മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകന്റെ മകനെന്നതിലുപരി താന്‍ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയനായ ആളാണ് അഖില്‍ സത്യന്‍. 2023 ല്‍ ഫഹദിനെ നായകനാക്കി സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിനുശേഷം അഖില്‍ സംവിധാനം ചെയ്ത സര്‍വ്വം മായ വലിയ വിജയമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. നിവിന്‍ പോളി-അജു വര്‍ഗീസ് കൂട്ടുകെട്ടും പുതുമുഖം റിയ ഷിബുവിന്റെ ഡെലൂലുവായുള്ള പ്രകടനവുമെല്ലാം സര്‍വ്വം മായയെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാക്കിയിരുന്നു.
അഖില്‍ സത്യന്‍ കുടുംബത്തോടൊപ്പം. Photo: X.com
ഇപ്പോഴിതാ താന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലത്ത് സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാനെ പരിചയപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറഞ്ഞ അഖിലിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ദുല്‍ഖറിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചുണ്ടായ അനുഭവത്തെ കുറിച്ചാണ് അഖില്‍ സത്യന്‍ സംസാരിച്ചത്.
‘ഞാന്‍ വിക്രമാദിത്യന്‍ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അതില്‍ ക്ലാപ്പടിക്കുന്ന ജോലിയായിരുന്നു എനിക്കുണ്ടായിരുന്നത്. ചിത്രത്തില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ദുല്‍ഖറിന് ഞാന്‍ സത്യന്‍ അന്തിക്കാടിന്റെ മകനാണെന്ന് അറിയില്ലായിരുന്നു. ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് അച്ഛനെ കുറിച്ച് സംസാരിക്കുന്നത് കേട്ടപ്പോള്‍ നീ സത്യന്‍ അങ്കിളിന്റെ മകനാണോ എന്ന് എന്നോട് ചോദിക്കുകയായിരുന്നു. അവിടെ വെച്ചാണ് അത്തരത്തില്‍ ഞങ്ങള്‍ പരിചയപ്പെടുന്നത്.
വിക്രമാദിത്യന്‍. Photo: Cinema Chaat
ഒരു മുന്‍കൂര്‍ ധാരണ ഇല്ലാതെ ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കുന്നതില്‍ ഇത് ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഇതുപോലെ എല്ലാവരും ചോദിക്കാറുള്ളത് വിനീതും ധ്യാനുമെല്ലാം ക്ലോസ് ഫ്രണ്ട്‌സാണോ എന്നാണ്. എന്നാല്‍ ഞാന്‍ അവരെയെല്ലാം കാണുന്നത് വളരെ കുറവാണ്. ചെറുപ്പത്തില്‍ എപ്പോഴോ വീട്ടിലേക്ക് വന്നപ്പോള്‍ കണ്ടിട്ടുണ്ട് എന്നല്ലാതെ അവരെ എനിക്ക് പരിചയമില്ല. വര്‍ക്കിനിടയിലാണ് അവരെയെല്ലാം അടുത്ത് കാണുന്നത്. കല്യാണിയെയും ഇങ്ങനെയാണ് കാണുന്നത്. ഇത്തരത്തിലുള്ള പരിചയം സിനിമയില്‍ വര്‍ക്ക് ചെയ്യുന്നതിന് ഗുണകരമാണ്,’ അഖില്‍ സത്യന്‍ പറഞ്ഞു.
Content Highlight: Akhil Sathyan talks about his experience with Dulquer Salman