തിയേറ്ററിലെ മഹാവിജയത്തിന് ശേഷം ഒ.ടി.ടിയിലും ചര്‍ച്ചാവിഷയമാണ് അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ സര്‍വ്വം മായ. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയുടെ പ്രഭേന്ദുവെന്ന കഥാപാത്രത്തിനൊപ്പം പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രമാണ് ഡെലൂലു.
ഫീല്‍ ഗുഡ് സിനിമയിലെ ജെന്‍സി പ്രേതമായെത്തിയ റിയ ഷിബു ഒറ്റ സിനിമ കൊണ്ട് തന്നെ മലയാളികളുടെ മനം കവര്‍ന്നു. ഓണ്‍ലൈനില്‍ ഡ്രസ് ഓര്‍ഡര്‍ ചെയ്യുന്ന, മനുഷ്യരെ കണ്ടാല്‍ പേടിക്കുന്ന പ്രേതത്തെ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഏറ്റെടുത്തു.
ചിത്രത്തില്‍ ഡെലൂലുവിന്റെ ഇഷ്ട നിറം ലാവന്‍ഡറാണെന്ന് പറയുന്നുണ്ട്. ഇപ്പോഴിതാ ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ ക്ലൈമാക്‌സിലെ പ്രധാനപ്പെട്ട ഒരു സീന് ഭംഗിയായിന്റെ പ്രധാനകാരണം സൗണ്ട് ഡിസൈനര്‍ അനിലിന്റെ സജഷനാണെന്ന് അഖില്‍ പറയുന്നു.
‘വളരെ എനര്‍ജിയുള്ള സെറ്റായിരുന്നു സര്‍വ്വം മായയുടേത്. അവസാന സീനില്‍ ഒരു പൂവ് കാണിക്കുന്നുണ്ട്. ആദ്യം അതിന്റെ നിറം പിങ്ക് ആയിരുന്നു. സൗണ്ട് ഡിസൈനര്‍ അനിലാണ് ഡെലൂലുവിന് ലാവെന്‍ഡര്‍ നിറമല്ലേ ഇഷ്ടം പൂവിന് ആ നിറം കൊടുത്തൂടെ എന്നു ചോദിച്ചത്.
എല്ലാവര്‍ക്കും സ്വന്തം സിനിമയായിരുന്നു അത്. അതുകൊണ്ട് ആത്മാര്‍ഥതയുടെ കാര്യത്തില്‍ വിട്ട് വീഴ്ചകളുണ്ടായില്ല. സിനിമ ഇത്ര വലിയ വിജയമായതിന് പിന്നില്‍ ഒരുപാട് പേരുടെ കഠിനപ്രയത്‌നമുണ്ട്,’ അഖില്‍ പറയുന്നു.
Photo: screen grab/ cinema kadha/ youtube.com
സാധാരണ അമ്പലത്തില്‍ പോകാത്ത ആളാണ് താനെന്നും അമ്മ പറഞ്ഞതുകൊണ്ട് ഒരു ദിവസം പോയിരുന്നുവെന്നും അദ്ദേഹം പറയുന്നു. അവിടെ പ്രസാദം തരുന്ന പൂജാരി തന്റെ സുഹൃത്താണെന്നും പണ്ടത്തെ എസ്.എഫ്.ഐ.യുടെ തീപ്പൊരി നേതാവ്, പക്കാ അവിശ്വാസിയായ ഒരാളായിരുന്നുവെന്നും അഖില്‍ പറഞ്ഞു.
കൗതുകത്തോടെ അദ്ദേഹത്തെ നോക്കിയപ്പോള്‍ ജീവിച്ചുപോകണ്ടേ എന്നാണ് അയാള്‍ പറഞ്ഞതെന്നും അതില്‍നിന്നാണ് സര്‍വ്വം മായയിലെ നിവിന്റെ കഥാപാത്രത്തിന്റെ തുടക്കമെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു.
നിരീശ്വരവാദിയായ പ്രഭേന്ദു എന്ന നമ്പൂതിരി ഒരു പ്രേതത്തെ കാണാനിടയാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സര്‍വ്വം മായ പറഞ്ഞത്. സിനിമയില്‍ അജു വര്‍ഗീസ്, ജനാര്‍ദനന്‍, രഘുനാഥ് പലേരി, പ്രീതി മുകുന്ദന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.
Content Highlight: Akhil Sathyan talks about the climax of Sarvam Maya