ഗസ: ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന ആക്രമണത്തില്‍ 17 ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട്. ഇസ്രഈല്‍ മെഡിക്കല്‍ സംഘമാണ് വിവരം പുറത്ത് വിട്ടത്. മാത്രമല്ല ഇസ്രഈല്‍ നടത്തുന്ന കടുത്ത ആക്രമണത്തില്‍ ഷാതി അഭയാര്‍ത്ഥി ക്യാമ്പിനടുത്ത് ഗര്‍ഭിണിയായ സ്ത്രീ ഉള്‍പ്പെടെ മരണപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഗസ പിടിച്ചടക്കുന്നതിന്റെ പദ്ധതിയുടെ ഭാഗമായാണ് ഇസ്രഈല്‍ ആക്രമണങ്ങള്‍ ശക്തിപ്പെടുത്തുന്നത്. പത്ത് ലക്ഷത്തിലധികം അഭയാര്‍ത്ഥികളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.
ഗസയില്‍ ആക്രമണം ശക്തിപ്പെടുത്തി അഭയാര്‍ത്ഥികളെ ഗസയുടെ തെക്കന്‍ പ്രദേശത്തേക്ക് നിര്‍ബന്ധിതമായി മാറ്റാനും ആസൂത്രിതമായി ഇല്ലാതാക്കാനുമാണ് സൈന്യം ശ്രമം നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗസ നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ക്യാമ്പുകള്‍, സ്‌കൂളുകള്‍, ഷെല്‍ട്ടറുകള്‍ എന്നിവ ഇസ്രഈല്‍ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന ആക്രമണത്തെ യു.എസ് ടൊണാള്‍ഡ് ട്രംപ് അപലപിച്ചിരുന്നു. ഗസയിലെ യുദ്ധം ഇസ്രഈലിലെ കോണ്‍ഗ്രസിനെ ‘വേദനിപ്പിക്കുന്നു’ എന്ന് ഡെയ്ലി കോളര്‍ എന്ന മാധ്യമത്തോട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
‘ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ ലോബിയായിരുന്നു ഇസ്രഈല്‍. അവര്‍ക്ക് കോണ്‍ഗ്രസിന്മേല്‍ പൂര്‍ണ നിയന്ത്രണം ഉണ്ടായിരുന്നു. നിങ്ങള്‍ക്കറിയാമോ, ഇപ്പോള്‍ അവര്‍ക്ക് അങ്ങനെയല്ല. അതില്‍ യാതൊരു സംശയവുമില്ല. ഇസ്രഈല്‍ യുദ്ധം ജയിച്ചേക്കാം, പക്ഷേ അവര്‍ പബ്ലിക് റിലേഷന്‍സിന്റെ ലോകം ജയിക്കുന്നില്ല,’ ട്രംപ് പറഞ്ഞു.
ഗസയ്ക്കെതിരായ യുദ്ധത്തില്‍ ഇസ്രഈല്‍ കുറഞ്ഞത് 63,557 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. മാത്രമല്ല 348ാളം പേര്‍ പട്ടിണി മൂലം ഗസയില്‍ കൊല്ലപ്പെട്ടതായും 160,660 പേര്‍ക്ക് ഇതുവരെ പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണങ്ങളില്‍ ഇസ്രാഈലില്‍ ആകെ 1,139 പേര്‍ കൊല്ലപ്പെടുകയും ഏകദേശം 200 പേരെ ബന്ദികളാക്കുകയും ചെയ്തു.
Content Highlight: Al Jazeera reports that 17 more Palestinians have been killed in Israeli attacks on Gaza