മലയാള സിനിമയിലെ ശ്രദ്ധേയനായ ഛായാഗ്രാഹകനാണ് അളഗപ്പൻ. ദൂരദർശൻ ടെലിഫിലിമുകൾ സംവിധാനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ കരിയർ ആരംഭിക്കുന്നത്. സമ്മാനം എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകനായി ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചു. പിന്നീട് അഗ്നിസാക്ഷി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, മനസ്സിനക്കരെ, കാഴ്ച, അച്ചുവിന്റെ അമ്മ തുടങ്ങി ശ്രദ്ധേയമായ നിരവധിയേറെ സിനിമകൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചു. 2013-ൽ ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പട്ടം പോലെ എന്ന ചിത്രം സംവിധാനം ചെയ്തതും അദ്ദേഹമാണ്.
നിരവധി ചലച്ചിത്ര-ടെലിവിഷൻ പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാവിശേഷങ്ങൾ പങ്കുവെക്കുകയാണ്.
അളഗപ്പൻ. Photo. Facebook
നടിമാരായ നയൻതാരയുടെയും മീര ജാസ്മിന്റെയും ആദ്യ സിനിമകളിലെ ആദ്യ ഷോട്ടുകൾ റീടേക്കുകൾ ഇല്ലാതെ തന്നെ ഓക്കെയായിരുന്നുവെന്ന് അളഗപ്പൻ ഓർത്തെടുക്കുന്നു. സിനിമയോടുള്ള പാഷനും, മേഖലയിലേക്ക് കടന്നുവരുന്ന അഭിനേതാക്കളുടെ സ്വഭാവസവിശേഷതകളും അന്നത്തെ കാലത്ത് ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
‘മീര ജാസ്മിന്റെ ആദ്യ സിനിമയായ സൂത്രധാരൻ, നയൻതാരയുടെ ആദ്യ സിനിമയായ മനസിനക്കരര എന്നിവയിലെ ഇവരുടെ ആദ്യ ഷോട്ടുകൾ റീടേക്കുകൾ ഇല്ലാതെ ആദ്യ ശ്രമത്തിൽ തന്നെ ഓക്കെയായിരുന്നു. അന്ന് നയൻതാര ‘ഡയാന’ എന്ന പേരിലായിരുന്നു. സിനിമയോടുള്ള കടുത്ത പാഷൻ കൊണ്ടാണ് അവർക്കെല്ലാം അത് സാധിച്ചത്.
ഇന്നത്തെക്കാലത്ത് ഈ മേഖലയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഒരുപാട് അവസരങ്ങളുണ്ട്. എന്നാൽ ഈ നടിമാരൊക്കെ വന്ന കാലഘട്ടത്തിൽ അതിനുള്ള സ്വാതന്ത്ര്യമോ അവസരങ്ങളോ അത്രത്തോളം കിട്ടിയിരുന്നില്ല. അന്ന് മുതിർന്ന സംവിധായകരോടുള്ള പേടിയും ബഹുമാനവും കാരണം കാര്യങ്ങൾ തുറന്നുപറയാൻ മടിയുണ്ടായിരുന്നു,’ അദ്ദേഹം പറഞ്ഞു.
വർത്തമാനം എന്ന സിനിമയിൽ നടി പാർവ്വതി തിരുവോത്ത്, നടൻ റോഷൻ മാത്യു എന്നിവർക്കൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവങ്ങളും അവരുടെ അഭിനയരീതികളെക്കുറിച്ചുള്ള ഓർമകളും അദ്ദേഹം പങ്കുവെച്ചു.
‘ഇന്ന് അത്തരം തരംതിരിവുകളും ഭയവുമൊക്കെ കുറവാണ്. റോഷൻ മാത്യു, പാർവ്വതി എന്നിവർക്കൊപ്പം ഈയിടെ ‘വർത്തമാനം’ എന്ന ചിത്രം ചെയ്തിരുന്നു. ചില ഷോട്ടുകളിൽ നമ്മൾ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ അവരുടെ രീതിയിലേക്ക് മാറ്റി ചെയ്തോട്ടെ എന്ന്, അതല്ലേ കൂടുതൽ കംഫർട്ട് എന്ന് അവർ എന്നോട് ചോദിച്ചു.
ഞാൻ അതിന് സമ്മതിക്കുകയും ചെയ്തു. കാരണം, നമ്മൾ പഠിച്ചുവന്ന രീതിയിൽ കലാകാരന്മാർക്ക് ഒരു കാര്യം കൃത്യമായി ഫിക്സ് ചെയ്തു കൊടുക്കാറാണ് പതിവ്. എന്നാൽ അവർക്ക് കുറച്ചുകൂടി ഫ്ലെക്സിബിൾ ആകാനുള്ള സ്വാതന്ത്ര്യം നൽകണം. സിറ്റുവേഷൻ എന്താണെന്ന് പറഞ്ഞുകൊടുത്താൽ ബാക്കി ഇംപ്രൊവൈസേഷൻ ഒക്കെ അവരുടെ രീതിയിൽ ചെയ്യാനുള്ള സ്പേസ് കൊടുക്കാറുണ്ട്,’ അളഗപ്പൻ പറഞ്ഞു.
വർത്തമാനം. Photo. Onlokkersmedia