വനിതാ ഏകദിനത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ വമ്പന്‍ വിജയവുമായി ഓസ്‌ട്രേലിയ. ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റാനാണ് ഓസീസ് വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ് സൗത്ത് ആഫ്രിക്ക 24 ഓവറില്‍ 97 റണ്‍സിന് പുറത്താകുകയായിരുന്നു.
മറുപടി ബാറ്റിങ്ങില്‍ 16.5 ഓവറില്‍ ഓസ്‌ട്രേലിയ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. മത്സരത്തില്‍ ഓസീസ് ബൗളര്‍ അലനാ കിങ്ങിന്റെ വമ്പന്‍ പ്രകടനത്തിലാണ് പ്രോട്ടിയാസ് വനിതകള്‍ അടിതെറ്റി വീണത്. ഏഴ് ഓവര്‍ എറിഞ്ഞ് വെറും 18 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. രണ്ട് മെയ്ഡന്‍ ഓവറുകളും താരം നേടിയിരുന്നു.
മത്സരത്തിലെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന് വമ്പന്‍ റെക്കോഡ് നേടാനും കിങ്ങിന് സാധിച്ചു. വനിതാ ഏകദിന ലോകകപ്പിലെ ഏറ്റവും മികച്ച ബൗളിങ് ഫിഗറാകാനാണ് താരത്തിന് കഴിഞ്ഞത്. മുന്‍ ന്യൂസിലാന്‍ഡ് താരം ജാക്കീ ലോഡിനെ മറികടന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. 1982ല്‍ ഇന്ത്യക്കെതിരെ ലോഡ് നേടിയ റെക്കോഡാണ് കിങ് മറികടന്നത്. മാത്രമല്ല വര്‍ഷങ്ങള്‍ പഴക്കമുള്ള റെക്കോഡ് തരുത്തിയ ലെഗ് സ്പിന്നര്‍ ആരാധകരുടെ മനസില്‍ ഇടം നേടിക്കഴിഞ്ഞു.
അലനാ കിങ് (ഓസ്‌ട്രേലിയ) – 7/18 VS സൗത്ത് ആഫ്രിക്ക (2025)
ജാക്വലൈന്‍ ലോഡ് (ന്യൂസിലാന്‍ഡ്) – 6/10 VS ഇന്ത്യ (1982)
ഗ്ലെനി പേജ് (ഓസ്‌ട്രേലിയ) – 6/20 VS ട്രിനിഡാഡ് എന്‍ ടൊബാഗോ നാഷണല്‍ ടീം (1973)
ഓസീസിന് വേണ്ടി 46 ഏകദിന മത്സരങ്ങളാണ് അലന്‍ കിങ് കളിച്ചത്. 29 മെയ്ഡന്‍ ഓവറുകള്‍ ഉള്‍പ്പെടെ 72 വിക്കറ്റുകളാണ് ഇതുവരെ അലനാ കിങ് നേടിയത്. 18.31 എന്ന മികച്ച ആവറേജും ബൗളിങ്ങില്‍ താരത്തിനുണ്ട്.
അതേസമയം മത്സരത്തില്‍ താരത്തിന് പുറമെ മെഗന്‍ ഷട്ട്, കിം ഗ്രാത്, ആഷ്‌ളി ഗാര്‍ഡണര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
ബാറ്റിങ്ങില്‍ ഓസീസിന് വേണ്ടി മികവ് പുലര്‍ത്തിയത് 42 റണ്‍സ് നേടിയ ബെത് മൂണിയാണ്. ജോര്‍ജിയ വോള്‍ 38* റണ്‍സും നേടി. സൗത്ത് ആഫ്രിക്കക്കായി ക്യാപ്റ്റന്‍ അലന്‍ വോള്‍വാട്ട് 31 റണ്‍സും സിനാലോ ജാഫ്ത 29 റണ്‍സും നേടി. നിലവില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ആറ് വിജയവുമായി ഒന്നാം സ്ഥാനത്താണ് ഓസ്‌ട്രേലിയ.
Content Highlight: Alana King In Big Record Achievement In Women’s ODI World Cup