| Tuesday, 27th January 2026, 8:21 pm

പ്രീതി എഞ്ചിനിയറിങ് റാങ്ക് ഹോള്‍ഡറാണ് , അതും എന്‍.ഐ.ടിയില്‍; ഡയലോഗ് ബൈ ഹാര്‍ട്ട് ചെയ്യുമോയെന്ന സംശയം അതോടെ മാറി: അഖില്‍ സത്യന്‍

അശ്വിന്‍ രാജേന്ദ്രന്‍

സമീപകാലത്ത് മലയാള സിനിമാ പ്രേമികള്‍ തിയേറ്ററില്‍ നിന്നും മനസ് നിറയെ കണ്ട് പുറത്തിറങ്ങിയ ചിത്രമായിരുന്നു സര്‍വ്വം മായ. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം മലയാളികളുടെ ഇഷ്ടനടനായ നിവന്‍ പോളിയുടെ ബോക്‌സ് ഓഫീസിലേക്കുള്ള ശക്തമായ തിരിച്ച് വരവിന് കൂടിയായിരുന്നു സാക്ഷ്യം വഹിച്ചത്. നിവിന് പുറമെ അജു വര്‍ഗീസ്, റിയ ഷിബു, പ്രീതി മുകുന്ദന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ ചിത്രം നൂറ് കോടിയും കടന്ന് 150 കോടി എന്ന നേട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.

Photo: Jio hotstar

ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ സംവിധായകന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോ ആണ് ഇപ്പോള്‍ സിനിമാ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. അഖില്‍ സത്യന്‍, നിവിന്‍ പോളി, റിയ ഷിബു, പ്രീതി മുകുന്ദന്‍ തുടങ്ങിയവരാണ് ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് കൊണ്ട് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സിനിമയില്‍ നിവന്‍ പോളിയുടെ നായികയായെത്തിയ പ്രീതി മുകുന്ദനെക്കുറിച്ച് സംവിധായകന്‍ അഖില്‍ സത്യന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തമിഴ്‌നാട് സ്വദേശിനിയായ താരം ചിത്രത്തിലെ ഡയലോഗുകള്‍ പഠിച്ചതിനെക്കുറിച്ചാണ് സംവിധായകന്‍ സംസാരിച്ചത്.

‘എന്റെ ആദ്യ ചിത്രമായ പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയിലെ ഉമ്മച്ചിയുടെ ആദ്യ സിനിമയായിരുന്നു അത്. അവര്‍ക്ക് എല്ലാ ഡയലോഗുകളും വോയ്‌സ് നോട്ടായിട്ടാണ് ഞാന്‍ അയച്ചുകൊടുത്തത്. ഇടയില്‍ കൊവിഡ് വന്നതിനാല്‍ ഒന്നര വര്‍ഷം പുള്ളിക്കാരി എന്റെ ശബ്ദം കേട്ടിട്ടാണ് മോണിങ് വാക്കിന് പൊയ്‌കൊണ്ടിരുന്നത്. അതുകൊണ്ട് ഷൂട്ടിങ് സമയത്ത് ആക്ഷന്‍ പറഞ്ഞാല്‍ ഉടനടി ഡയലോഗ് വരും.

അത് പോലെ തന്നെയാണ് ഈ ചിത്രത്തില്‍ ഞാന്‍ പ്രീതിക്ക് വോയിസ് മെസേജ് അയച്ചതും. പത്ത് പൈസക്ക് അത് കേള്‍ക്കാന്‍ കൊള്ളില്ലായിരുന്നു. പക്ഷേ വളരെ മനോഹരമായി പ്രീതി അത് അവരുടെതായ രീതിയില്‍ മോഡുലേറ്റ് ചെയ്തു. ചിത്രത്തിലെ ബണ്ണും ചാറും സീന്‍ ഷൂട്ട് ചെയ്തത് ബോംബൈയില്‍ ഷാരൂഖ് ഖാന്‍ സാറിന്റെ വീടിന് പുറകിലായിരുന്നു. അന്ന് കാറില്‍ ഉറങ്ങികിടന്ന പ്രീതിയെ വിളിച്ചുണര്‍ത്തിയപ്പോള്‍ തന്നെ ഡയലോഗ് പറഞ്ഞു. ഏത് ഉറക്കത്തിലും ചോദിച്ചാല്‍ പറയുക എന്ന പോലെ,’ അഖില്‍ പറഞ്ഞു.

Photo: Film Fare

അപ്പോള്‍ തങ്ങള്‍ പ്രീതിയുടെ ബാക്ക്ഗ്രൗണ്ട് ചെക്ക് ചെയ്‌തെന്നും എന്‍.ഐ.ടി തൃച്ചിയില്‍ നിന്നും എഞ്ചിനീയറിങ് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ കാരണം മനസ്സിലായെന്നും അഖില്‍ തമാശയോടെ കൂട്ടിച്ചേര്‍ത്തു.

സായ് അഭ്യങ്കാറിന്റെ ആസൈ കൂടെ എന്ന ആല്‍ബം സോങ്ങിലൂടെ പ്രശസ്തി നേടിയ പ്രീതി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മേനേ പ്യാര്‍ കിയ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കണ്ണപ്പ, സ്റ്റാര്‍, ഓം ഭീം ബുഷ് തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടുണ്ട്.

Content Highlight: Akhil sathyan talks about Priety Mukundhan’s  performance in  in Sarvam Maya

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more