മലയാളികളുടെ പ്രിയ നായകനടന്മാരിൽ ഒരാളാണ് ആസിഫ് അലി. ആഗ്രഹിച്ച് മോഹിച്ച് സിനിമയിലെത്തിയ താരത്തെ അഭിനയം കണ്ട് മാത്രം മലയാളികൾ ഇഷ്ടപ്പെട്ട് തുടങ്ങിയതല്ല.
താരത്തിന്റെ സ്വഭാവ സവിശേഷതകളും അതിന് വലിയ കാരണമായിട്ടുണ്ട്. തുടർച്ചയായ ഹിറ്റുകൾ നൽകുന്ന നടനല്ലെങ്കിലും അഭിനയിക്കാനുള്ള കഴിവ് കൊണ്ട് ആസിഫ് അലി എന്നും സിനിമാപ്രേമികളെ അത്ഭുതപ്പെടുത്താറുണ്ട്.
ആസിഫ് അലിയുടെ അനിയൻ എന്ന നിലയിൽ അസ്‌കർ അലിയോടും മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടം നിലനിൽക്കാറുണ്ട്. വിദ്യാഭ്യാസത്തിനുശേഷം അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ തുടക്കം കുറിച്ച അസ്‌കർ അലി, 2017ൽ പുറത്തിറങ്ങിയ ചെമ്പരത്തിപ്പൂ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു.
‘സംഭവം അധ്യായം ഒന്ന്, Photo: Book My Show
അതേ വർഷം തന്നെ ഹണിബീ 2.5ലും നായകനായി എത്തി. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ച താരം ഇപ്പോൾ തന്റെ പുതിയ ചിത്രം ‘സംഭവം അധ്യായം ഒന്ന്’ റിലീസിനൊരുങ്ങുകയാണ്. റൊമാന്റിക് ചിത്രങ്ങളിലെ ഇമേജിൽ നിന്ന് മാറി പുതിയ വഴികളിലേക്ക് സഞ്ചരിക്കാനൊരുങ്ങുകയാണ് താരം ഈ ചിത്രത്തിലൂടെ.
ഇപ്പോളിതാ മാതൃഭൂമി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ചേട്ടൻ ആസിഫ് അലിയെക്കുറിച്ച് സംസാരിക്കുകയാണ് താരം.
‘വ്യക്തിജീവിതത്തിൽ ആസിഫ് അലിയുടെ അനിയനാണെന്നത് ഭയങ്കര ഗുണമാണ്. ജീവിക്കാൻ അത്യാവശ്യം കാശില്ലെങ്കിലും ചേട്ടനുണ്ടല്ലോ എന്ന ആത്മവിശ്വാസമുണ്ട്. അനിയൻ എന്നത് സിനിമയിൽ ചില കാര്യങ്ങളിൽ ഗുണം ചെയ്തിട്ടുണ്ട്.
എന്നാൽ, ഇക്കയുടെ അനിയൻ എന്നത് കൊണ്ട് ആരും എന്റെ സിനിമ കാണാൻ കയറണം എന്നില്ല. ഞാൻ നന്നായി ചെയ്താലും നല്ല സിനിമയായാലും മാത്രമേ ആളുകൾ കാണൂ.
ആസിഫ് അലി, അക്‌സർ അലി, Photo: Aksar Ali/ Instagram
‘ഞങ്ങൾ തമ്മിൽ സിനിമയെക്കുറിച്ച് അധികം സംസാരിക്കാറില്ല. ഞാൻ എന്റെ അഭിനയം നന്നാക്കാൻ ശ്രമിക്കുന്നു. ഇക്ക ഇക്കയുടെ വഴിയേ പോകുന്നു. പിന്നെ സിനിമയുടെ അഭിപ്രായങ്ങൾ ഒറ്റവാക്കിൽ രേഖപ്പെടുത്തും.
വലിയ ചർച്ചകളൊന്നും നടത്താറില്ല. സിനിമ മോശമാണെങ്കിൽ അങ്ങനെയൊന്ന് ഇറങ്ങിയില്ല എന്ന ഭാവത്തിലാണ് പരസ്പരം നടക്കാറ്,’ അസ്‌കർ അലി പറഞ്ഞു.
കൂടാതെ, സിനിമകൾ എങ്ങനെയാണ് തെരഞ്ഞെടുക്കുന്നതെന്നും താരം പങ്കുവച്ചു. ‘വളരെ സെലക്ടീവാകാനുള്ള നിലയിലേക്ക് ഞാൻ എത്തിയിട്ടില്ല. എങ്കിലും വരുന്ന സിനിമകളിൽ നിന്ന് ഫിൽട്ടർ ചെയ്യാറുണ്ട്. വലിച്ചുവാരി സിനിമകൾ ചെയ്യാൻ താത്പര്യമില്ല.
നല്ല ഡയറക്ടർ, പ്രൊഡക്ഷൻ ഹൗസ്, തിരക്കഥ എന്നിവ നോക്കിയാണ് സിനിമകൾ തെരഞ്ഞെടുക്കുക. എല്ലാ ഭാഷകളിലുമായി ഒരുപാട് സിനിമകൾ ദിവസവും വരുന്നുണ്ട്. പലതും ആരും അറിയുന്നുപോലുമില്ല. ഞാൻ ചെയ്യുന്നവ ചുരുങ്ങിയത് ആളുകൾ ശ്രദ്ധിക്കണമെന്ന തോന്നലുണ്ട്,’ അസ്‌കർ അലി കൂട്ടിച്ചേർത്തു.
Content Highlight: Akshar Ali talks about his brother Asif Ali