| Monday, 29th April 2019, 10:46 am

കുഞ്ഞിനെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ച് ; കുഞ്ഞ് കരഞ്ഞപ്പോള്‍ പെട്ടന്ന് ഉണ്ടായ ദേഷ്യം കൊണ്ടുള്ള അബന്ധമെന്നും അമ്മയുടെ മൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ : പട്ടണക്കാട്ട് പതിനഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചെന്ന് അമ്മയുടെ മൊഴി. കുഞ്ഞ് കരഞ്ഞപ്പോള്‍ പെട്ടന്നുണ്ടായ ദേഷ്യത്തിലാണ് ഇങ്ങിനെ ചെയ്തതെന്നും കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അമ്മ ആതിര പൊലീസിനോട് പറഞ്ഞു.

അബന്ധം പറ്റിപോയതാണെന്നും ആതിര പൊലീസിനോട് പറഞ്ഞു. എന്നാല്‍ മൊഴി പൂര്‍ണമായി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാകുകയുള്ളെന്നും പൊലീസ് പറഞ്ഞു.

കൊലപാതകത്തില്‍ മറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നോവെന്ന് പരിശോധിക്കുമെന്ന് ആലപ്പുഴ എ.എസ്.പി ആര്‍ വിശ്വനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

കുഞ്ഞിനെ പതിവായി അമ്മ ഉപദ്രവിക്കാറുണ്ടെന്നും മുന്‍പൊരിക്കല്‍ ഇതുമായി ബന്ധപ്പെട്ട് താന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെന്നും കുഞ്ഞിന്റെ മുത്തശ്ശി നേരത്തെ മൊഴി നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്നു കുട്ടിയുടെ മരണം കൊലപാതകമാണെന്ന സംശയം ശക്തമായിരുന്നു. തുടര്‍ന്നാണ് കുഞ്ഞിന്റെ അമ്മ കുറ്റം സമ്മതിച്ചത്. ചോദ്യം ചെയ്യുന്നതിനായി അമ്മ ആതിരയെയും അച്ഛന്‍ ഷാരോണിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കുട്ടിയുടെ മുത്തശ്ശനെയും പൊലീസ് ചോദ്യംചെയ്യും. നാലുമാസം മുന്‍പ് ഭാര്യയുടെ അമ്മയെ മര്‍ദിച്ചതിന്റെ പേരില്‍ ഷാരോണിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ശ്വാസംമുട്ടിയായിരുന്നു മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.  കഴിഞ്ഞ ദിവസമാണ്  പുതിയകാവ് കൊല്ലംപള്ളി കോളനിയില്‍ കുട്ടിയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് കുഞ്ഞിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചുണ്ടില്‍ ചെറിയൊരു മുറിവ് മാറ്റിനിര്‍ത്തിയാല്‍ പ്രാഥമിക പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായ മുറിവുകളോ പാടുകളോ ഒന്നും ഉണ്ടായിരുന്നില്ല.

അസ്വാഭാവിക മരണത്തിന് കേസെടുത്തശേഷം മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more