സൗദി പ്രോ ലീഗ് സൂപ്പര്‍ ടീമായ അല്‍ നസറിലേക്കുള്ള ക്ഷണം നിരസിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം അലഹാന്‍ഡ്രോ ഗര്‍ണാച്ചോ. യൂറോപ്പില്‍ തന്നെ തുടരാന്‍ വേണ്ടിയാണ് ഗര്‍ണാച്ചോ സൗദി വമ്പന്‍മാരുടെ ഓഫര്‍ നിരസിച്ചിരിക്കുന്നത്.
ദി ടെലിഗ്രാഫിലെ മൈക്ക് മഗ്രാത്താണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അല്‍ അലാമിയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അല്‍ നസറിലേക്ക് മാറേണ്ടതില്ല എന്ന് ക്രിസ്റ്റ്യാനോയുടെ ഏറ്റവും വലിയ ആരാധകന്‍ കൂടിയായ ഗര്‍ണാച്ചോ തീരുമാനിക്കുകയായിരുന്നു.
അതേസമയം, നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും ഗര്‍ണാച്ചോയ്ക്ക് കാര്യമായ റോള്‍ ഒന്നും തന്നെയില്ല. ദി നെക്‌സ്റ്റ് ബിഗ് തിങ് എന്ന് പലരും വിശേഷിപ്പിച്ച താരത്തിന് ആ വിശേഷണത്തോട് നീതി പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല.
കഴിഞ്ഞ സീസണില്‍ കളത്തിലിറങ്ങിയ 58 മത്സരത്തില്‍ നിന്നും 11 ഗോളും പത്ത് അസിസ്റ്റുമാണ് താരത്തിന് നേടാന്‍ സാധിച്ചത്.
ടോട്ടന്‍ഹാം ഹോട്‌സ്പറിനെതിരായ യുവേഫ യൂറോപ്പ ലീഗ് കലാശപ്പോരാട്ടത്തിന്റെ സ്റ്റാര്‍ട്ടിങ് ഇലവനിലും ഗര്‍ണാച്ചോയ്ക്ക് ഇടമുണ്ടായിരുന്നില്ല. ഇതിന് പിന്നാലെ പരിശീലകന്‍ റൂബന്‍ അമോരിമിനെ വിമര്‍ശിച്ച് ഗര്‍ണാച്ചോയും സഹോദരനും രംഗത്തെത്തിയിരുന്നു. ഇതോടെ അടുത്ത സീസണില്‍ പുതിയ ക്ലബ്ബ് കണ്ടെത്താന്‍ അമോരിം ഗര്‍ണാച്ചോയോട് ആവശ്യപ്പെട്ടിരുന്നു.
2028 വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ഗര്‍ണാച്ചോയ്ക്ക് കരാറുണ്ടെങ്കിലും ഈ സമ്മറോടെ താരം ഓള്‍ഡ് ട്രാഫോര്‍ഡ് വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 50 മില്യണിനും 60 മില്യണിനും ഇടയിലുള്ള ട്രാന്‍സ്ഫര്‍ ഫീയാണ് ഗര്‍ണാച്ചോയുടെ റിലീസിനായി യുണൈറ്റഡ് ആവശ്യപ്പെടുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തന്റെ ഫുട്‌ബോള്‍ ഐഡലായ റൊണാള്‍ഡോയ്‌ക്കൊപ്പം പന്ത് തട്ടാനുള്ള അവസരമാണ് ഇതിന് പിന്നാലെ ഗര്‍ണാച്ചോയെ തേടിയെത്തിയത്. എന്നാല്‍ യൂറോപ്പ് വിടാന്‍ താരം വിമുഖത കാണിക്കുകയായിരുന്നു. ചെല്‍സി, ആസ്റ്റണ്‍ വില്ല, നാപ്പോളി ക്ലബ്ബുകള്‍ താരത്തിനായി ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും ഈയിടെ പുറത്തുവന്നിരുന്നു.
ഗര്‍ണാച്ചോയ്ക്ക് ഒരിക്കലും റൊണാള്‍ഡോയെ പോലെയാകാന്‍ സാധിക്കില്ല: പോള്‍ പാര്‍ക്കര്‍
ചെല്‍സി ഒരിക്കലും അലഹാന്‍ഡ്രോ ഗര്‍ണാച്ചോയെ സ്വന്തമാക്കാന്‍ ശ്രമിക്കരുതെന്ന് ഫുട്ബോള്‍ പണ്ഡിറ്റ് പോള്‍ പാര്‍ക്കര്‍ പറഞ്ഞിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വലിയ ആരാധകനായ ഗര്‍ണാച്ചോയ്ക്ക് ഒരിക്കലും അദ്ദേഹത്തെ പോലെ കഠിനാധ്വാനം ചെയ്യാന്‍ താത്പര്യമില്ല എന്നും ബ്ലൂസ് ഒരിക്കലും അവനെ സ്വന്തമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വെറ്റബേസിസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍ക്കര്‍ ഇക്കാര്യം പറഞ്ഞത്.
ചെല്‍സി ഗര്‍ണാച്ചോയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു എന്നത് വെറുമൊരു അഭ്യൂഹം മാത്രമായിരിക്കാമെന്നും പെന്‍ഷനേഴ്സ് ഇതിന് മുതിരില്ല എന്നും പാര്‍ക്കര്‍ വിശ്വസിക്കുന്നു.
‘ഗര്‍ണാച്ചോ തീര്‍ച്ചയായും പോയേ മതിയാകൂ. അല്ലാതെ മറ്റൊന്നും തന്നെയില്ല. അവന് അത്തരത്തിലുള്ള ഒരു മെന്റാലിറ്റിയുമില്ല. കൂടാതെ അവന് കഠിനാധ്വാനം ചെയ്യാനും താത്പര്യമില്ല. അവന്‍ മാറുമെന്നും ഞാന്‍ കരുതുന്നില്ല.
ഇത് തീര്‍ത്തും അവിശ്വസനീയമാണ്, കാരണം തന്റെ ആരാധനാപാത്രമായ ക്രിസ്റ്റ്യാനോയുടെ കടകവിരുദ്ധമാണ് ഗര്‍ണാച്ചോ. റൊണാള്‍ഡോ ഏറെ കഠിനാധ്വാനിയാണ്. റൊണാള്‍ഡോ ശരിക്കും അവന്റെ ആരാധനാപാത്രമാണെങ്കില്‍ തീര്‍ച്ചയായും അതില്‍ നിന്ന് എന്തെങ്കിലും പഠിക്കാന്‍ ശ്രമിക്കണം.
ചെല്‍സിക്ക് അവനെ സ്വന്തമാക്കണമെന്നുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. തുറന്നുപറയട്ടെ, ഇത് ചെല്‍സിയെ സംബന്ധിച്ചും അവനെ സംബന്ധിച്ചും തീര്‍ത്തും മോശം തീരുമാനമായിരിക്കും. നിലവിലെ സാഹചര്യത്തില്‍ നിന്നും അവന്‍ മാറണമെന്നാണ് എനിക്ക് തോന്നുന്നത്, മറ്റേതെങ്കിലും രാജ്യത്തേക്ക് മാറിയാല്‍ അത് അവന് ഗുണമാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ പാര്‍ക്കര്‍ പറഞ്ഞു.
Content Highlight: Alejandro Garnacho rejects Al Nassr’s offer