പ്രേമലുവിലെ കാര്‍ത്തികയായി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ നടിയാണ് അഖില ഭാര്‍ഗവന്‍. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ അഖില, അനുരാഗ് എന്‍ജിനീയറിങ് വര്‍ക്‌സ് എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് പൂവന്‍ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ച താരം പ്രേമലുവിന്റെ വിജയത്തോടെയാണ് കൂടുതല്‍ ശ്രദ്ധ നേടുന്നത്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ റോം-കോം ചിത്രമായ പ്രേമലുവില്‍ കാര്‍ത്തിക എന്ന കഥാപാത്രത്തെയായിരുന്നു അഖില അവതരിപ്പിച്ചത്. അഖില നായികയായി ഇപ്പോള്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍. ശ്യാമിന്‍ ഗിരീഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ സംഗീത് പ്രതാപാണ് നായകനായി വേഷമിട്ടിരിക്കുന്നത്. എക്‌സ്ട്രാ ഓര്‍ഡിനറി കഴിവ് ലഭിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രത്തിന് ആദ്യ ഷോയ്ക്ക് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
അഖില ഭാര്‍ഗവന്‍. Photo: Akhila Bharghavan/ Facebook.com
ചിത്രത്തിന്റെ പ്രൊമേഷന്റെ ഭാഗമായി ഇറ്റ്‌സ് മെഡിക്കല്‍ മിറാക്കിള്‍ ടീം കോളേജുകള്‍ സന്ദര്‍ശിച്ചത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതില്‍ അഖില ഉള്‍പ്പെടുന്ന വീഡിയോകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന അടിക്കുറിപ്പോടെ പ്രചരിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെക്‌സ് മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ചിത്രത്തിന്റെ പ്രൊമോഷന് ഒരു കോളേജില്‍ പോയപ്പോള്‍ ഞങ്ങളെല്ലാവരും സ്‌റ്റേജില്‍ പോയി ഇരിക്കുകയായിരുന്നു. സംഗീതേട്ടന്‍ ആദ്യം വന്നിരുന്നു, അപ്പുറത്ത് കിരണ്‍ ചേട്ടന്‍ ഇരിക്കുന്നുണ്ട്. ഇതിന്റെ നടുവില്‍ ഒരു സീറ്റ് വേക്കന്റ് ആണ്. നമ്മുടെ സംവിധായകനും റൈറ്ററും എന്നോട് ആ സീറ്റില്‍ അവരോടൊപ്പം പോയി ഇരിക്കാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ അവിടെ നിന്ന് എഴുന്നേറ്റ് അവരുടെ അടുത്ത് പോയി ഇരുന്നു.
ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍. Photo: Screen Grab/ Think Music India/ Youtube.com
പക്ഷേ ഇത് വീഡിയോ ആയി വന്നപ്പോള്‍ ഡയറക്ടറുടെയും റൈറ്ററുടെയും ഭാഗം അതിലില്ല. ഞാന്‍ അവരെ ഇരിക്കാന്‍ സമ്മതിക്കാതെ ഓടിവന്ന് സംഗീതേട്ടന്റെ അടുത്ത് ഇരിക്കുന്ന പോലെയാണ് ഉള്ളത്. സംഗീതിന്റെ അടുത്ത് വേറെ ആരും ഇരിക്കാതിരിക്കാന്‍ വേണ്ടി അഖില ചെയ്തത് കണ്ടോ എന്നാണ് ക്യാപ്ഷനിട്ടത്. അവിടെ എന്താണ് നടന്നത് എന്ന് എനിക്ക് നന്നായിട്ട് അറിയാം. ഈ വീഡിയോ എടുത്ത ചേട്ടനും അത് നന്നായിട്ട് അറിയാം. കോളേജിലെ എല്ലാ കുട്ടികളും കണ്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ ഈ വീഡിയോ കണ്ടാല്‍ അവര്‍ പറഞ്ഞതുപോലെയേ ആള്‍ക്കാര്‍ വിശ്വസിക്കുകയുള്ളൂ.
എനിക്ക് ദേഷ്യം വന്നിട്ട് വീഡിയോക്ക് താഴെ ഞാന്‍ കമന്റിട്ടു. ചേട്ടന്‍ കണ്ടതല്ലേ, പിന്നെ എന്തിനാണ് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ഇങ്ങനെയൊരു ക്യാപ്ഷന്‍ ഇട്ടത് എന്ന് ഞാന്‍ കമന്റില്‍ ചോദിച്ചു. ചില മീഡിയക്കാരായിട്ട് നമുക്ക് തലയില്‍ കയറ്റിത്തരുന്ന കുറേ നെഗറ്റീവ് സാധനങ്ങളില്‍ പെട്ടതാണ് ഇതെല്ലാം,’ അഖില പറഞ്ഞു.
Content Highlight: Akhila Bharghavan talks about her experience from online media