| Saturday, 10th January 2026, 8:48 pm

ഒഴിവാക്കപ്പെടാൻ പോകുന്ന വോട്ടർമാരുടെ എണ്ണം ബി.ജെ.പി നേതാക്കൾ എങ്ങനെ അറിയുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അഖിലേഷ് യാദവ്

ശ്രീലക്ഷ്മി എ.വി.

ലഖ്‌നൗ: കരട് വോട്ടർ പട്ടിക പുറത്തുവിടുന്നതിനും മുമ്പ് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാൻ പോകുന്ന വോട്ടർമാരുടെ എണ്ണം ബി.ജെ.പി നേതാക്കൾ എങ്ങനെയറിഞ്ഞെന്നും ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.

ഉത്തർപ്രദേശിൽ വോട്ടർ പട്ടികയിൽ എസ്.ഐ.ആർ നടത്തിയെന്നും ബി.എൽ.എമാർ ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും യാതൊരു എതിർപ്പും കൂടാതെ ഈ പ്രക്രിയയിൽ പങ്കെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

ചൊവ്വാഴ്ച വോട്ടർ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ 3 കോടി വോട്ടുകൾ നീക്കം ചെയ്യപ്പെടുമെന്ന് താൻ ഭയപ്പെട്ടിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കരട് വോട്ടർ പട്ടിക പുറത്തുവിടുന്നതിനും മുമ്പ് ഏകദേശം നാല് കോടി വോട്ടുകൾ നീക്കം ചെയ്യപ്പെടുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി പറഞ്ഞിരുന്നുവെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.

വിവരങ്ങൾ നേരത്തെ ചോരുന്നുണ്ടെന്നും ഇത്ര വോട്ടുകൾ ഒഴിവാക്കപ്പെടുമെന്ന് എങ്ങനെ അറിയുന്നുവെന്നും അദ്ദേഹം ചോദിച്ചു.

മണ്ഡലങ്ങളിലെ ഇടപെടലുണ്ടായിട്ടുണ്ടെന്നും ഒരു ജില്ലയിൽ മാത്രം മൂന്ന് ലക്ഷം വോട്ടുകൾ നീക്കം ചെയ്തിട്ടുണ്ടെന്ന് കനൗജിൽ നിന്നുള്ള മുൻ എം.പിയും പറഞ്ഞിരുന്നെന്നും അഖിലേഷ് യാദവ് പറഞ്ഞു.

രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പി നേതാക്കൾ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അന്തിമ വോട്ടർ പട്ടിക ഈ വർഷം മാർച്ച് 6ന് പ്രസിദ്ധീകരിക്കുമെന്നും
പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക വൈകിപ്പിക്കുന്നത് വസ്തുതകൾ മറച്ചുവെക്കാനാണോയെന്നും അഖിലേഷ് യാദവ് ചോദിച്ചു.

യഥാർത്ഥ വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ ചേർക്കപ്പെടുമെന്ന് താൻ പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ നവദീപ് റിൻവ നൽകിയ വിവരങ്ങൾ പ്രകാരം, ആകെ ലിസ്റ്റ് ചെയ്തിരുന്ന 15.44 കോടി വോട്ടർമാരിൽ 2.89 കോടി പേരെ ഒഴിവാക്കിയെന്നും 12.55 കോടി പേരെ പട്ടികയിൽ നിലനിർത്തിയെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.

മരണം, സ്ഥിരമായ താമസം മാറൽ, ഇരട്ട രജിസ്ട്രേഷൻ എന്നിവ കാരണമാണ് 18.70 ശതമാനം വോട്ടർമാരെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: How do BJP leaders know the number of voters who are going to be excluded; Akhilesh Yadav attacks Election Commission

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more