| Sunday, 20th September 2026, 9:04 am

അഭിനയമൊന്നും നിന്നെക്കൊണ്ട് പറ്റുന്ന കാര്യമല്ല എന്നായിരുന്നു അവർ പണ്ട് പറഞ്ഞത്: അഖില ഭാർഗവൻ

നന്ദന. ടി

പ്രേമലുവിലെ കാർത്തികയായി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടിയാണ് അഖില ഭാർഗവൻ. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ അഖില, അനുരാഗ് എൻജിനീയറിങ് വർക്സ് എന്ന ഷോർട്ട് ഫിലിമിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. തുടർന്ന് പൂവൻ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച താരം പ്രേമലുവിന്റെ വിജയത്തോടെയാണ് കൂടുതൽ ശ്രദ്ധ നേടുന്നത്.

അഖില ആദ്യമായി നായികയായി എത്തിയ ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

അഖില ഭാർഗവൻ. Photo.X.com

ബിജു മേനോൻ, ഗണപതി, ശ്രീനാഥ് ഭാസി, ഗ്രേസ് ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമൽ ഷീല തമ്പി സംവിധാനം ചെയ്യുന്ന അവറാച്ചൻ ആൻഡ് സൺസ് ആണ് തീയേറ്ററുകളിലെത്താനിരിക്കുന്ന അഖിലയുടെ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ജാങ്കോ സ്പെയിസിന് നൽകിയ അഭിമുഖത്തിൽ അഭിനയരംഗത്തേക്കുള്ള തന്റെ കടന്നുവരവിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് നടി.

പണ്ട് സിനിമ എന്നത് കൊച്ചി പോലുള്ള സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്കായിരിക്കും എത്തിപ്പെടാൻ എളുപ്പം എന്ന രീതിയിലുള്ള ചിന്തകൾ ഉണ്ടായിരുന്നു എന്ന് പറയുകയാണ് അഖില. അതുകൊണ്ടുതന്നെ കണ്ണൂർ ജില്ലയിൽ നിന്ന് വരുന്നതുകൊണ്ടും സിനിമയുമായി പശ്ചാത്തലം ഇല്ലാത്തതുകൊണ്ടും താൻ സിനിമയിൽ എത്തിപ്പെടും എന്ന് വിചാരിച്ചിട്ടില്ല എന്ന് പറയുകയാണ് നടി.

‘ഞാൻ സിനിമയിലേക്ക് വരുമെന്ന് പ്രതീക്ഷിച്ച ഒരാളല്ല. പിന്നെ അതിനുള്ള ഒരു ബാക്ക്ഗ്രൗണ്ടും എനിക്ക് ഉണ്ടായിരുന്നില്ല. സിനിമ എന്ന് പറയുമ്പോൾ അധികവും കൊച്ചി ഭാഗത്തേക്ക് ആയിരുന്നല്ലോ. എന്റെ നാടായ കണ്ണൂരിലേക്കൊക്കെ എത്തിത്തുടങ്ങുന്നേ ഉള്ളൂ. എന്റെ നാട്ടിൽ നിന്ന് സിനിമയിലുള്ള ആൾക്കാർ എന്ന് പറയുന്നത് ഒന്ന് ഗണപതി, പിന്നെ അനശ്വര ഒക്കെയാണ്.

എന്റെ ഒരു ഫാമിലി പശ്ചാത്തലം നോക്കുമ്പോൾ സിനിമയിലേക്ക് എത്തുമെന്ന് ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ല. ഞാൻ പണ്ട് റീൽസ് ചെയ്യുമായിരുന്നു. അത് കണ്ടിട്ടാണ് അനുരാഗ് എഞ്ചിനീയറിംഗ് വർക്സ് എന്ന ഷോർട്ട് ഫിലിമിലേക്ക് വിളിക്കുന്നത്. അതിൽ നിന്നാണ് പിന്നെ സിനിമയിലേക്ക് അവസരം ലഭിക്കുന്നത്,’ നടി പറഞ്ഞു.

തന്റെ ആദ്യ സിനിമ കഴിഞ്ഞപ്പോൾ തന്നെ ഇനിയും സിനിമകൾ കിട്ടുമെന്ന പ്രതീക്ഷ വെക്കരുത് എന്നാണ് കുടുംബത്തിൽ നിന്നും കിട്ടിയ ഉപദേശം എന്ന് പറയുകയാണ് അഖില. പണ്ട് സോഷ്യൽ മീഡിയയിൽ ചെയ്തിരുന്ന റീലുകളിലെ അഭിനയം കാണുമ്പോൾ അഭിനയം തനിക്ക് പറ്റിയ പണിയല്ല എന്നായിരുന്നു സുഹൃത്തുക്കൾ അടക്കം പറഞ്ഞിരുന്നത് എന്നും നടി ഓർത്തെടുക്കുന്നു. എന്നാൽ ഇന്ന് തന്റെ കഴിവിൽ സ്വയം വിശ്വാസമുണ്ടെന്നും അഖില കൂട്ടിച്ചേർത്തു.

അഖില ഭാർഗവൻ. Photo.X.com

‘ഞാൻ ആദ്യത്തെ സിനിമ ചെയ്തപ്പോൾ എന്റെ ചേട്ടനും ഭർത്താവുമൊക്കെ പറഞ്ഞത് പടം ഹിറ്റാവുമെന്നൊന്നും പ്രതീക്ഷിക്കേണ്ട, ഇനി പടം വൻ വിജയമായാലും പൊട്ടിപ്പോയാലും നീ കുറെ സിനിമകൾ കിട്ടുമെന്ന് പ്രതീക്ഷിച്ചുകൊണ്ടിരിക്കരുത് എന്നാണ്. എന്റെ ആദ്യ സിനിമയായ പൂവന്റെ സംവിധായകനായ വിനീത് വാസുദേവന്റെ കൂടെയാണ് ഞാൻ അനുരാഗ് എന്ന ഷോർട്ട് ഫിലിം ചെയ്തത്. അന്ന് ആ ഷോർട്ട് ഫിലിമിന്റെ സെറ്റിൽ വച്ചുതന്നെ എന്നെക്കൊണ്ട് സിനിമയിലെ ഡയലോഗ് ഒക്കെ ചെയ്യിപ്പിച്ചിട്ടുണ്ടായിരുന്നു.

പിന്നെ കണ്ണൂർ ഭാഷ എന്റെ സംസാരത്തിൽ നന്നായിട്ട് വരുന്നത് കൊണ്ടുതന്നെ അതൊരു പ്രശ്നമായിരുന്നു. പിന്നെ പണ്ട് ഞാൻ ഈ റീൽസൊക്കെ ചെയ്ത് ഫ്രണ്ട്സിനെയൊക്കെ കാണിച്ചുകൊടുക്കുമ്പോൾ അയ്യേ, അഭിനയമൊന്നും നിന്നെക്കൊണ്ട് പറ്റുന്ന കാര്യമല്ല എന്നൊക്കെ പറയുമായിരുന്നു. ഇത്തരത്തിലുള്ള കുറെ കാര്യങ്ങൾ കേട്ടതുകൊണ്ടുതന്നെ അഭിനയം എനിക്ക് പറ്റിയ പണിയല്ല എന്ന് അന്ന് തോന്നിയിരുന്നു. എന്നാൽ ഇന്ന് കുഴപ്പമില്ല,’ അഖില ഭാർഗവൻ പറഞ്ഞു.

Content Highlight: Akhila Bhargavan talks about the beginning of his career

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more