സൈബര്‍ ലോകത്ത് നമ്മുടെ കുട്ടികള്‍ സുരക്ഷിതരല്ലെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. തന്റെ മകള്‍ അടുത്തിടെ നേരിട്ട ഒരു ദുരനുഭവം പങ്കുവെച്ചുകൊണ്ടാണ് അക്ഷയ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് തന്റെ മകള്‍ ഫോണില്‍ ഒരു ഓണ്‍ലൈന്‍ ഗെയിം കളിക്കവെയാണ് ഈ സംഭവം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘ഇത്തരം ഗെയിമുകളുടെ പ്രത്യേകതയെന്താണെന്ന് വെച്ചാല്‍ നമുക്ക് തീരെ പരിചയമില്ലാത്ത ഒരാളോടൊപ്പം കളിക്കാനാകും. അയാള്‍ എവിടെയുള്ളതാണെന്നോ ആരാണെന്നോ അറിയാതെ അയാളോടൊപ്പം ഗെയിം കളിക്കുന്നത് ഇപ്പോള്‍ എല്ലായിടത്തും സാധാരണ കാര്യമായി. മാത്രമല്ല, ഗെയിമിനിടയില്‍ അപ്പുറത്തുള്ള ആളോട് മെസ്സേജുകള്‍ അയക്കാനും സാധിക്കും.
അങ്ങനെ ഗെയിമിന്റെ ഇടയില്‍ അപ്പുറത്തുള്ള ആള്‍ എന്റെ മകള്‍ക്ക് മെസ്സേജയച്ചു. എന്നാല്‍ ഗെയിമിനെക്കുറിച്ചായിരുന്നില്ല ചോദിച്ചത്. ‘എവിടെ നിന്നാണ്, ആണാണോ പെണ്ണാണോ?’ എന്നിങ്ങനെയായിരുന്നു അയാള്‍ അയച്ച മെസ്സേജില്‍. പിന്നീട് അയാള്‍ എന്റെ മകളോട് നഗ്നചിത്രങ്ങള്‍ അയക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ തന്നെ അവള്‍ ആ ഗെയിം നിര്‍ത്തി,’ അക്ഷയ് കുമാര്‍ പറഞ്ഞു.
ആരോടും ഇക്കാര്യം പറയാതെ മനസില്‍ വെക്കുകയല്ല തന്റെ മകള്‍ ചെയ്തതെന്നും തന്റെ പങ്കാളിയോട് ഇക്കാര്യം അറിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിമൂന്നും പതിനാലും വയസുള്ള ചെറിയ കുട്ടികളൊക്കെയാണ് ഇത്തരം ഗെയിമുകള്‍ കൂടുതലായും കളിക്കുന്നതെന്നും അവര്‍ക്കെല്ലാം ഇത്തരം മെസ്സേജുകള്‍ വരാന്‍ സാധ്യതയുണ്ടെന്നും അക്ഷയ് കുമാര്‍ പറയുന്നു.
ഇതെല്ലാം സൈബര്‍ ക്രൈമാണെന്നും ഓണ്‍ലൈന്‍ ലോകത്ത് കുട്ടികള്‍ സുരക്ഷിതരാണോ എന്ന കാര്യം എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളും കുട്ടികളുടെ വിരല്‍തുമ്പില്‍ ലഭ്യമാകുന്ന കാലത്ത് അവരിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം വലിയ പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ നേരിട്ടേക്കാമെന്നും അക്ഷയ് കുമാര്‍ പറയുന്നു.
‘നമ്മുടെ മഹാരാഷ്ട്രയില്‍ ഇത്തരം ക്രൈമുകള്‍ അന്വേഷിക്കണമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഞാന്‍ ആവശ്യപ്പെടുകയാണ്. കാരണം, സ്ട്രീറ്റ് ക്രൈമുകളെപ്പോലെത്തന്നെ ഗൗരവമായി എടുക്കേണ്ട വിഷയം തന്നെയാണ് ഇത്തരം സൈബര്‍ ക്രൈമുകളും,’ അക്ഷയ് കുമാര്‍ പറഞ്ഞു.
Content Highlight: Akshay Kumar shares a bad experience that his daughter faced recently