ലഖ്നൗ: ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബി.ജെ.പി ഒരു പാര്‍ട്ടിയല്ലെന്നും വഞ്ചനയാണെന്നും അഖിലേഷ് യാദവ് എക്സില്‍ കുറിച്ചു.
ബീഹാര്‍ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പിയുടെ ഗൂഢാലോചന പുറത്തുവന്നുവെന്നും എസ്.ഐ.ആറിനെ മുന്‍നിര്‍ത്തിയുള്ള കളികള്‍ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നടക്കില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇനിയും ഈ കളി തുടരാന്‍ ബി.ജെ.പിയെ അനുവദിക്കില്ലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
സി.സി.ടി.വിയ്ക്ക് സമാനമായി ‘പി.ഡി.എ സെന്റിനല്‍’ എന്നര്‍ത്ഥം വരുന്ന തങ്ങളുടെ ‘പി.പി.ടി.വി’ ജാഗ്രത പാലിക്കുകയും ബി.ജെ.പിയുടെ ഉദ്ദേശ്യങ്ങളെ തകര്‍ക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ബീഹാറിലെ എന്‍.ഡി.എയുടെ മുന്നേറ്റത്തില്‍ കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടും രൂക്ഷവിമര്‍ശനം ഉയര്‍ത്തി. മഹാഗഡ്ബന്ധന്‍ സഖ്യത്തെ തോല്‍പ്പിക്കാനായി ബി.ജെ.പി ഓരോ സ്ത്രീകള്‍ക്കും 10,000 രൂപ വീതം നല്‍കിയെന്ന് ഗെഹ്‌ലോട്ട് പറയുന്നു.
ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.ഐ.എം, സി.പി.ഐ(എം.എല്‍), വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, ഇന്ത്യന്‍ ഇന്‍ക്ലുസീവ് പാര്‍ട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മഹാഗഡ്ബന്ധന്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവിനെ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രചരണം.
യുവ വോട്ടര്‍മാര്‍ക്കിടയില്‍ തേജസ്വി യാദവിന് വലിയ സ്വാധീനം നേടാനാകുമെന്നായിരുന്നു കണക്കുകൂട്ടലെങ്കിലും പ്രതീക്ഷിച്ച ഫലമല്ല പുറത്തുവരുന്നത്. നിലവില്‍ 36 സീറ്റുകളില്‍ മാത്രമാണ് ആര്‍.ജെ.ഡി മുന്നേറുന്നത്. 200 സീറ്റുകളില്‍ എന്‍.ഡി.എ ലീഡ് നിലനിര്‍ത്തുന്നുണ്ട്.
ലീഡ് നിലയില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരുകയാണ്. കോണ്‍ഗ്രസ് ബീഹാറിന്റെ കളത്തിലേ ഇല്ലാത്ത അവസ്ഥയാണ്. അതേസമയം അഞ്ച് സീറ്റുകളില്‍ ഇടതുപാര്‍ട്ടികള്‍ ലീഡ് ചെയ്യുന്നുണ്ട്. നാല് സീറ്റില്‍ സി.ഐ.ഐ.എം.എലും ഒരു സീറ്റില്‍ സി.പി.ഐ.എമ്മും ലീഡില്‍ തുടരുകയാണ്.
Content Highlight: Akhilesh Yadav says BJP is not a party, it is a fraud