എ.എഫ്.സി കപ്പില്‍ ഗോവയ്‌ക്കെതിരെ അല്‍ നസറിന് തകര്‍പ്പന്‍ വിജയം. സൂപ്പര്‍ താരം റൊണാള്‍ഡോ ഇല്ലാതെ ഇന്ത്യന്‍ മണ്ണിലിറങ്ങിയ അല്‍നസര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വിജയം സ്വന്തമാക്കിയത്. ഗോവയിലെ ഫതോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അല്‍ നസറിന് വേണ്ടി ആദ്യം ഗോള്‍ നേടിയത് ഏഞ്ചലോ ഗബ്രിയേലാണ്.
മത്സരം ആരംഭിച്ച് 10ാം മിനിട്ടില്‍ തന്നെ ഏഞ്ചലോ ഗോള്‍ നേടുകയായിരുന്നു. അധികം വൈകാതെ 27ാം മിനിട്ടില്‍ അല്‍ നസറിന് വേണ്ടി ഹറൗണി കമാരയും ഗോവയുടെ വല കുലുക്കി.
രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്ന അല്‍ നസറിന്റെ തേരോട്ടം അവസാനിപ്പിച്ചുകൊണ്ട് ഗോവയുടെ ബ്രിസണ്‍ ഫര്‍ണാണ്ടസാണ് ടീമിന് വേണ്ടി ആശ്വാസഗോള്‍ നേടിയത്. ആദ്യ പകുതിക്ക് മുമ്പ് 41ാം മിനിട്ടിലായിരുന്നു താരത്തിന്റെ കിടിലന്‍ ഗോള്‍.
തുടര്‍ന്ന് ഗോള്‍ ലീഗ് കൂട്ടാനായി അഗ്രസീവ് മോഡ് ഓണ്‍ ചെയ്ത് കളിക്കുകയായിരുന്നു അല്‍നസര്‍. എന്നാല്‍ ഗോവയുടെ പ്രതിരോധം അല്‍ നസറിന്റെ മുന്നേറ്റങ്ങളെ പരാജയപ്പെടുത്തുകയായിരുന്നു.
16 ഷോട്ടുകളാണ് അല്‍നസര്‍ ഗോവന്‍ പോസ്റ്റിലേക്ക് ഉന്നം വെച്ചത്. ബോള്‍ കൈവശം വെക്കുന്നതില്‍ 75 ശതമാനവും വിജയിച്ചത് അല്‍ നസറായിരുന്നു. മത്സരത്തില്‍ ഗോവന്‍ താരങ്ങള്‍ ആറ് ഫൗള്‍സില്‍ ഏര്‍പ്പെട്ടപ്പോള്‍ അല്‍ നസര്‍ അഞ്ച് ഫൗളും നടത്തി. ഇരുവര്‍ക്കും ഓരോ യെല്ലോ കാര്‍ഡ് ലഭിച്ചപ്പോള്‍ അവസാന ഘട്ടത്തില്‍ ഗോവയുടെ ടേവിഡ് ടൈമര്‍ റെഡ് കാര്‍ഡ് വാങ്ങിച്ചു. മത്സരത്തിലെ 92ാം മിനിട്ടിലാണ് ഡേവിഡ് റെഡ് കാര്‍ഡ് വഴങ്ങിയത്.
അതേസമയം രണ്ട് ഓഫ് സൈഡുകളാണ് ഗോവയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. അല്‍ നസര്‍ ഒരു ഓഫ് സൈഡിലും പെട്ടു. മൂന്ന് കോര്‍ണറുകള്‍ ഗോവയ്ക്ക് ലഭിച്ചപ്പോള്‍ മറുവശത്ത് എട്ട് കോര്‍ണറാണ് അല്‍നസറിന് ലഭിച്ചത്.
നിലവില്‍ ടൂര്‍ണമെന്റിലെ ഡി ഗ്രൂപ്പില്‍ മൂന്ന് മത്സരങ്ങളില്‍ മൂന്നും വിജയിച്ച് അല്‍ നസര്‍ ഒമ്പത് പോയിന്റ് നേടി ഒന്നാം സ്ഥാനത്താണുള്ളത്. അതേസമയം മത്സരിച്ച് മൂന്ന് മത്സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ട് ഗോവ പട്ടികയില്‍ അവസാനമാണ്.
Content Highlight: Al Nassr Won Against Fc Goa In AFC Cup