| Wednesday, 23rd September 2026, 9:03 am

റായ്ബറേലിയിൽ നിന്ന് അഖിലേഷിന്റെ 'പി.ഡി.എ യാത്ര': യു.പിയിൽ എസ്.പി-കോൺഗ്രസ് ബന്ധത്തിൽ പുതിയ സമവാക്യങ്ങൾ

ശ്രീലക്ഷ്മി പി.പി

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നയിക്കുന്ന ‘പി.ഡി.എ രഥയാത്ര’ രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ റായ്ബറേലിയിൽ നിന്ന് സെപ്റ്റംബർ 24-ന് ആരംഭിക്കും.

2027-ലെ യു.പി തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യ മുന്നണിയിലെ പ്രമുഖ സഖ്യകക്ഷികളായ എസ്.പിയും കോൺഗ്രസും തമ്മിലുള്ള ബന്ധത്തെ പുതിയ രാഷ്ട്രീയ ചർച്ചകളിലേക്ക് എത്തിച്ചിരിക്കുകയാണ് ഈ നീക്കം.

സംസ്ഥാനത്ത് ആകെ സഞ്ചരിക്കുന്ന യാത്രയുടെ പൂർണ രൂപരേഖയും സമയക്രമവും പാർട്ടി നേതൃത്വം ഉടൻ തന്നെ ഔദ്യോഗികമായി തീരുമാനിക്കും.

പിന്നോക്കക്കാർ, ദളിതർ, ന്യൂനപക്ഷങ്ങൾ എന്നിവരുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പി.ഡി.എ സഖ്യം കൂടുതൽ ശക്തമാക്കാനാണ് യാത്ര സംഘടിപ്പിക്കുന്നത്.

ബച്ച്രാവനിൽ നിന്ന് തുടങ്ങി പാർട്ടി എം.എൽ.എ രാഹുൽ ലോധിയുടെ വസതി സന്ദർശിച്ച ശേഷം ആദ്യഘട്ട യാത്ര റായ്ബറേലി നഗരത്തിൽ സമാപിക്കും.

കഴിഞ്ഞ സെപ്റ്റംബർ 17-ന് റായ്ബറേലിയിലെ ഫിറോസ് ഗാന്ധി കോളേജിൽ എ.ബി.വി.പി പ്രവർത്തകരും എസ്.പിയുടെ വിദ്യാർത്ഥി വിഭാഗമായ ഛത്രസഭയും തമ്മിലുണ്ടായ സംഘർഷവും അതിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ നിഷ്ക്രിയ സമീപനവുമാണ് അഖിലേഷിന്റെ പെട്ടെന്നുള്ള സന്ദർശനത്തിന് കാരണമായി പാർട്ടി ചൂണ്ടിക്കാട്ടുന്നത്.

എ.ബി.വി.പി പ്രവർത്തകർ തങ്ങളുടെ വിദ്യാർത്ഥി നേതാക്കളെ മർദ്ദിച്ചുവെന്ന് ആരോപിച്ച എസ്.പി പൊലീസിന്റെ നടപടിയെയും ചോദ്യം ചെയ്തു. പൊലീസിന്റെ ഭാഗത്തുനിന്ന് അമിതാധികാര പ്രയോഗവും ജാതി വിവേചനവും ഉണ്ടായതായി എം.എൽ.എ രാഹുൽ ലോധി ആരോപിച്ചപ്പോൾ, ഈ സംഭവം മൊത്തത്തിൽ പി.ഡി.എയ്ക്ക് നേരെയുള്ള ആക്രമണമാണെന്നാണ് അഖിലേഷ് വിശേഷിപ്പിച്ചത്.

എന്നാൽ രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ നിന്ന് തന്നെ യാത്ര ആരംഭിക്കുന്നത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചകളിലെ വിലപേശലിനായാണെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള അഞ്ച് നിയമസഭാ സീറ്റുകളിൽ മൂന്നെണ്ണം നിലവിൽ എസ്.പിയുടെ പക്കലാണ്. ബാക്കി രണ്ടിടത്ത് ബി.ജെ.പിയാണ് ഉള്ളത്.

ഈ മണ്ഡലത്തിൽ കോൺഗ്രസിന് നിലവിൽ എം.എൽ.എമാരില്ല. തങ്ങളുടെ സ്വാധീനം ഉയർത്തിക്കാട്ടി കൂടുതൽ സീറ്റുകൾ ഉറപ്പിക്കാൻ എസ്.പി ശ്രമിക്കുമ്പോൾ, ഇത് രാഹുൽ ഗാന്ധിയുടെ മണ്ഡലമായതിനാൽ മാന്യമായ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.

Content Highlight:Akhilesh’s ‘PDA Yatra’ from Rae Bareli: New Equations Emerge in the SP-Congress Alliance in Uttar Pradesh.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more