നാടകനടനായ ചവറ വി.പി.നായരുടെ മൂന്ന് പെൺമക്കളിൽ മൂത്തയാളാണ് കലാരഞ്ജിനി. 1978-ൽ പുറത്തിറങ്ങിയ മദനോത്സവം എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. അന്തരിച്ച പ്രശസ്ത നടി കൽപ്പനയുടെയും തെന്നിന്ത്യൻ മഹാനടി ഉർവശിയുടെയും മൂത്ത സഹോദരിയായ കലാരഞ്ജിനി, പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമായി. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും കുടുംബസദസുകൾക്ക് പ്രിയങ്കരമായ ടെലിവിഷൻ പരമ്പരകളിലൂടെയും ഇവർ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചു.
കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ ചിത്രങ്ങളിലെ കലാരഞ്ജിനിയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. വനിതക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതവിശേഷങ്ങൾ പങ്കുവെക്കുകയാണ് നടി.
കലാരഞ്ജിനി. Photo: Screen grab/ Youtube
കൽപ്പന, കലാരഞ്ജിനി, ഉർവശി എന്നീ സഹോദരിമാർ സിനിമയിൽ സജീവമായി നിന്ന കാലത്ത്, ഗോസിപ്പുകളെ ഭയന്നിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് കലാരഞ്ജിനി.
‘ഗോസിപ്പുകളെ അങ്ങനെ ഭയന്നിട്ടൊന്നും ഉണ്ടായിരുന്നില്ല. നമ്മൾ മുഖത്തുനോക്കി സംസാരിക്കുന്നത് വരെ അത്തരം ആളുകൾ മാറുകയില്ല. നമ്മൾ നാണിച്ച് മുഖം താഴ്ത്തുമ്പോഴാണ് അവരുടെ സ്വഭാവം മാറുന്നത്. ഇത് ഞങ്ങളുടെ അച്ഛനും അമ്മയും പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. പറയാനുള്ള കാര്യങ്ങൾ മുഖത്തുനോക്കിത്തന്നെ സംസാരിക്കാനാണ് അവർ പറഞ്ഞത്. നമ്മൾ മാറുമ്പോഴാണ് അവിടെ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നത്,’ നടി പറഞ്ഞു.
ഇന്നത്തെ കാലത്ത് ഗോസിപ്പുകൾക്ക് പകരം സോഷ്യൽ മീഡിയ വഴിയുള്ള വ്യക്തിഹത്യകളാണ് കൂടുതലുമുള്ളതെന്നും, ഇത് കലാകാരന്മാരെ ഏറെ വേദനിപ്പിക്കാറുണ്ടെന്നും അതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് കലാരഞ്ജിനിയുടെ മറുപടി ഇങ്ങനെയായിരുന്നു.
‘എനിക്ക് അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടില്ല, പക്ഷെ എന്റെ സഹപ്രവർത്തകർക്ക് ഉണ്ടായിട്ടുണ്ട്. അത്തരം പ്രവർത്തികളിൽ സന്തോഷം കണ്ടെത്തുന്ന ചില ശൂദ്രജീവികളുണ്ട്. അതിലൂടെ അവർ ഒരു ആനന്ദം കണ്ടെത്തുന്നു, അതിനെ നമുക്ക് മാറ്റാൻ കഴിയില്ല. എന്റെ പ്രായത്തിലുള്ള ആളുകളോട് അത്തരത്തിൽ ചെയ്യുന്നത് കുറവാണ്. എന്നാൽ ചെറുപ്പക്കാരായ പിള്ളേരെ ഒരുപാട് പേർ പിന്തുടർന്ന് ക്രൂശിക്കാറുണ്ട്.
കലാരഞ്ജിനി. Photo: Screen grab/ Youtube
നമ്മൾ എത്ര നന്നായി നടന്നാലും അങ്ങനെ തന്നെയാണ്. അതൊക്കെ സത്യം പറഞ്ഞാൽ ക്രൂരതയാണ്. ഏതു സമയത്തും മൊബൈൽ ക്യാമറയും തുറന്ന് കാത്തിരിക്കുകയാണ്, എന്ത്, എങ്ങനെ കിട്ടും എന്ന് നോക്കി. എന്നിട്ട് അതിന് പലതരം ക്യാപ്ഷനും കൊടുക്കുന്നു. എല്ലാവരെയും സഹോദരിമാരായി കണ്ടില്ലെങ്കിലും മനുഷ്യരായി കാണാൻ ശ്രമിക്കുക,’ കലാരഞ്ജിനി പറഞ്ഞു.