| Sunday, 21st December 2025, 6:05 pm

അങ്ങനെ പെരുമാറാന്‍ പറ്റുന്ന ഏക സൂപ്പര്‍ താരം നിവിന്‍; ഞങ്ങള്‍ തമ്മില്‍ ഒരുപാട് സാമ്യമുണ്ട്: അഖില്‍ സത്യന്‍

ഐറിന്‍ മരിയ ആന്റണി

സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിന്‍ പോളി നായകനായെത്തുന്ന സര്‍വ്വം മായ. പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമക്ക് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 25ന് തിയേറ്ററുകൡലെത്തും.

ഹൊര്‍ര്‍ കോമഡി ഴോണറിലാണ് സര്‍വ്വം മായ എത്തുന്നത്. ഇപ്പോള്‍ മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളിയെ കുറിച്ചും സര്‍വ്വം മായ സിനിമയെ കുറിച്ചും സംസാരിക്കുകയാണ് അഖില്‍ സത്യന്‍. വളരെ ആസ്വദിച്ച് ചെയ്ത ചിത്രമാണ് സര്‍വ്വം മായ എന്ന് അദ്ദേഹം പറയുന്നു.

‘ഞാനും നിവിനും തമ്മില്‍ ഒരുപാട് സാമ്യങ്ങളുണ്ട്. ഞങ്ങള്‍ രണ്ടുപേരും സിനിമയില്‍ വന്നിട്ട് പതിനഞ്ച് വര്‍ഷം തികഞ്ഞു. നിവിന്‍ ഇന്‍ഫോസിസില്‍ നിന്നും ഞാന്‍ വിപ്രോയില്‍ നിന്നും ഐ.ടി. ജോലി രാജിവെച്ച് കൊണ്ട് സിനിമയിലേക്കിറങ്ങിയവരാണ്.

ഒരാള്‍ ഒരു കാര്യവുമില്ലാതെ ചിരിച്ച് തുടങ്ങിയാല്‍ അതെന്തിനാണെന്ന് പോലും അറിയാതെ കൂടെ ചിരിക്കുന്ന സ്വഭാവം ഞങ്ങള്‍ക്കിടയിലുണ്ട്. ചിത്രീകരണത്തിനിടെ എന്തിനാണ് ഞങ്ങള്‍ ചിരിക്കുന്നതെന്ന് മന സിലാകാതെ ജനാര്‍ദനന്‍ അങ്കിള്‍ പലവട്ടം നോക്കി നിന്നിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് സംവിധായകനും നായകനും കുട്ടിക്കളി അല്പം കൂടുതലാണെന്ന കമന്റ് അദ്ദേഹത്തില്‍നിന്ന് വന്നത്,’ അഖില്‍ പറയുന്നു.

ഒരു സിനിമാ താരത്തിന്റെ ലക്ഷുറിയില്‍ ജീവിക്കുന്നുണ്ടെങ്കിലും നിവിന്‍ ഇപ്പോഴും ഒരു മിഡില്‍ ക്ലാസുകാരനാണെന്നും അന്തിക്കാട് ജനിച്ചുവളര്‍ന്ന തനിക്ക് ഇന്ന് ഒരു ഉള്‍വലിവുമില്ലാതെ പെരുമാറാന്‍ പറ്റുന്ന ഏക സൂപ്പര്‍ താരം നിവിന്‍ മാത്രമാണെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു.

നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രമെന്ന പ്രത്യേകതയും സര്‍വ്വം മായക്ക് ഉണ്ട്. സിനിമയില്‍ ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍ത്താഫ് സലിം, പ്രീതി മുകുന്ദന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

Content Highlight:  Akhil Sathyan says Nivin Pauly is the actor he is most comfortable with

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more