| Sunday, 21st September 2025, 8:21 am

ഡബിള്‍ 'ഇരട്ട ഗോളില്‍' ജയിച്ച് റോണോ സംഘം; ഒന്നാമത്

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി പ്രൊ ലീഗില്‍ വിജയം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്ര്‍. അല്‍ അവ്വല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ അല്‍ റിയാദിനെതിരെ 1 – 5ന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്. റൊണാള്‍ഡോയുടെയും ജാവോ ഫെലിക്‌സിന്റെയും ഇരട്ട ഗോള്‍ മികവിലാണ് ദി ബിഗ് യെല്ലോയുടെ വിജയം.

മത്സരത്തിലെ അല്‍ നസ്റിന്റെ മൂന്ന് ഗോളുകളും എത്തിയത് ഒന്നാം പകുതിയിലായിരുന്നു. ടീമിനായി ആദ്യം ഗോള്‍ നേടിയത് ജാവോ ഫെലിക്സാണ്.

ആറാം മിനിട്ടിലാണ് താരം പന്ത് വലയിലെത്തിച്ച് മഞ്ഞ കുപ്പായക്കാര്‍ക്ക് ലീഡ് സമ്മാനിച്ചത്. കിംഗ്സ്ലി കോമാന്‍ താരത്തിന് പന്ത് നല്‍കിയത്. ഏറെ വൈകാതെ കോമാന്‍ തന്നെ ടീമിന് വേണ്ടി രണ്ടാം ഗോള്‍ കണ്ടെത്തി. 30ാം മിനിറ്റിലായിരുന്നു ഈ ഗോള്‍.

മൂന്ന് മിനിട്ടുകള്‍ക്കം തന്നെ വല തുളച്ച് റൊണാള്‍ഡോയുടെ ഗോള്‍ എത്തി. ഫെലിക്സായിരുന്നു ഈ ഗോളിന് അസിസ്റ്റ് നല്‍കിയത്. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ അല്‍ നസ്ര്‍ ഒരു പന്ത് കൂടി വലയിലെത്തിച്ചു.

എന്നാല്‍, അത് വാര്‍ പരിശോധനയിലൂടെ അത് അസാധുവായി. അതോടെ ഒന്നാം പകുതിയ്ക്ക് അവസാനമായി.

മത്സരം പുനരാരംഭിച്ച് നാലാം മിനിട്ടില്‍ തന്നെ ഫെലിക്‌സ് തന്റെ രണ്ടാം ഗോള്‍ നേടി. അതോടെ അല്‍ നസ്റിന്റെ ഗോള്‍ നാലായി ഉയര്‍ന്നു. പിന്നാലെ അല്‍ റിയാദ് തങ്ങളുടെ ആശ്വാസഗോള്‍ കണ്ടെത്തി. മമദൗ സിലയായിരുന്നു അവര്‍ക്കായി പന്ത് വലയിലെത്തിച്ചത്.

76ാം മിനിട്ടില്‍ റൊണാള്‍ഡോ തന്നെ ഡബിളും ടീമിന്റെ ഗോള്‍ പട്ടികയും പൂര്‍ത്തിയാക്കി. ഈ ഗോളിന് താരത്തിന് പന്തെത്തിച്ചത് കോമാനായിരുന്നു. ഏറെ വൈകാതെ അല്‍ നസ്റിന്റെ വിജയമുറപ്പിച്ച് ഫൈനല്‍ വിസിലെത്തി. ജയത്തോടെ സൗദി പ്രൊ ലീഗിന്റെ പോയിന്റ് ടേബിളില്‍ ടീം ഒന്നാമത്തെത്തെത്തി.

Content Highlight: Al Nassr defeated Al Riyad in Saudi Pro League with Cristano Ronaldo and Joao Felix double goals

We use cookies to give you the best possible experience. Learn more