| Monday, 3rd February 2025, 3:07 pm

ഞാന്‍ എന്റെ ജീവിതത്തില്‍ അടിച്ച സിക്‌സറിനേക്കാള്‍ കൂടുതല്‍ അവന്‍ രണ്ട് മണിക്കൂറില്‍ അടിച്ചു; അഭിഷേകിനെ പുകഴ്ത്തി കുക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ വിജയിച്ച് ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കിയിരുന്നു. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 150 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

സൂപ്പര്‍ താരം അഭിഷേക് ശര്‍മയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. 54 പന്ത് നേരിട്ട താരം 250.00 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റില്‍ 135 റണ്‍സാണ് അടിച്ചെടുത്തത്. 13 സിക്‌സറും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഇപ്പോള്‍ അഭിഷേക് ശര്‍മയുടെ പ്രകടനത്തെ പുകഴ്ത്തുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനും ഇംഗ്ലീഷ് ലെജന്‍ഡുമായ സര്‍ അലസ്റ്റര്‍ കുക്ക്. താന്‍ ജീവിതത്തില്‍ നേടിയതിനേക്കാള്‍ സിക്‌സറുകള്‍ അഭിഷേക് രണ്ട് മണിക്കൂറില്‍ സ്വന്തമാക്കിയെന്നാണ് കുക്ക് പറഞ്ഞത്. ആരാധകര്‍ക്കിടയില്‍ കുക്കിന്റെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്.

ഇംഗ്ലണ്ട് കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്ററായ കുക്ക് 161 അന്താരാഷ്ട്ര റെഡ് ബോള്‍ മത്സരങ്ങളില്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ചിരുന്നു. ഈ മത്സരങ്ങളില്‍ നിന്നും ആകെ 11 തവണ മാത്രമാണ് കുക്ക് സിക്‌സര്‍ നേടിയത്.

ഇംഗ്ലണ്ടിനായി കളത്തിലിറങ്ങിയ 92 ഏകദിനത്തില്‍ നിന്നും പത്ത് സിക്‌സറും താരം സ്വന്തമാക്കി. അന്താരാഷ്ട്ര കരിയറില്‍ വെറും നാല് ടി-20 മത്സരങ്ങളാണ് താരം കളിച്ചത്. ഇതില്‍ ഒറ്റ സിക്‌സര്‍ പോലും താരം നേടിയിട്ടില്ല.

ഇംഗ്ലണ്ടിനെതിരെ പറത്തിയ 13 സിക്‌സറുകള്‍ താരത്തിന് ഒരു പുത്തന്‍ റെക്കോഡും സമ്മാനിച്ചിരുന്നു. ഒരു ടി-20ഐ ഇന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ശര്‍മ സ്വന്തമാക്കിയത്.

ഒരു ടി-20ഐ ഇന്നിങ്സില്‍ ഏറ്റവുമധികം സിക്സര്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – എതിരാളികള്‍ – സിക്സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

അഭിഷേക് ശര്‍മ – ഇംഗ്ലണ്ട് – 13 – 2025

രോഹിത് ശര്‍മ – ശ്രീലങ്ക – 10 – 2017

സഞ്ജു സാംസണ്‍ – സൗത്ത് ആഫ്രിക്ക – 10 – 2024

തിലക് വര്‍മ – സൗത്ത് ആഫ്രിക്ക – 10 – 2024

ഇതിനൊപ്പം അന്താരാഷ്ട്ര ടി-20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോഡും അഭിഷേക് തന്റെ പേരില്‍ കുറിച്ചു. സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിനെ മറികടന്നുകൊണ്ടാണ് അഭിഷേക് ഈ റെക്കോഡിലും ഒന്നാമതെത്തിയത്.

അന്താരാഷ്ട്ര ടി-20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍

(താരം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

അഭിഷേക് ശര്‍മ – ഇംഗ്ലണ്ട് – 135 – 2025

ശുഭ്മന്‍ ഗില്‍ – ന്യൂസിലാന്‍ഡ് – 126* – 2023

ഋതുരാജ് ഗെയ്ക്വാദ് – ഓസ്ട്രേലിയ – 123 – 2023

വിരാട് കോഹ്‌ലി – 122* – അഫ്ഗാനിസ്ഥാന്‍ – 2022

രോഹിത് ശര്‍മ – അഫ്ഗാനിസ്ഥാന്‍ – 121* – 2024

Content Highlight: Alaister Cook praises Abhishek Sharma

We use cookies to give you the best possible experience. Learn more