| Sunday, 1st November 2026, 10:41 am

അല്‍ബേനിയയിലും ജര്‍മനിയിലും ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തമാവുന്നു; വാരാന്ത്യ പ്രതിഷേധങ്ങളില്‍ പതിനായിരങ്ങള്‍ പങ്കാളികളായി

റെന്വര്‍ പി

ബെര്‍ലിന്‍: യൂറോപ്പില്‍ ഫ്രാന്‍സിന് പുറമെ അല്‍ബേനിയയിലും ജര്‍മനിയിലും ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തമാവുന്നു. ഇന്നലെയും (ഒക്ടോബര്‍ 31, ശനി) ഇരു രാജ്യങ്ങളിലും വാരാന്ത്യ പ്രതിഷേധങ്ങളില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജെയേഡ് കുഷ്‌നര്‍ സംരക്ഷിത പ്രകൃതി മേഖലയില്‍ ആഡംബര ഹോട്ടല്‍ ആരംഭിക്കുന്നതിനെതിരെ ഈ വര്‍ഷം മേയിലാണ് അല്‍ബേനിയയില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. ആഡംബര ഹോട്ടലിനെതിരെ ആരംഭിച്ച പ്രാദേശിക പ്രതിഷേധത്തിന് പിന്നാലെ ആരോഗ്യരംഗത്തെ പോരായ്മകള്‍ക്കും യുവാക്കളുടെ തൊഴിലവസരം ഇല്ലാത്തതും അടക്കമുള്ള വിഷയങ്ങളിലും രാജ്യത്ത് പ്രതിഷേധങ്ങള്‍ ആരംഭിക്കുകയായിരുന്നു.

ശനിയാഴ്ച അല്‍ബേനിയന്‍ തലസ്ഥാനം ടിരാനയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നില്‍ പ്രതിഷേധക്കാര്‍ ഒത്തുചേര്‍ന്നു. പ്രതിഷേധം സമാധാനപരമായാണ് തുടങ്ങിയത്. എന്നാല്‍ പിന്നീട് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

അല്‍ബേനിയന്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത 18 വയസ്സില്‍ താഴെയുള്ള 269 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അക്രമങ്ങള്‍ നടത്തിയെന്ന കേസുകള്‍ക്ക് 5,500 യൂറോ വരെ പിഴ ചുമത്തിക്കൊണ്ട്, പ്രതിഷേധങ്ങള്‍ക്കെതിരായ നടപടികള്‍ സര്‍ക്കാര്‍ ബുധനാഴ്ച കര്‍ശനമാക്കിയിരുന്നു.

ജര്‍മ്മനിയില്‍ ജീവിതച്ചെലവ് വര്‍ധനവിനെതിരായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഹാലോവീന്‍ ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച ജര്‍മ്മനിയിലെ വിവിധ നഗരങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.

‘ജെന്‍ സീ റെഗല്‍റ്റ്’ എന്ന് പേരിട്ടിരിക്കുന്ന, യുവാക്കളുടെ നേതൃത്വത്തിലുള്ള പുതിയ ജര്‍മ്മന്‍ പ്രസ്ഥാനമാണ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഉയര്‍ന്ന ജീവിതച്ചെലവ്, സ്‌കൂളുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും ആവശ്യമായ ഫണ്ട് ലഭിക്കാത്ത സാഹചര്യം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, നിര്‍ബന്ധിത സൈനിക സേവനം വീണ്ടും കൊണ്ടുവരാനുള്ള സാധ്യത എന്നിവയ്ക്കെതിരെയാണ് പ്രതിഷേധം. ബെര്‍ലിന്‍, ഫ്രാങ്ക്ഫര്‍ട്ട്, കൊളോണ്‍, മ്യൂണിക്ക് തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഇന്നലെ (ഒക്ടോബര്‍ 31, ശനി) പ്രതിഷേധങ്ങള്‍ നടന്നു.

ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ പ്രതിഷേധം സമാധാനപരമായിരുന്നു. കൊളോണിലും ഹാംബര്‍ഗിലും പൊലീസും കലാപ നിയന്ത്രണ സേനയും ജലപീരങ്കി പ്രയോഗിച്ചു. നഗരമധ്യത്തില്‍ നടന്ന മാര്‍ച്ചിനിടെ ചില പ്രതിഷേധക്കാര്‍ പടക്കങ്ങള്‍ പൊട്ടിച്ചതിനെത്തുടര്‍ന്നാണ് ജലപീരങ്കി ഉപയോഗിച്ചതെന്ന് കൊളോണ്‍ പോലീസ് പറയുന്നു.

പ്രതിഷേധത്തിലേക്ക് കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാനും ശ്രദ്ധ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് ഹാലോവീന്‍ ദിനത്തില്‍ ഈ വലിയ പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്തത്. ശനിയാഴ്ച ജര്‍മ്മനിയിലുടനീളം നടന്ന പ്രതിഷേധങ്ങളില്‍ 1,20,000 ആളുകള്‍ പങ്കെടുത്തതായാണ് യുവജന സംഘടനകള്‍ അറിയിച്ചത്.

‘ഞങ്ങളുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങള്‍ ഞങ്ങളുടെ പങ്കാളിത്തമില്ലാതെ എടുക്കുന്നത് കണ്ടുനില്‍ക്കാന്‍ ഇനി ഞങ്ങള്‍ തയ്യാറല്ല,’ എന്ന് ജെന്‍ സീ റെഗല്‍റ്റ് പ്രസ്ഥാനം അവരുടെ വെബ്സൈറ്റില്‍ പറയുന്നു. സമാധാനപരമായി പ്രതിഷേധിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും, ഹാലോവീന്‍ വേഷഭൂഷാദികള്‍ ധരിച്ചാലും മുഖം മറയ്ക്കരുതെന്ന് പങ്കെടുത്തവരോട് സംഘാടകര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Albania and Germany-Protest Updates

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more