| Friday, 26th December 2025, 5:32 pm

പിൻഗാമിയുടെ ഷൂട്ടിൽ ചില്ലു പൊളിച്ച് ലാലേട്ടൻ വീഴുമ്പോൾ എറിഞ്ഞ കൽക്കണ്ടം പെറുക്കി കഴിച്ചത് മാത്രമാണ് ഷൂട്ടിങ് ഓർമ: അഖിൽ സത്യൻ

നന്ദന എം.സി

പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് വന്ന വ്യക്തിയാണ് അഖിൽ സത്യൻ. സത്യൻ അന്തിക്കാടിന്റെ മകൻ എന്നുള്ള ലേബൽ തനിക്കാവശ്യമില്ലെന്ന് അഖിൽ മുൻപ് പറഞ്ഞിരുന്നു. ഇപ്പോളിതാ തനിക്ക് ചെറുപ്പം മുതൽ സിനിമ മേഖലയുമായി യാതൊരു ബന്ധമില്ലായിരുന്നെന്ന് പറയുകയാണ് അഖിൽ. ആകെ കണ്ടതും മനസിൽ ഇന്നും ഓർമയുള്ളതും പിൻഗാമി സിനിമയിലെ ഒരു ഷൂട്ടിങ് രംഗമാണെന്നും അഖിൽ പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

നിവിൻ പോളി, അഖിൽ സത്യൻ, അജു വർഗ്ഗീസ്,Photo: Nivin pauly/Facebook

‘സിനിമയുമായി അച്ഛൻ ഞങ്ങളെ അടുപ്പിച്ചിരുന്നില്ല. അമ്മയാണ് ഞങ്ങളെ വളർത്തിയത്. ലൊക്കേഷനുകളിലൊന്നും പോയിരുന്നില്ല . ആകെ ഷൂട്ടിങ് ഓർമ്മ കുട്ടിക്കാലത്ത് പിൻഗാമിയുടെ ഫൈറ്റ് രംഗം കണ്ടത് മാത്രമാണ്. അതിനകത്ത് മോഹൻലാലിൻറെ ഡ്യൂപ്പ് ചില്ല് പൊളിച്ച് വീഴുമ്പോൾ കൽക്കണ്ടം ആണ് എറിയുന്നത്. ആ കൽക്കണ്ടം കഴിച്ചതോർമയുണ്ട്. അത് മാത്രമാണ് ഓർമ. പിന്നെ ഓർമയിൽ സിനിമയില്ല,’ അഖിൽ സത്യൻ പറഞ്ഞു.

സിനിമ മേഖലയിൽ തനിക്ക് ഇന്നസെന്റിനെ മാത്രമേ പരിചയമുണ്ടായിരുന്നുള്ളു. സിനിമാക്കാർ വീട്ടിലേക്ക് വരാറില്ലായിരുന്നു. മോഹൻലാൽ, മമ്മൂട്ടി ആരെയും കണ്ടിട്ടില്ലായിരുന്നെന്നും അഖിൽ പറഞ്ഞു. പതിനഞ്ചു വയസ് വരെ അമ്മയെ മാത്രമായിരുന്നു പരിചയം. അച്ഛൻ ഫോണിൽ മാത്രമായിരുന്നു സംസാരിച്ചിരുന്നത്. എന്നാൽ സ്നേഹത്തിന് ഒരു കുറവും ഉണ്ടായിട്ടില്ലെന്നും അഖിൽ കൂട്ടിച്ചേർത്തു.

ഇപ്പോൾ തീയേറ്ററുകളിൽ ഗംഭീര പ്രതികരണം നേടുന്ന സർവ്വം മായയാണ് അഖിലിന്റേതായി അവസാനമിറങ്ങിയ ചിത്രം. ഫീൽ ഗുഡ് ഹൊറർ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം അജു വർഗ്ഗീസ് , ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

Content Highlight:  Akhil Sathyan shares his memories of the film industry

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more