| Friday, 28th November 2025, 3:22 pm

ഇന്ത്യക്കാരെ കൊളോണിയൽ കാലഘട്ടത്തേക്കാൾ മോശം അവസ്ഥയിലേക്ക് തള്ളിവിടുന്നു; എസ്. ഐ.ആറിനെതിരെ അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) രാജ്യത്തെ ജനങ്ങൾക്കെതിരായ ഗൂഡാലോചനയാണെന്ന് സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്.

രാജ്യത്തെ പൗരന്മാരെ കൊളോണിയൽ കാലഘട്ടത്തേക്കാൾ മോശം അവസ്ഥയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്നും അഖിലേഷ് പറഞ്ഞു.

ഇത് ജനാധിപത്യത്തോടുള്ള വഞ്ചനയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ബി.ജെ.പിയുടെ ഈ ഗൂഢാലോചനയെ തുറന്നുകാട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച എക്സിൽ പങ്കുവെച്ച 20 സെക്കന്റുള്ള വീഡിയോ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

‘രാജ്യത്തെ പൗരന്മാരെ കൊളോണിയൽ കാലഘട്ടത്തേക്കാൾ മോശം അവസ്ഥയിലേക്ക് തള്ളിവിടുകയാണ്. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഇന്ന് വോട്ടുകൾ വെട്ടികുറയ്ക്കപ്പെടുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണം. നാളെ ഭൂരേഖകളിൽ നിന്നും റേഷൻ കാർഡുകളിൽ നിന്നും ജാതി സർട്ടിഫിക്കറ്റുകളിൽ നിന്നും സംവരണങ്ങളിൽ നിന്നും ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ലോക്കറുകളിൽ നിന്നടക്കം പേരുകൾ നീക്കം ചെയ്യപ്പെടും,’ അഖിലേഷ് പറഞ്ഞു. ഓരോ വോട്ടും സംരക്ഷിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പിയും സഖ്യകക്ഷികളും സംസ്ഥാന സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനിലെ ചില അഴിമതിക്കാരായ ഉദ്യോഗസ്ഥരും ചേർന്ന് മുഴുവൻ തെരഞ്ഞെടുപ്പ് സംവിധാനവും കയ്യടക്കാൻ ശ്രമിക്കുകയാണെന്നും അഖിലേഷ് യാദവ് ആരോപിച്ചു.

‘ബി.ജെ.പി നേതാക്കളും അവരുടെ സഖ്യകക്ഷികളും പരസ്യമായ കൊള്ളയാണ് നടത്തുന്നത്. വോട്ടിലൂടെയുള്ള നമ്മുടെ ഐഡന്റിറ്റി സംരക്ഷിക്കാൻ ഒന്നിച്ചു നിൽക്കണം. അല്ലെങ്കിൽ നാളെ അവർ നമ്മളെ രാജ്യത്തിന് പുറത്തുനിന്നുള്ളവരായി സ്വയം പ്രഖ്യാപിക്കും,’ അദ്ദേഹം പറഞ്ഞു.

Content Highlight: Akhilesh Yadav against S. I.R

We use cookies to give you the best possible experience. Learn more