| Monday, 2nd October 2023, 3:06 pm

'ലോകത്ത് ആര്‍ക്കും മറികടക്കാന്‍ സാധിക്കാത്ത താരം': ഇതിഹാസത്തെ പ്രശംസിച്ച് അലസാന്‍ഡ്രോ നെസ്റ്റ

സ്പോര്‍ട്സ് ഡെസ്‌ക്

ലയണല്‍ മെസിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ഗോട്ട് എന്ന ചോദ്യത്തിന് വ്യത്യസ്ത പ്രതികരണവുമായി ഇറ്റാലിയന്‍ താരം അലസാന്‍ഡ്രോ നെസ്റ്റ. ഫുട്ബോള്‍ ചരിത്രത്തില്‍ ആര്‍ക്കും മറികടക്കാന്‍ സാധിക്കാത്ത ഫോര്‍വേഡ് താരം ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ ആണെന്നാണ് നെസ്റ്റ പറഞ്ഞത്.

കോപ്പ 90ക്ക് നേരത്തെ നല്‍കിയ അഭിമുഖത്തിലാണ് നെസ്റ്റ ഇക്കാര്യം പങ്കുവെച്ചത്. റൊണാള്‍ഡോ നസാരിയോക്ക് ശേഷം ഹാലണ്ടിനെയാണ് നെസ്റ്റ പ്രശംസിച്ചത്.

‘ഞാന്‍ റൊണാള്‍ഡോ നസാരിയോക്കെതിരെ കളിച്ചിട്ടുണ്ട്. ഇപ്പോഴുള്ള കളിക്കാരെ വെച്ച് നോക്കുമ്പോള്‍ ഹാലണ്ട് മികച്ച കളിക്കാരനാണ്. എന്നാല്‍ റൊണാള്‍ഡോ നസാരിയോയെ മറികടക്കാന്‍ ആര്‍ക്കും സാധിക്കില്ല. അദ്ദേഹം കുറച്ച് വ്യത്യസ്തനായ കളിക്കാരനാണ്. മെസിക്കും ക്രിസ്റ്റ്യാനോക്കുമെതിരെയും ഞാന്‍ കളിച്ചിട്ടുണ്ട്. പക്ഷെ റൊണാള്‍ഡോ മറ്റാരെക്കാളും വ്യത്യസ്തനായ കളിക്കാരനാണ്,’ നെസ്റ്റ പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ റൊണാള്‍ഡോ നസാരിയോ ആണെന്ന് നേരത്തെ റൊണാള്‍ഡീഞ്ഞോയും പറഞ്ഞിരുന്നു. കാല്‍പന്ത് കളിയില്‍ പുതിയ ശൈലി കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും താന്‍ റൊണാള്‍ഡോയെ മാതൃകയാക്കിയിട്ടുണ്ടെന്നും റൊണാള്‍ഡീഞ്ഞോ പറഞ്ഞു. ആര്‍.എം.സി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഫുട്‌ബോളില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച താരം റൊണാള്‍ഡോ നസാരിയോ ആണ്. അദ്ദേഹം ഫുട്‌ബോളിനെ തന്നെ മാറ്റി മറിച്ചു. അദ്ദേഹത്തിന്റെ വേഗതയും കരുത്തും ടെക്‌നിക്കുകളും ശ്രദ്ധേയമാണ്. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കൊരുമിച്ച് കളിക്കാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്,’ റൊണാള്‍ഡീഞ്ഞോ പറഞ്ഞു.

Content Highlights: Alessandro Nesta praises Ronaldo Nazario

Latest Stories

We use cookies to give you the best possible experience. Learn more