില്‍ക്കാതെ ഷാഫി പോയി,’ അലക്‌സ് പോള്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Alex paul talks about coming to the Alappuzha Gymkhana movie