ഗസസിറ്റി: ഗസയില്‍ ഇസ്രഈല്‍ ആക്രമണത്തില്‍ അല്‍ ജസീറ ക്യാമറ മാന്‍ അഹമ്മദ് വിസാഹ് കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ ബുറെജി അഭയാര്‍ത്ഥി ക്യാംപിന് നേര്‍ക്കുണ്ടായ ഇസ്രഈലി വ്യോമാക്രമണത്തിലാണ് അല്‍ ജസീറ ക്യാമറ മാന്‍ കൊല്ലപ്പെട്ടത്.
അഭയാര്‍ത്ഥി ക്യാംപിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ അഹമ്മദ് വിസാഹിന് പുറമെ മറ്റൊരാള്‍ കൂടി കൊല്ലപ്പെട്ടതായി അല്‍ജസീറ മീഡിയ നെറ്റ്‌വര്‍ക്ക് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. കൊലപാതകത്തെ അല്‍ജസീറ നെറ്റ്‌വര്‍ക്ക് ശക്തമായി അപലപിച്ചു. ഗസയില്‍ സംഘര്‍ഷം തുടങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് അല്‍ ജസീറ ആശങ്ക പ്രകടിപ്പിച്ചു.
തങ്ങളുടെ പ്രതിനിധിയായ അഹമ്മദ് വിസാഹിനെ ലക്ഷ്യം വയ്ക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ഇസ്രഈല്‍ നടപടിയെ ശക്തമായി അപലപിക്കുന്നതായി അല്‍ ജസീറയുടെ പ്രസ്താവനയില്‍ പറയുന്നു. 2023ല്‍ സംഘര്‍ഷം തുടങ്ങിയ ശേഷം ഗസയില്‍ കൊല്ലപ്പെടുന്ന പന്ത്രണ്ടാമത്തെ അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകനാണ് വിസാഹ്.
ഇത്തരം ഹീനമായ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന ഇസ്രഈലി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനായി അന്താരാഷ്ട്ര സമൂഹവും നിയമ സംവിധാനങ്ങളും അടിയന്തരവും പ്രായോഗികവുമായ നടപടികളെടുക്കണമെന്നും പ്രസ്താവനയില്‍ അല്‍ ജസീറ ആവശ്യപ്പെട്ടു.
ബുറെജി അഭയാര്‍ത്ഥി ക്യാംപ് ആക്രമണത്തിന് പുറമെ ഗസയില്‍ മറ്റ് ഇടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ രണ്ട് കുട്ടികളടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു. മധ്യ ഗസയില്‍ ഒരു വീടിന് നേര്‍ക്കുണ്ടായ ആക്രമണത്തിലാണ് രണ്ട് കുട്ടികള്‍ അടക്കം നാല് പേര്‍ കൊല്ലപ്പെട്ടത്. ഗസ സിറ്റിയിലെ വിവിധ ഇടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ മൂന്ന് പേരും ഖാന്‍ യൂനിസിലുണ്ടായ ആക്രമണത്തില്‍ ഒരാളും കൊല്ലപ്പെട്ടു.
അഹമ്മദ് വിസാഹിന്റെ സഹോദരനായ മുഹമ്മദ് വിസാഹിനെ ഈ വര്‍ഷം ഏപ്രില്‍ എട്ടിന് ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയിരുന്നു. അല്‍ജസീറ റിപ്പോര്‍ട്ടറായിരുന്ന അദ്ദേഹം ഗസയിലൂടെ വാഹനമോടിച്ച് പോകവെ ഇസ്രഈല്‍ സൈന്യം ആക്രമിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് സത്യത്തിന്റെ വായടക്കാനുള്ള ഇസ്രഈലിന്റെ വ്യവസ്ഥാപിതമായ ശ്രമത്തിന്റെ ഭാഗമാണ് മുഹമ്മദ് വിസാഹിന്റെ കൊലപാതകമെന്ന് അല്‍ ജസീറ അന്ന് അഭിപ്രായപ്പെട്ടിരുന്നു.
മുഹമ്മദ് വിസാഹ് ഹമാസിന്റെ ആയുധ നിര്‍മാണ ആസ്ഥാനത്തെ ഒരു ‘പ്രധാന ഭീകരവാദി’ ആണെന്ന് കൊലപാതകത്തിന് ശേഷം ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്‌സ് ആരോപിച്ചിരുന്നു. ഇപ്പോള്‍ മുഹമ്മദ് വിസാഹിന്റെ കൊലപാതകത്തിന് ശേഷവും ഇസ്രഈല്‍ സമാന ആരോപണം നടത്തി. ‘ഹമാസ് തീവ്രവാദിയാണ്’ അഹമ്മദ് വിഹാസ് എന്നാണ് ഇസ്രഈലിന്റെ ആരോപണം.
മുഹമ്മദ് വിസാഹിനെതിരായ ഇസ്രഈലിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് അല്‍ ജസീറ പ്രതികരിച്ചു. ഗസയിലെ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇസ്രഈലി സൈന്യം നടത്തുന്ന കുറ്റകൃത്യങ്ങളെ ന്യായീകരിക്കാനായി തെറ്റായ വിവരങ്ങള്‍ ആരോപണങ്ങളായി ഉന്നയിക്കുകയാണെന്നും അല്‍ ജസീറ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
Content Highlight: Al Jazeera cameraman Ahmed Wishah killed in Israeli attack in Gaza