| Wednesday, 16th September 2026, 8:32 pm

'ഇവളെയൊക്കെ സിനിമയിലെടുത്തത് മലയാള സിനിമയ്ക്ക് ഇത്രയും ദാരിദ്ര്യം ഉള്ളതുകൊണ്ടാണോ' എന്ന കമന്റ് കണ്ടു ഞാൻ കരഞ്ഞു പോയി: അഖില ഭാർഗവൻ

നന്ദന. ടി

പ്രേമലുവിലെ കാർത്തികയായി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടിയാണ് അഖില ഭാർഗവൻ. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ അഖില, അനുരാഗ് എൻജിനീയറിങ് വർക്സ് എന്ന ഷോർട്ട് ഫിലിമിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. തുടർന്ന് പൂവൻ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച താരം പ്രേമലുവിന്റെ വിജയത്തോടെയാണ് കൂടുതൽ ശ്രദ്ധ നേടുന്നത്.

ഇപ്പോഴിതാ അഖില ആദ്യമായി നായികയായി എത്തുന്ന ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം നവാഗതനായ ശ്യാമിൻ ഗിരീഷാണ് സംവിധാനം ചെയ്യുന്നത്.

അഖില ഭാർഗവൻ. Photo. Screen grab/ Youtube

റെക്സ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സിനിമയിലെത്തിയതിന് പിന്നാലെ നേരിടേണ്ടി വന്ന സൈബർ അധിക്ഷേപങ്ങളെക്കുറിച്ചും ബോഡി ഷെയിമിങ്ങിനെക്കുറിച്ചും തുറന്നുപറയുകയാണ് അഖില ഭാർഗവൻ.

ആദ്യ സിനിമയിലെ പാട്ട് പുറത്തിറങ്ങിയതിന് പിന്നാലെ ലഭിച്ച മോശം കമന്റ് തന്നെ ഏറെ വേദനിപ്പിച്ചെന്നും അത്തരം നെഗറ്റീവ് കമന്റുകൾ ഒരാളുടെ മനസിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് പുറത്തുനിന്നുള്ളവർക്ക് മനസിലാകില്ലെന്നും അഖില പറയുന്നു.

‘അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം ഞാൻ എന്റെ ഫസ്റ്റ് മൂവിയിൽ ഒരു പാട്ട് ഇറങ്ങിയപ്പോൾ നമ്മൾ അത് പ്രൊമോട്ട് ചെയ്യുന്നതിന്റെ ഭാഗമായിട്ട് യൂട്യൂബിലിട്ടപ്പോൾ അതിന് താഴെ ഒരു കമന്റ് വന്നായിരുന്നു. അതും പുള്ളി ഒരു എസ്സേ പോലെ ഇവളെയൊക്കെ സിനിമയിലെടുത്തത് മലയാള സിനിമയ്ക്ക് ഇത്രയും ദാരിദ്ര്യം ഉള്ളതുകൊണ്ടാണോ എന്നൊക്കെ പറഞ്ഞ് എന്നെ ഭയങ്കരമായിട്ട് ബോഡി ഷെയിമിങ് ചെയ്തു. അന്നാണെങ്കിൽ ഞാൻ ഭയങ്കര മെലിഞ്ഞിട്ടായിരുന്നു. ഒരു പബ്ലിക് പ്ലാറ്റ്‌ഫോമിൽ വന്നിട്ട് ഇങ്ങനെ ഒക്കെ കേട്ടപ്പോൾ കരഞ്ഞുപോയി.

ഈ നെഗറ്റീവ് കമന്റ് ഇടുന്നവർക്ക് അത് ഇട്ടിട്ട് അങ്ങോട്ട് പോയാൽ മതി. പക്ഷെ ഇത് നമ്മളെ എത്രത്തോളം ഹോണ്ട് ചെയ്യും എന്ന് നമുക്ക് മാത്രമേ അറിയുകയുള്ളൂ. നമ്മൾ എത്ര വിഷമമില്ല എന്ന് പറഞ്ഞാലും ദി എൻഡ് നമ്മുടെ മനസിൽ അതെന്തായാലും ഉണ്ടാവും,’ നടി പറഞ്ഞു.

അടുത്തിടെ ഒരു കോളേജ് പരിപാടിയുടെ വീഡിയോയിൽ നടന്ന യഥാർഥ സംഭവം ഒഴിവാക്കി തനിക്ക് മനഃപൂർവം നെഗറ്റീവ് ഇമേജ് നൽകുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിച്ചതിൽ അതൃപ്തിയുണ്ടായെന്നും അഖില പറയുന്നു.

‘ഈയടുത്ത് ഞാൻ എന്റെ ഒരു വീഡിയോ കണ്ടു. ഒരു കോളേജിൽ ഞാനും സംഗീത് ഏട്ടനും ഞങ്ങളുടെ സിനിമയുടെ ഒരു പ്രോപമോഷൻ പരിപാടിക്ക് പോയിരുന്നു. ആ സമയത്ത് സിനിമയുടെ ഡയറക്ടറും റൈറ്ററുമൊക്കെ ഉണ്ടായിരുന്നു. അപ്പോൾ ഞാൻ അവരുടെ അടുത്ത് പോയി ഇരുന്നപ്പോൾ അവർ പറഞ്ഞു, എടീ, സംഗീതിന്റെ അടുത്ത് സീറ്റുണ്ട്, നീ അവിടെ പോയി ഇരുന്നോളൂ എന്ന്. അത് കേട്ട് ഞാൻ അവന്റെ അടുത്ത് പോയി ഇരുന്നു. അങ്ങനെ അത് വീഡിയോ ആയിട്ട് വന്നപ്പോൾ ആ ഡയറക്ടറുടെയും റൈറ്ററുടെയും പോർഷനൊന്നും ഇല്ല. നോക്കുമ്പോൾ ഞാൻ ഇങ്ങനെ വേറെ ആരെയും അടുത്തിരിക്കാൻ സമ്മതിക്കാതെ നേരെ സംഗീതേട്ടന്റെ അടുത്ത് വന്നിരിക്കുന്നത് പോലെയാണ്.

അഖില ഭാർഗവൻ. Photo. X.com

അതിനൊരു ക്യാപ്ഷനും, സംഗീതിന്റെ അടുത്ത് വേറെ ആരെയും വന്നിരിക്കാൻ സമ്മതിക്കാതെ അഖില ചെയ്യുന്നത് കണ്ടോ എന്ന്. എനിക്ക് അത് കണ്ടിട്ട് ഒരുപാട് ദേഷ്യം വന്നു. കാരണം അവിടെ എന്താണ് നടന്നതെന്ന് എനിക്കും ആ വീഡിയോ എടുത്ത ചേട്ടനും ആ കോളേജിലുള്ള എല്ലാവർക്കും അറിയാം. അപ്പോൾ ഒരാൾക്ക് മനഃപൂർവം നെഗറ്റിവിറ്റി കയറ്റാൻ എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്ന് ഞാൻ എപ്പോഴും വിചാരിക്കും,’ അഖില ഭാർഗവൻ പറഞ്ഞു.

Content Highlight: Akhila Bhargavan Opens Up About Facing Negative Comments

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more