ക്ലബ്ബ് ഫുട്ബോളിൽ ചരിത്ര റെക്കോഡ് സ്വന്തമാക്കി സൗദി വമ്പന്മാരായ അൽ നസർ. ഫുട്ബോളിലെ പ്രധാന ആഭ്യന്തര ലീഗുകളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ നേടുന്ന ടീമെന്ന ചരിത്രനേട്ടമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും സ്വന്തമാക്കിയത്.
സൗദി ലീഗിൽ അൽ ഖലീജിനെതിരെയുള്ള മത്സരത്തിൽ ഗോൾ നേടിയതിന് പിന്നാലെയാണ് അൽ നസർ ഈ നേട്ടം സ്വന്തമാക്കിയത്. മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.
ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പിടിക്കുകയായിരുന്നു. അബ്ദുല്ല അൽ ഹംദാനാണ് അൽ നസറിന് വേണ്ടി ഈ ചരിത്ര ഗോൾ നേടിയത്.
തുടർച്ചയായ 94 മത്സരങ്ങളിൽ എതിരാളികളുടെ വലയിൽ പന്തെത്തിച്ചാണ് സൗദി ക്ലബ്ബ് കുതിക്കുന്നത്. അർജന്റൈൻ ക്ലബ്ബ് റിവർപ്ലേറ്റിന്റെ റെക്കോഡ് തകർത്താണ് അൽ നസർ ഈ നേട്ടം സ്വന്തമാക്കിയത്. 1936-39 കാലയളവിലായിരുന്നു റിവർപ്ലേറ്റ് തുടർച്ചയായി 93 മത്സരങ്ങളിൽ ഗോൾ നേടി റെക്കോഡിട്ടത്.
2023ലായിരുന്നു അൽ നസർ ഗോൾ വേട്ടക്ക് തുടക്കമിട്ടത്. ഈ റെക്കോഡ് ഗോൾ സ്കോറിങ് മൂന്ന് വർഷങ്ങൾക്കിപ്പുറവും തുടരുന്ന സൗദി വമ്പന്മാരുടെ തേരോട്ടത്തിൽ റൊണാൾഡോയുടെ പങ്കും വളരെ വലുതാണ്.
2023ൽ യൂറോപ്യൻ അധ്യായങ്ങൾക്ക് വിരാമമിട്ടാണ് റൊണാൾഡോ സൗദിയിലെത്തിയത്. റൊണാൾഡോയുടെ വരവിന് പിന്നാലെ സൗദി ലീഗിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിക്കാൻ സാധിച്ചിരുന്നു. റൊണാൾഡോക്ക് പിന്നാലെ യൂറോപ്പിലെ പല വമ്പൻ താരങ്ങളും സൗദിയിലേക്ക് ചേക്കേറിയിരുന്നു.
അൽ നാസറിനൊപ്പം റൊണാൾഡോ കഴിഞ്ഞ സീസണിൽ ലീഗ് കിരീടം നേടുകയും ചെയ്തിരുന്നു. ഈ സീസണിൽ കിരീടം നിലനിർത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് അൽ നസർ പോരാടുന്നത്.
നിലവിൽ സൗദി ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് റൊണാൾഡോയും സംഘവും. ഏഴ് മത്സരങ്ങളിൽ നിന്നും അഞ്ച് വിജയവും ഓരോ തോൽവിയും സമനിലയുമായി 16 പോയിന്റാണ് അൽ നസറിന്റെ അക്കൗണ്ടിലുള്ളത്.
സൗദി ലീഗിൽ ഒക്ടോബർ ഒമ്പതിനാണ് അൽ നസർ അടുത്ത മത്സരത്തിനിറങ്ങുന്നത്. ദിരിയഹ് ക്ലബ്ബാണ് ടീമിന്റെ എതിരാളികൾ.
Content Highlight: Al Nassr create a historical record in club football