മലയാളത്തിലെ സീനിയര്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകനെന്നതിലുപരി താന്‍ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയനായ ആളാണ് അഖില്‍ സത്യന്‍. 2023 ല്‍ ഫഹദിനെ നായകനാക്കി സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിനുശേഷം അഖില്‍ സംവിധാനം ചെയ്ത സര്‍വ്വം മായ വലിയ വിജയമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. നിവിന്‍ പോളി-അജു വര്‍ഗീസ് കൂട്ടുകെട്ടും പുതുമുഖം റിയ ഷിബുവിന്റെ ഡെലൂലുവായുള്ള പ്രകടനവുമെല്ലാം സര്‍വ്വം മായയെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാക്കിയിരുന്നു.
സര്‍വ്വം മായക്ക് ശേഷം നിവിന്‍ പോളിയെ നായകനാക്കി കൊണ്ട് തന്നെയായിരുന്നു അഖില്‍ തന്റെ ചിത്രം പ്രഖ്യാപിച്ചിരുന്നത്. ഒരു റൊമാന്റിക് ചിത്രമായിരിക്കും നിവിനൊത്ത് അഖില്‍ ചെയ്യുക എന്നും സൂചനകളുണ്ടായിരുന്നു. ഇതോടെ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിലുള്ള ആവേശത്തിലായിരുന്നു ആരാധകര്‍.
സര്‍വ്വം മായ. Photo: X.com
കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസിനോട് സംസാരിക്കവെ ചിത്രത്തെ കുറിച്ച് സംവിധായകന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന്റെ തിരക്കഥയുടെ അണിയറയിലാണ് ഇപ്പോഴുള്ളതെന്നും ബെത്‌ലഹേം കുടുംബ യൂണിറ്റ് പോലെയല്ലെങ്കിലും മുപ്പത് കഴിഞ്ഞവരുടെ റൊമാന്‍സാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലമെന്നുംസംവിധായകന്‍ പറഞ്ഞു.
‘നിവിനുമായുള്ള ചിത്രത്തിന്റെ എഴുത്തിലാണ്. അത് കേരളത്തിന് പുറത്ത് നടക്കുന്ന കഥയാണ്. രാജസ്ഥാനാണ് അതിന്റെ പശ്ചാത്തലമായിട്ടുള്ളത്. പാച്ചു പോലെയോ സര്‍വ്വം മായ പോലെയോ ഇവന്റ്ഫുള്‍ ആയിട്ടുള്ള സിനിമയായിരിക്കില്ല ഇത്. സീന്‍ ഡ്രിവണ്‍ സിനിമയാണ്. അതിനൊപ്പം തന്നെ ഒരു ഫീമെയില്‍ സെന്‍ട്രിക്ക് സിനിമയാണ്.
എനിക്ക് നിവിന്റെ റൊമാന്‍സ് കാണാന്‍ ഭയങ്കര ഇഷ്ടമാണ്. മുപ്പത് കഴിഞ്ഞവരുടെ പ്രണയമാണ് സിനിമയില്‍ കാണിക്കുന്നത്. ബി.കെ.യു പോലെയല്ല, ഇത് വേറെയൊരു പാറ്റേണാണ്. ഇതിനകത്ത് മുപ്പതുകളുടെ മധ്യത്തിലുള്ളവരുടെ റൊമാന്‍സാണ് പറയുന്നത്. അതുകൊണ്ട് ഒരു സ്‌ട്രോങ് ഫീമെയില്‍ ലീഡ് ഉണ്ടെങ്കില്‍ നന്നായിരിക്കും എന്ന് തോന്നി.
അഖില്‍ സത്യന്‍ സര്‍വ്വം മായയുടെ സെറ്റില്‍. Photo: X.com
അതുകൊണ്ട് എഴുത്തുപരിപാടികളെല്ലാം നടന്നുകൊണ്ടിരിക്കുകകയാണ്. അല്‍ത്താഫും സഹതിരക്കഥാകൃത്തായിട്ട് കൂടെയുണ്ട്. അല്‍ത്താഫിന്റെ ഹ്യൂമര്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എടുക്കാന്‍ കുറച്ച് ബുദ്ധിമുട്ടുള്ള സിനിമയായത് കൊണ്ട് ഒരുപാട് മുന്നൊരുക്കം ആവശ്യമുണ്ട്. അടുത്ത വര്‍ഷം ആദ്യം തുടങ്ങാമെന്നാണ് വിചാരിക്കുന്നത്,’ അഖില്‍ പറഞ്ഞു.
Content Highlight: Akhil Sathyan talks about his upcoming movie with Nivin Pauly