സൗദി സൂപ്പര്‍ കപ്പ് ഫൈനലിന് യോഗ്യത നേടി അല്‍ നസര്‍. അല്‍ ഇത്തിഹാദിനെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് അല്‍ നസര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പത്ത് പേരായി ചുരുങ്ങിയ ശേഷമായിരുന്നു അല്‍ അലാമിയുടെ വിജയം.
മത്സരത്തില്‍ 4-4-1-1 എന്ന ഫോര്‍മേഷനിലാണ് അല്‍ നസര്‍ പരിശീലകന്‍ ജോര്‍ജ് ജീസസ് അല്‍ നസറിനെ കളത്തിലിറക്കിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം ജാവോ ഫെലിക്‌സും ആക്രമണത്തിന്റെ സാരഥ്യമേറ്റെടുത്തു.
മറുവശത്ത് കരീം ബെന്‍സമയെ അക്രമണത്തിന്റെ കുന്തമുനയാക്കിയ അല്‍ ഇത്തിഹാദ് പരിശീലകന്‍ 4-2-3-1 എന്ന ഫോര്‍മേഷനാണ് അവലംബിച്ചത്.
മത്സരം തുടങ്ങി പത്താം മിനിട്ടില്‍ തന്നെ ഹോങ് കോങ് സ്‌റ്റേഡിയത്തെ ആവേശത്തിലാറാടിച്ച് സാദിയോ മാനേ മഞ്ഞക്കുപ്പായക്കാര്‍ക്കായി ലക്ഷ്യം കണ്ടു. മാഴ്‌സെലോ ബ്രോസോവിച്ചിന്റെ അസിസ്റ്റിലാണ് മാനേ ഗോള്‍ നേടിയത്.
എന്നാല്‍ ഗോള്‍ വഴങ്ങി ആറാം മിനിട്ടില്‍ സ്റ്റീവന്‍ ബെര്‍ഗ്വിജന്‍ ഇത്തിഹാദിനായി ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തി.
25ാം മിനിട്ടില്‍ സാദിയോ മാനേ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയതോടെ അല്‍ നസര്‍ പത്ത് പേരായി ചുരുങ്ങി. എന്നാല്‍ ഇതിന്റെ അഡ്വാന്റേജ് മുതലാക്കാന്‍ ഇത്തിഹാദിന് സാധിച്ചില്ല.
ആദ്യ പകുതി ഇരുവരും ഒരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.
61ാം മിനിട്ടില്‍ ജാവോ ഫെലിക്‌സ് അല്‍ അലാമിയെ മുമ്പിലെത്തിച്ചു. ലീഡ് നേടിയതോടെ ഗോള്‍ വഴങ്ങാതിരിക്കാനായി അല്‍ നസറിന്റെ ശ്രമം. ഇത്തിഹാദിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിച്ച അല്‍ നസര്‍ നിശ്ചിത സമയത്തും ആഡ് ഓണ്‍ ടൈമിലും ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നതോടെ ഫൈനലിന് ടിക്കറ്റെടുത്തു.
മത്സരത്തിന്റെ 65 ശതമാനവും പന്ത് കൈവളം വെച്ചത് അല്‍ ഇത്തിഹാദായിരുന്നു. ഏറ്റവുമധികം പാസുകള്‍ കംപ്ലീറ്റ് ചെയ്തതും ഇത്തിഹാദ് തന്നെ. എന്നാല്‍ പന്ത് കിട്ടിയ 35 ശതമാനം സമയത്ത് തന്നെ വിജയിക്കാനാവശ്യമായ രണ്ട് ഗോളുകള്‍ അല്‍ നസര്‍ അടിച്ചുകയറ്റി.
നാളെയാണ് സൗദി സൂപ്പര്‍ കപ്പിന്റെ രണ്ടാം സെമി ഫൈനല്‍ മത്സരം. ഹോങ് കോങ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അല്‍-ഖ്വാദിസിയ അല്‍-ആഹ്‌ലി സൗദിയെ നേരിടും. ഓഗസ്റ്റ് 23നാണ് കിരീടപ്പോരാട്ടം.
Content Highlight: Al Nassr qualified for Saudi Super Cup Final