അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് സര്‍വ്വം മായ. അനൗണ്‍സ്മെന്റ് മുതല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തുന്നത്.
ഹൊറര്‍ കോമഡി ഴോണറിലെത്തുന്ന ചിത്രത്തില്‍ നിവിന്‍ പോളിക്ക് പുറമെ വന്‍താര നിര തന്നെയുണ്ട്. ഇപ്പോള്‍ സര്‍വ്വം മായ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അഖില്‍ സത്യന്‍. ഈ സിനിമയില്‍ തനിക്കേറ്റവും സന്തോഷം നല്‍കിയത് ഒരു വലിയ ഗ്യാപ്പിനുശേഷം നിവിന്‍ പോളി-അജു വര്‍ഗീസ് കോമ്പിനേഷന്‍ തിരിച്ചു വന്നു എന്നത് തന്നെയാണെന്ന് അദ്ദേഹം പറയുന്നു.
സര്‍വ്വം മായ/ Theatrical poster
‘നിവിന്‍ തന്നെയാണ് എന്നോട് അജുവിനെ നിര്‍ദേശിച്ചതും. അവര്‍ ഒന്നിച്ചുള്ള ഓരോ സീനും ഞാനേറെ ആസ്വദിച്ചാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. ഒരാള്‍ അതിഗംഭീരമായി പെര്‍ഫോം ചെയ്യുമ്പോള്‍ ഒരു ഈഗോയും കൂടാതെ അവര്‍ക്ക് വേണ്ട സ്‌പെയ്സ് കൊടുത്ത് ആ സീന്‍ പൊലിപ്പിക്കാന്‍ നിവിനുള്ള മിടുക്ക് ഞാനേറ്റവും കണ്ടത് അജുവുമായുള്ള കോമ്പിനേഷന്‍ സീനുകളിലാണ്.
തന്റെ ഓരോ ഷോട്ടിലുമുള്ള അജുവിന്റെ തഴക്കം കാണുമ്പോള്‍ ഇന്നസെന്റ് അങ്കിളും നെടുമുടി വേണു അങ്കിളും ഒഴിച്ചിട്ട മലയാള സിനിമയിലെ ശൂന്യത നിറയുന്നതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.
നിവിന്റെയും അജുവിന്റെയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി പ്രധാന ഇന്ധനമായി ഉപയോഗിച്ചുകൊണ്ടാണ് സര്‍വ്വം മായയുടെ കഥാതന്തു വികസിക്കുന്നതുതന്നെ,’ അഖില്‍ സത്യന്‍ പറയുന്നു.
നെക്സ്റ്റ്‌ഡോര്‍ ബോയ്, പെണ്‍കുട്ടികളുടെ ക്രഷ് മെറ്റീരിയല്‍ തുടങ്ങിയ ടാഗുകള്‍ക്കപ്പുറത്തേക്ക് അഭിനയത്തിന്റെ അനായാസതയാണ് തനിക്ക് നിവിനെന്നും പതിനഞ്ച് വര്‍ഷം നീണ്ട തന്റെ പരിചയ സമ്പത്ത് അയാള്‍ അഭിനയിക്കുന്ന ഓരോ ഷോട്ടിലും വ്യക്തവുമാണെന്നും അദ്ദേഹം പറഞ്ഞു.
പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമക്ക് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജുവര്‍ഗീസ്, ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍ത്താഫ് സലിം, പ്രീതി മുകുന്ദന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
Content Highlight: Akhil Sathyan talks about Sarvam Maya movie, Aju Varghese and Nivin Pauly