| Monday, 8th December 2025, 8:19 pm

എജ്ജാതി സ്‌ക്രീന്‍ പ്രസന്‍സ്.... എവിടായിരുന്നു ഇത്രയും കാലം, രണ്‍വീറിനെപ്പോലും സൈഡാക്കിയ വില്ലനെ പുകഴ്ത്തി സിനിമാപേജുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ മികച്ച മുന്നേറ്റം നടത്തുകയാണ് ബോളിവുഡ് ചിത്രം ധുരന്ധര്‍. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനോടകം 150 കോടിയിലേറെ സ്വന്തമാക്കി. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നിട്ടുള്ളത്.

ചിത്രത്തിലെ പുതിയ ഗാനം കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ഷേര്‍- ഇ- ബലൂച്ച്’ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് വന്‍ വരവേല്പാണ് ലഭിച്ചത്. ചിത്രത്തിലെ വില്ലനായ അക്ഷയ് ഖന്നയാണ് ഈ പാട്ടിലെ താരം. നായകനായ രണ്‍വീറിനെപ്പോലും നിശ്പ്രഭമാക്കുന്ന സ്‌ക്രീന്‍ പ്രസന്‍സാണ് ഈ ഗാനരംഗത്തില്‍ അക്ഷയ് ഖന്നക്കുള്ളത്.

അക്ഷയ് ഖന്ന ധുരന്ധര്‍. Photo: Jio Stuidos/ X.com

ഫ്‌ളിപ്പറാച്ചി എന്ന റാപ്പ് ഗായകന്റെ F9 എന്ന ആല്‍ബമാണ് ‘ഷേര്‍- ഇ- ബലൂച്ച്’ എന്ന ഗാനമായി മാറ്റിയത്. ഗാനരംഗത്തിന്റെ അവസാനഭാഗത്ത് അക്ഷയ് ഖന്നയുടെ സ്റ്റെപ്പുകള്‍ക്കും വന്‍ ഫാന്‍ ബെയ്‌സാണ്. ബോളിവുഡില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന അക്ഷയ് ഖന്നയുടെ തിരിച്ചുവരവിനാണ് ഈ വര്‍ഷം സാക്ഷ്യം വഹിച്ചത്. നിരവധിയാളുകള്‍ അക്ഷയ് ഖന്നയെ പ്രശംസിച്ച് രംഗത്തെത്തുന്നുണ്ട്.

‘പര്‍വതം പോലെയുള്ള രണ്‍വീര്‍ സിങ് പോലും ഈ മനുഷ്യന്റെ മുന്നില്‍ സൈഡായി’, ‘വില്ലന് ഗംഭീര ഇന്‍ട്രോ സോങ് നല്‍കുന്ന കാര്യത്തില്‍ മറ്റ് ഇന്‍ഡസ്ട്രികള്‍ ബോളിവുഡിനെ കണ്ട് പഠിക്കണം’, ‘ആകെ രണ്ട് സ്റ്റെപ്പ് മാത്രമേ ഇട്ടുള്ളൂ, എന്നിട്ടും സീന്‍ തൂക്കിയത് അക്ഷയ് ഖന്ന തന്നെ’ എന്നിങ്ങനെയാണ് പല കമന്റുകളും.

അക്ഷയ് ഖന്ന ധുരന്ധര്‍. Photo: Screen grab/ Jio Stuidos

കരിയറിന്റെ തുടക്കത്തില്‍ ചോക്ലേറ്റ് ബോയ് ഇമേജില്‍ തളച്ചിടപ്പെട്ട താരമായിരുന്നു അക്ഷയ് ഖന്ന. ബോളിവുഡിലെ പഴയകാല നടന്‍ വിനോദ് ഖന്നയുടെ മകനാണ് അക്ഷയ് ഖന്ന. ദില്‍ ചാഹ്ത ഹേയ്, ഡോളി സജാ കേ രഖ്‌നാ, ഹല്‍ചല്‍, താല്‍ തുടങ്ങിയ സിനിമകളെല്ലാം വന്‍ ഹിറ്റായിരുന്നു. എന്നാല്‍ തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം താരം സിനിമയില്‍ നിന്ന് ഇടവേളയെടുത്തു.

തിരിച്ചുവരവില്‍ സെലക്ടീവായി മാത്രമാണ് അക്ഷയ് ഖന്ന സിനിമകള്‍ തെരഞ്ഞെടുത്തത്. സെക്ഷന്‍ 375, ഇത്തേഫഖ്, ദൃശ്യം 2 പോലുള്ള സിനിമകളിലെ ക്യാരക്ടര്‍ റോളുകളിലൂടെ വീണ്ടും ഉയര്‍ന്നുവന്ന അദ്ദേഹം ഈ വര്‍ഷം വില്ലനായി ഞെട്ടിച്ചിരിക്കുകയാണ്. വിക്കി കൗശല്‍ നായകനായ ഛാവായില്‍ ഔറംഗസേബായി അതിഗംഭീര പ്രകടനമായിരുന്നു അക്ഷയ് ഖന്ന കാഴ്ചവെച്ചത്. ഇപ്പോഴിതാ ധുരന്ധറിലും വില്ലനായി കൈയടി നേടിയതോടെ ബോളിവുഡില്‍ തന്റെ സ്ഥാനം വീണ്ടും ഉറപ്പിച്ചിരിക്കുകയാണ്.

Content Highlight: Akshaye Khanna’s screen presence in Dhurandhar song discussing on cinema pages

We use cookies to give you the best possible experience. Learn more