പ്രിയദര്‍ശന്‍ ചിത്രം ഹൈവാനിലെ തന്റെ ലുക്ക് പുറത്ത് വിട്ട് നടന്‍ അക്ഷയ് കുമാര്‍. 2016ല്‍ പുറത്തിറങ്ങിയ ഒപ്പം സിനിമയുടെ റീമേക്കായി ഒരുങ്ങുന്ന ഹൈവാനില്‍ നെഗറ്റീവ് റോളിലാണ് അക്ഷയ് കുമാര്‍ എത്തുന്നത്. സെയ്ഫ് അലി ഖാനാണ് സിനിമയില്‍ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. ഇപ്പോള്‍ സമൂഹമാധ്യമത്തിലൂടെ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ ഒരു ഗ്ലിംപ്‌സ് പുറത്ത് വിട്ടിരിക്കുകയാണ് താരം.
ഹൈവാന്റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ച് കഴിഞ്ഞുവെന്നാണ് അക്ഷയ് പോസ്റ്റില്‍ കുറിച്ചത്. എന്തൊരു യാത്രയായിരുന്നു ഇതെന്നും ഈ കഥാപാത്രം തന്നെ ഒരുപാട് രീതിയില്‍ പ്രോത്സാഹിപ്പിക്കുകയും, രൂപപ്പെടുത്തുകയും, അത്ഭുതപ്പെടുത്തുകയും ചെയ്തുവെന്നും അക്ഷയ് കുമാര്‍ പോസ്റ്റില്‍ കുറിച്ചു. സംവിധായകന്‍ പ്രിയദര്‍ശനും നടന്‍ സൈഫ് അലി ഖാനും താരം നന്ദി അറിയിച്ചു.
സെയ്ഫ് അലി ഖാനാണ് ഹൈവാനില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച വേഷം കൈകാര്യം ചെയ്യുന്നത്. സമുദ്രക്കനി അവതരിപ്പിച്ച വില്ലന്‍ വേഷത്തില്‍ എത്തുന്നത് അക്ഷയ് കുമാറാണ്. 17 വര്‍ഷങ്ങള്‍ക്കു ശേഷം അക്ഷയ് കുമാറും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം കൂടിയാണ് ഹൈവാന്‍.
കൊച്ചിയിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത്. ഊട്ടി, മുംബൈ എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷന്‍സ്. മലയാളത്തിന്റെ തനി പകര്‍പ്പായല്ല ഒപ്പം ഹിന്ദിയിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ബൊമന്‍ ഇറാനിയാണ് നെടുമുടി വേണു ചെയ്ത വേഷം ചെയ്യുന്നത്. ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമി ഖേര്‍, ശ്രിയ പില്‍ഗോന്‍ക എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. കെ.വി.എന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ തിയേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു ഒപ്പം. 2016ല്‍ ഓണം റിലീസായെത്തിയ ചിത്രം 70 കോടിയോളം സ്വന്തമാക്കിയിരുന്നു. അന്ധനായ ശിവരാമനും അയാള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമായിരുന്നു ചിത്രത്തിന്റെ കഥ.
Content highlight: Akshay Kumar has revealed his look from Priyadarshan’s film Haiwaan