| Monday, 16th February 2026, 10:24 am

ഡിപ്രഷന് ശേഷം അച്ഛന്റെ നിഴലിലാണെന്ന ഭയം ഉണ്ടായിട്ടില്ല, പേടിച്ചിട്ടൊന്നും കിട്ടാനില്ലെന്ന് മനസ്സിലായി: അഖില്‍ സത്യന്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകന്റെ മകനെന്നതിലുപരി താന്‍ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയനായ ആളാണ് അഖില്‍ സത്യന്‍. 2023 ല്‍ ഫഹദിനെ നായകനാക്കി സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിനുശേഷം അഖില്‍ സംവിധാനം ചെയ്ത സര്‍വ്വം മായ വലിയ വിജയമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. നിവിന്‍ പോളി-അജു വര്‍ഗീസ് കൂട്ടുകെട്ടും പുതുമുഖം റിയ ഷിബുവിന്റെ ഡെലൂലുവായുള്ള പ്രകടനവുമെല്ലാം സര്‍വ്വം മായയെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാക്കിയിരുന്നു.

തന്റെ അച്ഛന് സമാനമായി ഫീല്‍ ഗുഡ് ഴോണറിലുള്ള ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ വലിയ കൈയടിയാണ് ചിത്രം കണ്ടിറങ്ങയവരില്‍ നിന്നും അഖിലിന് ലഭിക്കുന്നത്. മാതൃഭൂമി അക്ഷരോത്സവത്തില്‍ സംസാരിക്കവെ ജോലി രാജിവെച്ച് സിനിമയിലേക്കെത്തിയതിനെക്കുറിച്ചും അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയ അനുഭവത്തെക്കുറിച്ചും സംസാരിക്കുന്ന അഖിലിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

റിയ ഷിബുവും നിവിന്‍ പോളിയും സര്‍വ്വം മായയില്‍. Photo: TOI

സത്യന്‍ അന്തിക്കാട് അച്ഛനെന്ന നിലയില്‍ സ്‌നേഹവും സഹായവുമെല്ലാമാണെങ്കിലും ഒരു സിനിമ ചെയ്യുമ്പോള്‍ വലിയ സംവിധായകന്റെ മകന്‍ എന്ന പേര് എപ്പോഴെങ്കിലും ബാധ്യതയായി തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അഖില്‍. 2010 ല്‍ വിപ്രോയില്‍ നിന്നും ജോലി രാജിവെച്ച് അച്ഛനൊപ്പം ആദ്യമായി പടം അസിസ്റ്റ് ചെയ്യാന്‍ പോയപ്പോഴാണ് ഇത്തരത്തിലൊരു ഭയം ആദ്യമായി തോന്നിയതെന്നാണ് അഖില്‍ സത്യന്റെ മറുപടി.

‘എനിക്ക് അത്രയും കഴിവുണ്ടെന്ന് തോന്നിയിട്ടില്ല. അസിസ്റ്റ് ചെയ്യുന്ന ആദ്യത്തെ ഒരഞ്ചു വര്‍ഷം അച്ഛന്റെ ഒരു നിഴലാണെന്ന ഫീലുണ്ടായിരുന്നു. ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന സിനിമ കഴിഞ്ഞപ്പോഴാണ് ഈ ഭയം മാറി തുടങ്ങിയത്. അതിന് ശേഷം പേടിച്ചിട്ട് ഒന്നും കിട്ടാനില്ലെന്ന് മനസിലായി. ആദ്യത്തെ ചിത്രം അസിസ്റ്റ് ചെയ്തതിന് ശേഷം എനിക്ക് ക്ലിനിക്കല്‍ ഡിപ്രഷന്‍ വന്നു. അന്ന് വിഷാദ രോഗം അത്ര ഫെയ്മസല്ല.

പ്രോപ്പര്‍ ആയി ഡോക്ടറെ കണ്ട് മെഡിസിനെല്ലാം എടുത്തിരുന്നു. ഡിപ്രഷന്‍ കഴിഞ്ഞാല്‍ എല്ലാവര്‍ക്കും കിട്ടുന്ന ധൈര്യമുണ്ട്. അതിന് ശേഷം വേറെ ഒരു കണ്ണ് തുറന്നത് പോലെയാണ് തോന്നിയിട്ടുള്ളത്. പന്നീട് എനിക്ക് നല്ല അസിസ്റ്റന്റ് ഡയറക്ടര്‍ ആവാന്‍ കഴിയുമെന്ന ധൈര്യം വന്നു. ഞാന്‍ പ്രകാശന്‍ കഴിഞ്ഞപ്പോള്‍ സ്വന്തമായി സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടായി,’ അഖില്‍ സത്യന്‍ പറയുന്നു.

അച്ഛന്റെ നിഴലിലാണെന്ന പേടി തനിക്കും അനൂപിനും ഇല്ലെന്നാണ് കരുതുന്നതെന്നും തങ്ങള്‍ ആഗ്രഹിക്കുന്ന സിനിമയുണ്ടാക്കുക മാത്രമാണിപ്പോള്‍ ചെയ്യുന്നതെന്നും സത്യന്‍ അന്തിക്കാടിന്റെ മകനാണ് ആളുകള്‍ എന്ത് വിചാരിക്കുമെന്നൊന്നും ചിന്തിച്ചിട്ടില്ലെന്നും അഖില്‍ പറഞ്ഞു. ഭയത്തെക്കാളും സിനിമ ഉണ്ടാക്കാനുള്ള ആഗ്രഹമാണ് ഇപ്പോള്‍ കൂടുതലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനൂപ് സത്യനും അഖില്‍ സത്യനും സത്യന്‍ അന്തിക്കാടിനൊപ്പം. Photo: ott play

പ്രഭേന്ദു എന്ന നമ്പൂതിരി യുവാവിനെയും അപ്രതീക്ഷിതമായി ഇയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഡെലൂലു എന്ന ആത്മാവിനെയും പശ്ചാത്തലമാക്കിയാണ് സര്‍വ്വം മായ ഒരുക്കിയിരിക്കുന്നത്. ജനാര്‍ദ്ദനന്‍, പ്രീതി മുകുന്ദന്‍, രഘുനാഥ് പാലേരി, മധു വാര്യര്‍, വിനീത് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം 150 കോടിയാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരുന്നത്. തുടര്‍ന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്‌സ്റ്റാറില്‍ ചിത്രം സ്ട്രീമിങ് ആരംഭിച്ചിരുന്നു.

Content Highlight: Akhil sathyan talks about his early stage in cinema as assistant director

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more