| Sunday, 19th April 2026, 10:52 pm

ചായ വിളമ്പിയതിന് ക്രൂരത; പീഡനത്തിനിരയായ കുടുംബത്തിന് സഹായവുമായി അഖിലേഷ് യാദവ്

മുഹമ്മദ് നബീല്‍

ലഖ്‌നൗ: തനിക്ക് ചായ വിളമ്പിയതിന് പിന്നാലെ ഭരണകൂടം പിന്തുടർന്ന് ആക്രമിച്ച ശേഷ്മാൻ യാദവിനും മകൻ ആര്യൻ യാദവിനും പിന്തുണയുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്.

ബി.ജെ.പി ആർക്കും തൊഴിൽ നൽകുന്നില്ലെന്നും സ്വന്തം കഠിനാധ്വാനം കൊണ്ട് എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നവരെ അവർ ഭീഷണിപ്പെടുത്തുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.

‘ഞങ്ങളെപ്പോലുള്ളവർ അവരുടെ ജോലിയെ ആദരിക്കാനും അവരുടെ കച്ചവടത്തെ പ്രോത്സാഹിപ്പിക്കാനുമായി അവിടെ പോകുന്നു എന്നത് മാത്രമാണ് ബി.ജെ.പി ഭരണകൂടത്തിന്റെ ഈ നടപടികൾക്ക് കാരണം,’ അദ്ദേഹം പറഞ്ഞു.

‘ഫത്തേപൂരിൽ വെച്ച് നിങ്ങളിലൊരാളായ ആര്യന്റെ കടയിൽ നിന്ന് ഞങ്ങൾ സ്നേഹത്തോടെ ചായ കുടിച്ചിരുന്നു. ഇപ്പോൾ ഭക്ഷ്യസുരക്ഷാ വകുപ്പ് അദ്ദേഹത്തിന്റെ കടയിലെ ചായയുടെ സാമ്പിൾ എടുക്കുകയും, അലുമിനിയം പാത്രങ്ങളിലാണ് ചായ ഉണ്ടാക്കുന്നത് എന്നാരോപിച്ച് കട സീൽ ചെയ്യുമെന്ന് ആര്യനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു,’ അഖിലേഷ് എക്‌സിൽ കുറിച്ചു.

കഴിഞ്ഞദിവസം ലക്‌നൗവിൽ സമാജ്‌വാദി പാർട്ടി ഓഫീസിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അദ്ദേഹം ആര്യന് ചായ ഉണ്ടാക്കാൻ പിച്ചള പാത്രങ്ങൾ സമ്മാനമായി നൽകി.

‘ബി.ജെ.പി സർക്കാർ ഒരാളുടെ ഉപജീവനമാർഗം ഇല്ലാതാക്കുമ്പോൾ ഞങ്ങൾ അവർക്ക് സഹായഹസ്തം നീട്ടും, ഓരോ തവണയും അത് ഞങ്ങൾ തുടരും,’ ആര്യന് പാത്രങ്ങൾ കൈമാറുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് യാദവ് എക്‌സിൽ പ്രതികരിച്ചു.

കഴിഞ്ഞ ഫെബ്രുവരി മാസമായിരുന്നു അഖിലേഷ് യാദവ് ശേഷ്മാൻ യാദവിന്റെയും മകൻ ആര്യൻ യാദവിന്റെയും കടയിൽ നിന്നും ചായകുടിച്ചത്. രണ്ട് മാസങ്ങൾക്ക് ശേഷം ഭക്ഷണനിർമാണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ശേഷ്മാനെയും കുടുംബത്തെയും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉപദ്രവിക്കുകയായിരുന്നു .

കടയിലെത്തിയ ജില്ലാ ഭരണകൂടത്തിന്റെ സംഘം ചായയുടെ സാമ്പിളുകൾ ശേഖരിക്കുകയും, ചായയുണ്ടാക്കാൻ എന്തിനാണ് അലുമിനിയം പാത്രങ്ങൾ ഉപയോഗിക്കുന്നതെന്ന് അവരോട് ചോദിക്കുകയും ചെയ്തു.

ചായക്കടയുടെ ലൈസൻസ് കാണിച്ചിട്ടും നിങ്ങൾ അഖിലേഷ് യാദവിന് ചായ നൽകിയതിനാൽ നിങ്ങളുടെ കട പിടിച്ചെടുക്കും എന്നാണ് ഉദ്യോഗസ്ഥർ തങ്ങളോട് പറഞ്ഞതെന്ന് ആര്യൻ മാധ്യമങ്ങളോട് പറഞ്ഞു.

ഉദ്യോഗസ്ഥരുടെ പീഡനം നിരന്തരം തുടർന്നതോടെ തന്റെ കട അടയ്ക്കുകയാണെന്ന് ആര്യൻ എക്‌സിൽ കുറിച്ചിരുന്നു.

Content Highlight: Akhilesh Yadav offers help to family of victim of harassment for serving tea

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more