| Thursday, 4th December 2025, 7:13 am

ബീഹാറിലെ തിരിച്ചടി; മുസ്‌ലിമിന് പകരം സ്ത്രീകള്‍; യു.പിയില്‍ രാഷ്ട്രീയ സമവാക്യം മാറ്റിയെഴുതാന്‍ അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ബീഹാര്‍ തെരഞ്ഞെടുപ്പിലെ ഇന്ത്യ സഖ്യത്തിന്റെ ദയനീയ പരാജയത്തിന് പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയുടെ രാഷ്ട്രീയ സമവാക്യം തിരുത്തിയെഴുതാന്‍ പദ്ധതികളുമായി അഖിലേഷ് യാദവ്. പാര്‍ട്ടിയുടെ മുസ്‌ലിം അനുകൂല പ്രതിച്ഛായ മാറ്റിയെഴുതാനാണ് അഖിലേഷ് ശ്രമിക്കുന്നതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സമാജ്‌വാദി പാര്‍ട്ടിയുടെ ഏറെ പ്രസിദ്ധമായ പി.ഡി.എ (PDA) മുദ്രാവാക്യത്തിലെ ‘എ’യ്ക്ക് പുതിയ മാനം നല്‍കാനാണ് എസ്.പി ഒരുങ്ങുന്നത്.

സമാജ്‌വാദി പാര്‍ട്ടിയുടെ പ്രധാന വോട്ടുബാങ്കുകളെയാണ് പി.ഡി.എ എന്ന പേരില്‍ വിളിക്കുന്നത്. പിന്നാക്ക വിഭാഗങ്ങളെ സൂചിപ്പിക്കുന്ന ‘പിച്ച്ഡ’, ‘ദളിത്’, മുസ്‌ലിം വിഭാഗത്തെ കുറിക്കുന്ന ‘അല്‍പസംഖ്യക്’ എന്നിവരെയാണ് പി.ഡി.എ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതില്‍ അല്‍പസംഖ്യക് എന്നതിന് പകരം സ്ത്രീകളെ കുറിക്കുന്ന ‘ആദി അബാദി’ എന്ന് തിരുത്താനാണ് എസ്.പി. ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

അഖിലേഷ് യാദവ്. Photo: Akhilesh Yadav/Facebook.com

ഡിംപിള്‍ യാദവ്, പ്രിയ സരോജ്, ഇക്ര ഹസന്‍, കൃഷ്ണ ദേവി തുടങ്ങി പാര്‍ട്ടിയിലെ വനിതാ എം.പിമാരുടെ ചിത്രം അഖിലേഷ് യാദവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ഈ ചര്‍ച്ചകള്‍ക്കും തുടക്കമായത്.

പി.ഡി.എിലെ എ എന്നത് ആദി അബാദിയെന്നാണെന്നും അഖിലേഷ് പോസ്റ്റില്‍ കുറിച്ചിരുന്നു.

‘പി.ഡി.എയുടെ പതാക എല്ലായ്‌പ്പോഴും പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടാന്‍ ഉത്തരവാദിത്തപ്പെട്ട പൊതുപ്രവര്‍ത്തകര്‍ എന്ന നിലയില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പ്രതിനിധികള്‍ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. സ്ത്രീശാക്തീകരണം നടപ്പിലാക്കേണ്ടത് കേവലം വാക്കുകളിലൂടെയല്ല, മറിച്ച് അവര്‍ക്ക് കൃത്യമായ പ്രാതിനിധ്യം നല്‍കിക്കൊണ്ടായിരിക്കണം. പി.ഡി.എയുടെ ഭാഗമായ സ്ത്രീകള്‍ക്ക് എന്നും ബഹുമാനം നല്‍കുകയെന്നത് നമ്മുടെ കടമയാണ്,’ പോസ്റ്റില്‍ അഖിലേഷ് കുറിച്ചു.

ഉത്തര്‍പ്രദേശില്‍ എന്നും സമാജ്‌വാദി പാര്‍ട്ടിയുടെ കോര്‍ വോട്ടുകളായി നിന്നിരുന്ന മുസ്‌ലിം വിഭാഗത്തെ മാറ്റി നിര്‍ത്തി പുതിയ രാഷ്ട്രീയ സമവാക്യം രൂപീകരിക്കാനാണോ അഖിലേഷ് ശ്രമിക്കുന്നത് എന്ന ചോദ്യം ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്.

അഖിലേഷ് യാദവ്. Photo: Akhilesh Yadav/Facebook.com

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വിഭാഗമാണ് മുസ്‌ലിങ്ങള്‍. തെരഞ്ഞെടുപ്പില്‍ എസ്.പി 37 സീറ്റുകള്‍ നേടിയപ്പോള്‍ ബി.ജെ.പിക്ക് 34 സീറ്റ് മാത്രമാണ് നേടാന്‍ സാധിച്ചത്. രാമക്ഷേത്ര നിര്‍മാണത്തിന്റെ പശ്ചാത്തലത്തില്‍ പോലും അയോധ്യയിലടക്കം ബി.ജെ.പിക്ക് എസ്.പിയോട് അടിയറവ് പറയേണ്ടി വന്നിരുന്നു.

എന്നാല്‍ അഖിലേഷിന്റെ പുതിയ തീരുമാനത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് അത്ഭുതമില്ല എന്നാണ് റിപ്പോര്‍ട്ട്.

‘2027 അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തില്‍ പാര്‍ട്ടിയുടെ മുസ്‌ലിം അനുകൂല പ്രതിച്ഛായ മറികടക്കാനാണ് അഖിലേഷ് ശ്രമിക്കുന്നത്,’ ലഖ്‌നൗ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പൊളിറ്റിക്കല്‍ അനലിസ്റ്റ് ഡെക്കാന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ മുസ്‌ലിം-യാദവ് വിഭാഗത്തിന്റെ പിന്തുണ കൊണ്ട് മാത്രം വിജയിക്കാന്‍ സാധിക്കില്ലെന്ന് എസ്.പിക്ക് മനസിലായെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞതായും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

‘മുസ്‌ലിം വിഭാഗത്തിന്റെ വോട്ടുകള്‍ ഭിന്നിച്ചുപോയെന്ന് ബിഹാര്‍ തെരഞ്ഞെടുപ്പ് കാണിച്ചുതരുന്നു,’ പേര് വെളിപ്പെടുത്താത്ത എസ്.പി നേതാവ് ഡെക്കാന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

സമാജ്‌വാദി പാര്‍ട്ടി. Photo: Samajwadi Party/Facebook.com

2022 തെരഞ്ഞെടുപ്പില്‍ MY vs MY എന്ന രാഷ്ട്രീയ സമവാക്യമാണ് ഉത്തര്‍പ്രദേശില്‍ ഉണ്ടായിരുന്നത്. ബി.ജെ.പിയുടെ മോദി-യോഗി ദ്വയത്തെ മുസ്‌ലിം-യാദവ പിന്തുണയോടെയാണ് സമാജ്‌വാദി പാര്‍ട്ടി നേരിട്ടത്.

മുലായം സിങ് യാദവിന്റെ കാലം മുതല്‍ യാദവ വിഭാഗവും മുസ്‌ലിം വിഭാഗവുമാണ് തെരഞ്ഞെടുപ്പില്‍ എസ്.പിയുടെ ശക്തി. സംസ്ഥാനത്തിന്റെ ആകെ ജനസംഖ്യയുടെ 20 ശതമാനം വരുന്ന മുസ്‌ലിം വിഭാഗവും 10 ശതമാനം വരുന്ന യാദവവിഭാഗവും ഏത് തെരഞ്ഞെടുപ്പിന്റെ ഗതി തന്നെ നിര്‍ണയിക്കാന്‍ പോന്നവരാണ്.

പരമ്പരാഗത രാഷ്ട്രീയ സമവാക്യത്തില്‍ എസ്.പി മാറ്റം വരുത്തുന്നത് ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയ ഭൂമികയില്‍ ചലനമുണ്ടാക്കുമോ എന്ന് വരും ദിവസങ്ങളില്‍ തന്നെ കണ്ടറിയേണ്ടി വരും.

Content Highlight: Akhilesh Yadav has come up with a plan to rewrite the political equation of the Samajwadi Party

Latest Stories

We use cookies to give you the best possible experience. Learn more