ബോളിവുഡിലെ മുന്‍നിര താരങ്ങളിലൊരാളാണ് അക്ഷയ് കുമാര്‍. ഖാന്‍ ത്രയങ്ങള്‍ ബോളിവുഡില്‍ വിലസുന്ന സമയത്ത് ആക്ഷന്‍, കോമഡി സിനിമകളിലൂടെ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ അക്ഷയ് കുമാറിന് സാധിച്ചിരുന്നു. 2014 മുതല്‍ തുടര്‍ച്ചയായി നാല് സിനിമകള്‍ 200 കോടിയിലേറെ കളക്ഷന്‍ നേടി ബോക്‌സ് ഓഫീസില്‍ ചരിത്രമെഴുതുകയും ചെയ്തു.
എന്നാല്‍ 2020ന് ശേഷം താരത്തിന് ബോക്‌സ് ഓഫീസില്‍ അത്ര നല്ല കാലമല്ല. പല സിനിമകളും ബജറ്റ് പോലും തിരിച്ചുകിട്ടാതെ ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീഴുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. അവസാനമിറങ്ങിയ 13 സിനിമകളില്‍ നാലെണ്ണം മാത്രമാണ് ഹിറ്റായത്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ വെല്‍ക്കം ടു ദി ജംഗിളും ബോക്‌സ് ഓഫീസില്‍ ചക്രശ്വാസം വലിക്കുകയാണ്.
അക്ഷയ് കുമാര്‍ Photo: Screen grab/ Shubhankar Mishra
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താരം നല്‍കിയ അഭിമുഖം വൈറലായിരിക്കുകയാണ്. ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ ഇപ്പോള്‍ പഴയതുപോലെ എല്ലാ സിനിമകളും ഹിറ്റാകുന്നില്ലെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. പ്രേക്ഷകര്‍ക്ക് ആവശ്യമുള്ള സിനിമകള്‍ മാത്രമാണ് ഹിറ്റാകുന്നതെന്നും ചില സിനിമകള്‍ ഭാഗ്യം കൊണ്ട് ഹിറ്റാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി ഹോക്കിനോട് സംസാരിക്കുകയായിരുന്നു അക്ഷയ് കുമാര്‍.
‘ചില സിനിമകള്‍ ഒട്ടും പ്രതീക്ഷിക്കാതെ ഹിറ്റാകുന്നുണ്ട്. പുതിയ രണ്ടുമൂന്ന് ആള്‍ക്കാര്‍ ചെയ്ത ഒരു സിനിമ കഴിഞ്ഞവര്‍ഷം വന്‍ ഹിറ്റായല്ലോ, അതിന്റെ പേര്…. ആ സൈയാര, ആ സിനിമയില്‍ പ്രത്യേകിച്ച് ഒന്നുമില്ല. എന്നിട്ടും ഹിറ്റായി. കാരണം, ഒരു വിഭാഗം ആളുകളെ സാറ്റിസ്‌ഫൈ ചെയ്യിക്കാനുള്ള എലമെന്റ് അതില്‍ ഉണ്ടായിരുന്നു.
സൈയാര Photo: Theatrical Poster
കുറച്ച് നല്ല പാട്ടുകള്‍, ആ പുതിയ പയ്യന്റെയും പെണ്‍കുട്ടിയുടെയും റൊമാന്‍സ് അതെല്ലാം നേരത്തെ പറഞ്ഞ ആ വിഭാഗത്തിന് കണക്ടായി. പിന്നെ കുറച്ച് ഭാഗ്യവും. വേറെ ഒന്നും ആ പടത്തില്‍ ഉണ്ടായിരുന്നില്ല. ഞാന്‍ ആ സിനിമയെ കുറച്ച് കാണുകയല്ല. അറുനൂറോ എഴുനൂറോ കോടിയാണ് ആ പടം കളക്ട് ചെയ്തത്. ഇപ്പോള്‍ ബോളിവുഡ് ഇന്‍ഡസ്ട്രിയുടെ സ്ഥിതി ഇങ്ങനെയാണ്,’ അക്ഷയ് കുമാര്‍ പറയുന്നു.
അക്ഷയ് കുമാറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ധാരാളം ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. സൈയാര പോലൊരു ഹിറ്റ് സിനിമയുടെ പേര് മനപൂര്‍വം പറയാതിരുന്നതാണെന്ന് പലരും ആരോപിക്കുന്നു. എന്നാല്‍ അക്ഷയ് കുമാര്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നും പാട്ടുകളല്ലാതെ സൈയാരയില്‍ മറ്റൊന്നുമില്ലെന്നും കമന്റുകളുണ്ട്.
Content Highlight: Akshay Kumar’s statement about Saiyaara movie viral