| Sunday, 23rd August 2026, 10:19 pm

റൊണാള്‍ഡോ സ്റ്റാര്‍ട്ടിങ് ലൈനപ്പിലുണ്ടെങ്കില്‍ അല്‍ നസര്‍ തോല്‍ക്കും; മുന്നറിയിപ്പുമായി മുന്‍ സൗദി താരം

ആദർശ് എം.കെ.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ ഉള്‍പ്പെടുത്തുന്നത് സൗദി പ്രോ ലീഗ് വമ്പന്മാരായ അല്‍ നസറിന് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുമായി മുന്‍ സൗദി അറേബ്യന്‍ അന്താരാഷ്ട്ര താരം അഹമ്മദ് ഒതൈഫ്.

റൊണാള്‍ഡോയുടെ ശാരീരികവും സാങ്കേതികവുമായ മികവില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ടെന്നാണ് ഒതൈഫിന്റെ നിരീക്ഷണം.

അഹമ്മദ് ഒതൈഫ്

‘അവര്‍ ലീഗ് ഈസ് ഡിഫറന്റ്’ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അഹമ്മദ് ഒതൈഫ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കുറിച്ച് സംസാരിച്ചത്.

‘റൊണാള്‍ഡോയുടെ സാങ്കേതികവും ശാരീരികവുമായ നിലവാരത്തില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് അല്‍ ആഹ്‌ലി, അല്‍ ഹിലാല്‍, അല്‍ ഖാദിസിയ തുടങ്ങിയ കരുത്തരായ ടീമുകള്‍ക്കെതിരായ വലിയ മത്സരങ്ങളില്‍ അദ്ദേഹത്തെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുന്നത് അല്‍ നാസറിന്റെ തോല്‍വിക്ക് കാരണമാകും.

ശക്തരായ ക്ലബ്ബുകള്‍ക്കെതിരെ അല്‍ നസറിന് പ്രസ്സ് ചെയ്യാനും സ്‌പേസ് ബ്ലോക്ക് ചെയ്യാനും സാധിക്കേണ്ടതുണ്ട്, എന്നാല്‍ റൊണാള്‍ഡോയ്ക്ക് ഇനി ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല. അതിനാല്‍ റൊണാള്‍ഡോ കളിക്കുമ്പോള്‍ അല്‍ നാസര്‍ വെറും 10 കളിക്കാരുമായാണ് കളിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

റൊണാള്‍ഡോ

2001 മുതല്‍ 2018 വരെ അല്‍ ഷബാബ് ക്ലബ്ബിനായി കളിച്ച് 9 കിരീടങ്ങള്‍ നേടാന്‍ സഹായിച്ച അഹമ്മദ് ഒതൈഫ്, സൗദി ഫുട്‌ബോളിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളാണ്.

ലോകകപ്പിനും വെക്കേഷനും ശേഷം ടീമിലേക്ക് തിരിച്ചെത്തിയ റൊണാള്‍ഡോ, അല്‍ റിയാദിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ 62ാം മിനിറ്റില്‍ സബ്സ്റ്റിറ്റിയൂട്ടായാണ് കളത്തിലിറങ്ങിയത്. 83ാം മിനിറ്റില്‍ താരം ഗോള്‍ നേടുകയും അല്‍ നസര്‍ 4-0 ന് വിജയിക്കുകയും ചെയ്തിരുന്നു.

മത്സരശേഷം അല്‍ നസര്‍ പരിശീലകന്‍ റൊണാള്‍ഡോയെ പ്രശംസിക്കുകയും അദ്ദേഹത്തെ പതുക്കെ ടീമിലേക്ക് കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് എപ്പോഴും കളിക്കാന്‍ ആഗ്രഹമുണ്ട്, എന്നാല്‍ തയ്യാറെടുപ്പ് സമയത്ത് അദ്ദേഹം തിരക്കിലായിരുന്നതിനാല്‍ തിരിച്ചുവരാന്‍ സമയമെടുക്കുന്നത് പ്രധാനമാണ്. കളത്തിലിറങ്ങി 30 മിനിറ്റിനുള്ളില്‍ തന്നെ ഒരു ഗോള്‍ നേടാന്‍ കഴിഞ്ഞത് അദ്ദേഹത്തിന് മികച്ച കാര്യമാണ്, അദ്ദേഹം സാധ്യമായതെല്ലാം ചെയ്തു,’ അല്‍ നസര്‍ പരിശീലകന്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് സീസണുകളില്‍ അല്‍ നാസറിനായി 143 മത്സരങ്ങളില്‍ നിന്ന് 124 ഗോളുകളും 24 അസിസ്റ്റുകളും റൊണാള്‍ഡോ നേടിയിട്ടുണ്ട്. അല്‍ ഇത്തിഫാഖിനെതിരെയുള്ള അല്‍ നസറിന്റെ അടുത്ത മത്സരത്തില്‍ ആദ്യ ഇലവനില്‍ ഇടം കണ്ടെത്താന്‍ തന്നെയാകും റൊണാള്‍ഡോ ശ്രമിക്കുന്നത്.

Content Highlight:  Al-Nassr will lose if Cristiano Ronaldo is included in the starting lineup: Former Saudi player issues warning.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more