തിയേറ്ററില്‍ ഗംഭീര മുന്നേറ്റം തുടരുകയാണ് അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ സര്‍വ്വം മായ. ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം ഹൊറര്‍ കോമഡി ഴോണറിലാണ് ഒരുങ്ങിയത്. നിരീശ്വര വാദിയായ നമ്പൂതിരി ഒരു പ്രേതത്തെ കണാനിടയാകുന്ന കഥയാണ് സര്‍വ്വം മായ സംസാരിക്കുന്നത്.
സര്‍വ്വം മായ/ Theatrical poster
ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ സിനിമയെ കുറിച്ചും ചിത്രത്തിന്റെ ക്ലൈമാക്‌സിനെ കുറിച്ചും സംസാരിക്കുകയാണ് അഖില്‍ സത്യന്‍.
‘സര്‍വ്വം മായയുടെ ക്ലൈമാക്‌സ് ശരിക്കും ഒരു റിയല്‍ ഇന്‍സിഡന്റാണ്. അതിലെ ഹോസ്പിറ്റല്‍ സീനുകളെല്ലാം യാഥാര്‍ത്ഥ ജീവിതത്തില്‍ നടന്ന കാര്യമാണ്. എനിക്ക് വ്യക്തിപരമായ അടുപ്പമുണ്ടായ ഒരു ആള്‍ക്കുണ്ടായ സംഭവവും, എനിക്ക് വളരെ ഷോക്ക് ഉണ്ടാക്കിയ കാര്യം കൂടിയാണ്. അതുകൊണ്ട് ക്ലൈമാക്‌സില്‍ എനിക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. എപ്പോള്‍ പറഞ്ഞാലും എന്റെ കണ്ണ് നിറയുന്ന ഒരു ഏരിയയാണ് അത്.
പലരും പറയുന്നത് കേട്ടു സര്‍വ്വം മായ പ്രെഡിക്റ്റബിള്‍ സിനിമയാണെന്ന്. അങ്ങനെ പറയുന്നവര്‍ക്ക് ഒരിക്കലും ഇതിന്റെ ഫസ്റ്റ് ഹാഫ് കണ്ടിട്ട് അടുത്തത് എന്താണെന്ന് പറയാന്‍ പറ്റില്ല.
ഞാന്‍ ഒരിക്കലും ഒരു ഗിഫ്റ്റഡ് റൈറ്റര്‍ അല്ല. നമ്മള്‍ അതിജീവിക്കുന്നത് കാഴ്ചയില്‍ നിന്ന് കിട്ടുന്ന കാര്യങ്ങള്‍ കൊണ്ടാണ്. ഞാന്‍ സങ്കല്‍പ്പിച്ചുണ്ടാക്കിയ ഒരു കാര്യം സ്വയം അപ്രൂവ് ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. എന്നാല്‍ ഞാന്‍ അനുഭവിച്ച കാര്യം എനിക്ക് അപ്രൂവ് ചെയ്യാന്‍ കഴിയും,’ അഖില്‍ സത്യന്‍ പറയുന്നു.
താന്‍ ഒരിക്കലും കഥ പറയുമ്പോള്‍ പ്രഭേന്ദുവിന്റെ അമ്മയെ പറ്റി ആലോചിച്ചില്ലെന്നും അത് സ്വാഭാവികമായി ഉണ്ടായ സീനാണെന്നും അഖില്‍ പറയുന്നു. തന്റെ സ്‌ക്രീന്‍ പ്ലെ നരേഷനിലാണ് വരുന്നതെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു. ഡോക്ടറുടെ അടുത്ത് നിവിന്‍ പോകുമ്പോള്‍ അമ്മയെ പറ്റി പറയുന്നത് എഴുത്തില്‍ വന്ന കാര്യമാണെന്നും അതെങ്ങനെ കിട്ടിയെന്നത് കൃത്യമായി ഓര്‍മയില്ലെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു.
പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് സര്‍വ്വം മായ. ചിത്രത്തില്‍ റിയ ഷിബു, മധു വാര്യര്‍, ജനാര്‍ദ്ദനന്‍, അജുവര്‍ഗീസ് എന്നിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. അജുവും നിവിന്‍ പോളിയും ഒന്നിച്ച പത്താമത്തെ ചിത്രം നിവിന്‍ പോളിയുടെ കം ബാക്ക് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
Content highlight: Akhil Sathyan talks about sarvam maya and the climax of the film