മലയാളികൾ ഒരിക്കലും മറക്കാത്ത കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട്–ശ്രീനിവാസൻ–മോഹൻലാൽ. നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേൽപ്പ്, ടി.പി. ബാലഗോപാലൻ എം.എ, സന്മനസ്സുള്ളവർക്ക് സമാധാനം തുടങ്ങി നിരവധി ക്ലാസിക് ചിത്രങ്ങളിലൂടെ ഈ കൂട്ടുകെട്ട് മലയാള സിനിമയുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു.
സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, മോഹൻലാൽ, Photo: IMDb
അതേ പാരമ്പര്യത്തിന്റെ പുതിയ തലമുറയിൽ നിന്നുള്ള സംവിധായകനാണ് അഖിൽ സത്യൻ. നിവിൻ പോളി ഒരു സിനിമ ചെയ്യാൻ തന്നെ സമീപിച്ചിരുന്നുവെന്നും, എന്നാൽ അത് പിന്നീട് നടക്കാതെ പോയതിനെക്കുറിച്ചും അഖിൽ മുൻപ് സംസാരിച്ചിരുന്നു. ഇപ്പോഴിതാ ആ വിളിക്ക് പിന്നിലെ നിവിൻ പറഞ്ഞ വാക്കുകളും എടുത്തു പറയുകയാണ് അഖിൽ. സിനിഉലഗത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിവിൻ സിനിമയുടെ കാര്യം പറഞ്ഞ് എന്നെ വിളിക്കുമ്പോൾ പറഞ്ഞത് ഇങ്ങനെയായിരുന്നു. ശ്രീനിവാസന്റെ മകൻ വിനീത് എഴുതി, സത്യൻ സാറിന്റെ മകൻ അഖിൽ സംവിധാനം ചെയ്ത് എനിക്കൊരു സിനിമ ചെയ്യണമെന്ന്,’ അഖിൽ സത്യൻ പറഞ്ഞു.
മോഹൻലാൽ, ശ്രീനിവാസൻ, Photo: YouTube/Screen grab
എന്നാൽ ആ സമയത്ത് വിനീത് ശ്രീനിവാസൻ മറ്റ് തിരക്കുകളിലായിരുന്നതിനാൽ ആ കോംബോ വെള്ളിത്തിരയിലെത്തിക്കാൻ സാധിച്ചില്ലെന്നും അഖിൽ വ്യക്തമാക്കി. തുടർന്ന് നിവിൻ പോളിക്കായി താൻ എഴുതിയ തിരക്കഥയായിരുന്നു ‘പാച്ചുവും അത്ഭുതവിളക്കും’, എന്നാൽ പിന്നീട് ആ സിനിമ ഫഹദ് ഫാസിലിലേക്ക് മാറുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിവിൻ പോളി, അഖിൽ സത്യൻ, Photo: Nivin Pauly / Facebook
പഴയ തലമുറയിൽ സത്യൻ–ശ്രീനിവാസൻ–മോഹൻലാൽ കൂട്ടുകെട്ട് സൃഷ്ടിച്ച മാജിക് പോലെ, പുതിയ തലമുറയിൽ വിനീത് ശ്രീനിവാസൻ–അഖിൽ സത്യൻ–നിവിൻ പോളി കോംബോ ഒരിക്കൽ ഒന്നിച്ചാൽ അത് മലയാള സിനിമയിലെ മറ്റൊരു ശ്രദ്ധേയ കൂട്ടുകെട്ടായി മാറുമെന്നതിൽ സംശയമില്ല.
അഖിൽ സത്യന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ ‘സർവ്വം മായ’ അത്തരത്തിൽ രൂപപ്പെട്ട ഒരു കൂട്ടുകെട്ടായിരുന്നു. ബോക്സ് ഓഫീസിൽ നൂറുകോടി ക്ലബ്ബിൽ ഇടം നേടിയ ഈ ചിത്രം, നിവിൻ പോളിയുടെ കരിയറിലെ ആദ്യ നൂറുകോടി ചിത്രമെന്ന നേട്ടവും സ്വന്തമാക്കി. ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം അജു വർഗീസ്, റിയ ഷിബു, ജനാർദ്ദനൻ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ, രഘുനാഥ് പാലേരി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്.